Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപം: മുസ്ലിം കുടുംബത്തിലെ 11 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു

അഹമ്മദാബാദ്- ഗുജറാത്തില്‍ 2002ലെ കലാപത്തില്‍ 11 അംഗ മുസ്ലിം കുടുംബത്തെ കൂട്ടക്കൊല ചെയ്ത നരോദ ഗാം കേസില്‍ 69 പ്രതികളെ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.
ബി.ജെ.പിയുടെ മുന്‍ എം.എല്‍.എ  മായ കൊദ്‌നാനി, ബജ്‌റംഗ് ദള്‍ നേതാവായിരുന്ന ബാബു ബജ് രംഗി, വിശ്വഹിന്ദ് പരിഷത്ത് നേതാവ് ജയദീപ് പട്ടേല്‍ എന്നിവരടക്കമുള്ള പ്രതികളെയാണ് അഹമ്മദാബാദിലെ പ്രത്യേക കോടതി വെറുതെ വിട്ടത്.

2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന ഒമ്പത് പ്രധാന കലാപങ്ങളിലൊന്നാണ് നരോദ ഗാം കേസ്. ദിനംപ്രതി വിചാരണ നടത്തി തീര്‍പ്പുകല്‍പിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നുവെങ്കിലും നരോദ ഗാം കേസ് വിധിയിലെത്താന്‍ വര്‍ഷങ്ങളെടുത്തു.
അഞ്ച് ജഡ്ജിമാരാണ് വര്‍ഷങ്ങളെടുത്ത് കേസില്‍ വിചാരണ നടത്തിയത്,
ഗുജറാത്ത് കലാപ സമയത്ത് ഭരിച്ചിരുന്ന  നരേന്ദ്ര മോഡി സര്‍ക്കാരില്‍  മന്ത്രിയായിരുന്നു കൊദ്‌നാനി. ഗുജറാത്ത് കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായ നരോദ പാട്യ കേസില്‍ 2012ല്‍ കൊദ്‌നാനിയും ബജ്‌റംഗ് ദള്‍ നേതാവ് ബജ്‌റംഗിയും ശിക്ഷിക്കപ്പെട്ടിരുന്നു. കൊദ്‌നാനിയെ 28 വര്‍ഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും 2018ല്‍ ഗുജറാത്ത് ഹൈക്കോടതി  വെറുതെവിട്ടു.
നരോദ ഗാം കേസിലെ 86 പ്രതികളില്‍ 17 പേരെ വിചാരണ വേളയില്‍ ഒഴിവാക്കിയിരുന്നു.  ബാക്കി പ്രതികളെല്ലാം ജാമ്യത്തിലായിരുന്നു. കേസില്‍ 182 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. പ്രത്യേക ജഡ്ജി ശുഭദ കൃഷ്ണകാന്ത് ബാക്‌സി ഏപ്രില്‍ അഞ്ചിനാണ് വിചാരണ നടപടികള്‍ അവസാനിപ്പിച്ചത്.

 

 

Latest News