ബി.ജെ.പി രാഷ്ട്രത്തില്‍ കോടതിയാണ് അവസാന പ്രതീക്ഷ; രാഹുല്‍ വിധിക്കുശേഷം മെഹബൂബ

ശ്രീനഗര്‍- ഒരു പാര്‍ട്ടിയുടെ അധീശത്വം സ്ഥാപിക്കാന്‍ രാജ്യത്തെ നിയമങ്ങളേയും അന്വേഷണ ഏജന്‍സികളേയും ദുരുപയോഗം ചെയ്യുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിതയുടെ ട്വീറ്റ്. പ്രതിപക്ഷത്തിന്റെ ഏറ്റവും പ്രമുഖനായ വ്യക്തിത്വത്തെ വേട്ടയാടുന്നതും എല്ലാത്തരം വിമര്‍ശനങ്ങളും ക്രിമിനല്‍ കുറ്റമാക്കുന്നതും ബിജെപി രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങളാണ് വെളിപ്പെടുത്തുന്നതെന്ന് മെഹ്ബൂബ പറഞ്ഞു.
ഞങ്ങളുടെ അവസാന പ്രതീക്ഷ ജുഡീഷ്യറിയിലാണ്. സുപ്രധാന കേസുകളില്‍ നീതി വൈകുമ്പോഴാണ് മാനനഷ്ടക്കേസുകളില്‍ ഉടനടി വിധ പുറപ്പെടുവിക്കുന്നത്.  ആര്‍ട്ടിക്കിള്‍ 370, ബില്‍ക്കിസ് ബാനു, സിഎഎ എന്നിവ കോടതികള്‍ നീട്ടിക്കൊണ്ടുപോകുമ്പോള്‍ നിസ്സാര കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പിക്കപ്പെടുന്നു- അവര്‍ ട്വീറ്റ് ചെയ്തു.
ബിജെപിയുടെ വിനാശകരമായ ഏകപക്ഷീയമായ തീരുമാനങ്ങളുടെ ആഘാതം ആദ്യം ഏറ്റുവാങ്ങിയത് ജമ്മു കശ്മീരാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതിനെയും പരാമര്‍ശിച്ച് മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.
ഇന്ന്, ആ തീ ഇന്ത്യയിലൂടെ ആളിക്കത്തിച്ച് വിഴുങ്ങുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുമെന്നും ഇത് തടയാനുള്ള ശക്തി അവര്‍ക്കുണ്ടെന്ന് തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നതായി  അവര്‍ പറഞ്ഞു.
സൂറത്ത് കോടതിയുടെ തീരുമാനത്തെ ജുഡീഷ്യറിയുടെയും ജനങ്ങളുടെയും 'വിജയം' എന്ന് ബിജെപി വാഴ്ത്തിയപ്പോള്‍, നിയമത്തിന് കീഴില്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തുടര്‍ന്നും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സെഷന്‍സ് കോടതിയുടെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കിരിത് പന്‍വാല പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News