പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തവും യു.പിയിലെ ഏറ്റുമുട്ടൽ കൊലകളുമൊക്കെയാണ് രാജ്യത്തെ പ്രധാന ചർച്ചാവിഷയമെങ്കിൽ കേരളത്തിലത് ഒരു തീവണ്ടിയാണ്. രാജ്യത്ത് 16 പ്രദേശങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾ ഓടിയിട്ടും കാര്യമായ ഒരു വിവാദവും ഉണ്ടായതായി കണ്ടില്ല. എന്നാൽ കേരളത്തിലേക്ക് ആ ട്രെയിൻ വന്നതോടെ വിവാദങ്ങളായി, ചർച്ചകളായി, അവകാശവാദങ്ങളായി. തങ്ങളുടെ ഔദാര്യമാണ് വന്ദേഭാരത് എന്ന് ഒരു വിഭാഗം കൊട്ടിഘോഷിക്കുമ്പോൾ സംസ്ഥാനത്തേക്ക് ഒരു ആധുനിക തീവണ്ടി വന്നതിനെ സ്വാഗതം ചെയ്യുന്നതിനു പകരം അധിക്ഷേപിക്കുകയാണ് മറ്റൊരു വിഭാഗം. എന്തിനെയും ഏതിനെയും കക്ഷിരാഷ്ട്രീയ സങ്കുചിത കണ്ണുകളിൽ മാത്രം കാണുന്ന നമ്മുടെ സ്ഥിരം പരിപാടി തന്നെ ഇക്കാര്യത്തിലും എന്നർത്ഥം.
റെയിൽവേ ചരിത്രത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന വികസനത്തിന്റെ ഒരു ഘട്ടം മാത്രമാണ് വന്ദേഭാരത്. പഴയ കൽക്കരി വണ്ടികളിൽ നിന്നും എത്രയോ മാറ്റങ്ങൾക്ക് റെയിൽവേ സാക്ഷ്യം വഹിച്ചു. എ.സി ട്രെയിനുകളും രാജധാനിയും ശതാബ്ദിയും ഗരീബി രഥുമൊക്കെ ഉദാഹരണങ്ങൾ. അപ്പോഴൊന്നുമില്ലാത്ത രീതിയിൽ ഈ ട്രെയിനിന്റെ വരവിനെ ആഘോഷിക്കുന്നതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്നു മനസ്സിലാക്കാൻ സാധാരണ ബുദ്ധി മാത്രം മതി.
കക്ഷിരാഷ്ട്രീയത്തിലൊന്നും താൽപര്യമില്ലാത്ത റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകൾ വന്ദേഭാരതിനെ സ്വാഗതം ചെയ്യുകയാണ്. ഒപ്പം പല നിർദേശങ്ങളും അവർ മുന്നോട്ടു വെക്കുന്നു - 'വന്ദേ ഭാരത് കേവലം മറ്റൊരു തീവണ്ടിയല്ല. പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച ഒരു 'ട്രെയിൻ സെറ്റ്' ആണത്. വേഗം, സൗകര്യം, സുരക്ഷ, ഊർജക്ഷമത തുടങ്ങി എല്ലാ മേഖലകളിലും മികച്ചതും നമ്മുടെ നാടിന് യോജിച്ചതുമായ ഒരു വണ്ടി.
കേരളത്തിലെ തീവണ്ടിപ്പാതകൾ ശേഷി വർധിപ്പിച്ചുകൊണ്ട് നവീകരിക്കണമെന്നും ലൂവ് ലൈൻ സ്പീഡ് കൂട്ടണമെന്നും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം നടപ്പാക്കണമെന്നും ഏറ്റവും തിരക്കേറിയ എറണാകുളം - ഷൊർണൂർ മേഖലയിൽ മൂന്നും നാലും പാതകൾ വേണമെന്നും നിരവധി വർഷങ്ങളായി തീവണ്ടി യാത്രക്കാർ ആവശ്യപ്പെട്ടുവരുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ മന്ദഗതിയിലാണ് ഇതുവരെ നടന്നിരുന്നത്. എന്നാൽ വന്ദേ ഭാരതിന്റെ വരവോടെ കാര്യങ്ങൾ മാറുകയാണ്. അതുകൊണ്ടാണ് മേൽപറഞ്ഞ പ്രവൃത്തികൾക്ക് റെയിൽവേ ഇപ്പോൾ വേഗം വർധിപ്പിച്ചിരിക്കുന്നത്. ഇനി അത് റെയിൽവേയുടെ ആവശ്യമായി മാറുകയാണ്.
ഈ പ്രവൃത്തികൾ പൂർത്തിയായിക്കഴിയുമ്പോൾ വന്ദേഭാരതിന് മാത്രമല്ല, ഇവിടെ ഓടുന്ന പാസഞ്ചർ, മെമു, എക്സ്പ്രസ് വണ്ടികൾക്കും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുവാൻ കഴിയും. അത്തരം വണ്ടികൾക്ക് ഇപ്പോൾത്തന്നെ മണിക്കൂറിൽ 110/130 കി മീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്.
ഈ ഒരു നേട്ടം മനസ്സിലാക്കികൊണ്ടാണ് നാളിതുവരെ മറ്റൊരു തീവണ്ടിക്കും നൽകാത്ത പ്രാധാന്യം തീവണ്ടി യാത്രികർ വന്ദേ ഭാരതിന് നൽകുന്നത്. ഇതൊരു പുതുയുഗപ്പിറവിയാണ്. വേഗം വർധിപ്പിക്കുവാൻ വേണ്ടി റെയിൽവേ ഏറ്റെടുക്കുവാൻ പോകുന്ന വിവിധ പദ്ധതികൾക്ക് സർവ പിന്തുണയും നൽകുകയെന്നതാണ് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും പൊതുജനങ്ങളും ഇനി ചെയ്യേണ്ടത്. എങ്കിൽ മാത്രമേ മേൽപറഞ്ഞ നേട്ടങ്ങൾ കേരളത്തിന് വേഗത്തിൽ കൈവരികയുള്ളൂ' - പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്ന ഈ നിലപാടു തന്നെയാണ് ശരിയെന്നതിൽ ഒരു സംശയവുമില്ല.
കേരളത്തിലെ റെയിൽവേ വികസനത്തിന് ഏറ്റവും അനുയോജ്യമായ മാർഗം എത്രയോ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പംക്തിയിൽ തന്നെ അതേക്കുറിച്ച് പലവട്ടം പരാമർശിച്ചിട്ടുണ്ട്. അതു മറ്റൊന്നുമല്ല, നിലവിലെ പാതകൾക്കു സമാന്തരമായി രണ്ടു പാതകൾ കൂടി നിർമിക്കുക എന്നതാണ്. മുംബൈ മാതൃകയാണ് അതിനായി സ്വീകരിക്കാവുന്നത്.
രണ്ടു പാതകളിലൂടെ സാധാരണ ട്രെയിനുകളും മറ്റു രണ്ടു പാതകളിലൂടെ വേഗം കൂടിയ ട്രെയിനുകളും ദീർഘദൂര ട്രെയിനുകളും ഓടട്ടെ. വിവിധ ജില്ല ആസ്ഥാനങ്ങളെ ബന്ധിപ്പിച്ച് നിരവധി പാസഞ്ചർ ട്രെയിനുകളും മറുവശത്ത് വന്ദേഭാരത് പോലുള്ള ട്രെയിനുകളുമാകാം. ഇത്തരമൊരു സംവിധാനത്തിനായി വളരെ കുറച്ചു ഭൂമിയേ ഏറ്റെടുക്കേണ്ടിവരൂ. പല ഭാഗങ്ങളിലും ഇപ്പോൾ തന്നെ ആവശ്യത്തിനു ഭൂമിയുണ്ട്. പാതയോടു ചേർന്ന ഭൂമിയായതിനാൽ വിട്ടുകൊടുക്കാൻ ജനങ്ങൾക്ക് വലിയ എതിർപ്പുണ്ടാവില്ല. റെയിൽവേയുടെ നഷ്പരിഹാരത്തുക വലുതാണ്.
ഭേദപ്പെട്ട നഷ്ടപരിഹാരം അഡ്വാൻസായി നൽകിയപ്പോൾ ദേശീയപാത വികസനത്തോടുള്ള എതിർപ്പിന്റെ മൂർച്ച കുറഞ്ഞത് നാം കണ്ടതാണല്ലോ. മുംബൈ മോഡലിൽ തന്നെ റെയിൽവേ സ്റ്റേഷനോടു ചേർന്ന് ബസ് ഗതാഗതവും ആസൂത്രണം ചെയ്യണം.
നിർഭാഗ്യവശാൽ ഇത്തരത്തിലൊന്നും ചിന്തിക്കാതെ, നിലവിലെ റെയിൽവേ സംവിധാനത്തോട് ഒരു ബന്ധവുമില്ലാത്ത, ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് ഒരു ഗുണവുമില്ലാത്ത, താരതമ്യേന എത്രയോ വലിയ തുക ചെലവാകുകയും പാരിസ്ഥിതികമായി വലിയ നാശം ചെയ്യുന്നതുമായ സിൽവർ ലൈൻ ചർച്ചകൾ പൊടിതട്ടിയെടുക്കാനാണ് പലരും ശ്രമിക്കുന്നത്.
അതിനുള്ള കാരണം കക്ഷിരാഷ്ട്രീയം മാത്രം. അതാണല്ലോ പാർട്ടി സെക്രട്ടറി തന്നെ അപ്പത്തിന്റെ കഥകളുമായി മുന്നിൽ നിൽക്കുന്നത്. വികസന വിഷയത്തിൽ രാഷ്ട്രീയം മാറ്റിവെക്കണമെന്നു പറയുന്നവർ തന്നെയാണ് ഇതെല്ലാം പറയുന്നത് എന്നതാണ് വൈരുധ്യം.
വാൽക്കഷ്ണം - കേരളമടക്കം ദക്ഷിണേന്ത്യ പിടിച്ചെടുക്കുക, അതിനായി അണികളിൽ ആവേശമുയർത്തുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധിയുടെ മാതൃകയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് കൂടി മത്സരിക്കാൻ പോകുന്നു എന്നും അതിന്റെ മുന്നോടിയാണ് സഭ നേതൃത്വങ്ങളുമായുള്ള ചർച്ചകൾ മുതൽ വന്ദേഭാരത് വരെയുള്ള കോലാഹലങ്ങളെന്ന വാർത്തയും കണ്ടു. കാത്തിരുന്നു കാണുകതന്നെ.






