സുനില്‍ നയിച്ചത് ആഡംബര ജീവിതം; നടത്തിയത് നൂതന ഓണ്‍ലൈന്‍ തട്ടിപ്പ്

തൃശൂര്‍- ഖത്തര്‍ മ്യൂസിയം അധികൃതരില്‍നിന്ന് കോടികള്‍ തട്ടിയ മലയാളി യുവാവ് സുനില്‍ മേനോന്‍ നയിച്ചത് ആഡംബര ജീവിതം. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമുപയോഗിച്ച് സുനിലും കുടുംബവും തായ്‌ലന്‍ഡ് ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. 23 ലക്ഷം രൂപ വിലവരുന്ന ആഡംബര വാഹനം വാങ്ങി. ബന്ധുക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി. പന്ത്രണ്ട് ലക്ഷം രൂപയോളം ഇത്തരത്തില്‍ ബന്ധുക്കള്‍ക്ക് നല്‍കി.
ഖത്തര്‍ മ്യൂസിയം അധികാരികളെ രണ്ടു വര്‍ഷത്തോളം ഗവേഷണം നടത്തിയാണ് ഇയാള്‍ കബളിപ്പിച്ചത്. ദോഹയില്‍ ഖത്തര്‍ ഫ്യൂവല്‍സ് എന്ന കമ്പനിയില്‍ അക്കൗണ്ടന്റായും, വിദേശത്തെ വിവിധ സ്ഥാപനങ്ങളിലും ജോലി നോക്കിയിട്ടുള്ള ഇയാള്‍ പിന്നീട് ഓണ്‍ലൈന്‍ ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞു. സിംഗപ്പൂരിലും ഇയാള്‍ ഓണ്‍ലൈന്‍  ബിസിനസ് നടത്തിയിരുന്നു.
പറവൂര്‍ പെരുവാരത്ത് മാധവന്‍ റോഡിനു സമീപമാണ് ഇയാളുടെ വീട്. വിവാഹത്തിനുശേഷമാണ് കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരം ശാന്തിപുരത്ത് താമസമാക്കിയത്. ഇംഗ്ലീഷ് ഉള്‍പ്പെടെ അഞ്ച് ഭാഷകള്‍ വിദഗ്ധമായി ഇയാള്‍ കൈകാര്യം ചെയ്യും. തട്ടിയെടുത്ത പണത്തില്‍ ഒരു കോടി രൂപ വീതം നാലു ബാങ്കുകളില്‍ സ്ഥിരനിക്ഷേപമാക്കി. 60 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. പോലീസിന് പരാതി കിട്ടിയതോടെ അക്കൗണ്ടിലുള്ള നാലരക്കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.
അതിനൂതനമായ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയാണ് ഖത്തര്‍ മ്യൂസിയം അധികൃതരെ കബളിപ്പിച്ചത്. ആദ്യം ഖത്തര്‍ രാജകുടുംബത്തിന്റെ ഇ-മെയില്‍ വിലാസം വളരെ ലളിതമായ ഒരു ആപ്പ് വഴി ചോര്‍ത്തി. ഈ ആപ്പ് ഉപയോഗിച്ച് ആരുടെ പേരില്‍ വേണമെങ്കിലും ഇ മെയില്‍ അയക്കാമത്രെ. മെയില്‍ തുറന്നുനോക്കുന്നയാള്‍ക്ക് തട്ടിപ്പ് മനസിലാകില്ല. ഖത്തര്‍ മ്യൂസിയം അധികൃതര്‍ സുനില്‍ അയച്ച മെയില്‍ തുറന്നപ്പോള്‍ കരുതിയത് ഖത്തര്‍ രാജകുടുംബം അയച്ച മെയില്‍ ആണെന്നാണ്. ഖത്തര്‍ രാജകുടുംബത്തിന്റെ മെയില്‍ ഹാക്ക് ചെയ്യാതെയാണ് സുനില്‍ ഈ തട്ടിപ്പ് നടത്തിയതെന്നതും പോലീസിനെയും സൈബര്‍ വിംഗിനേയും അമ്പരപ്പിച്ചു.
ഖത്തറില്‍ സുനിലിന്റെ സുഹൃത്തുക്കളോ മറ്റാരെങ്കിലുമോ ഈ തട്ടിപ്പില്‍ ഇയാളെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജെറോം നെപ്പോളിയന്‍ എന്ന വ്യാജ ഇമെയില്‍ വിലാസവും ഇയാള്‍ ഉണ്ടാക്കി ഉപയോഗിച്ചിട്ടുണ്ട്. ഖത്തറിലെ ഐ.ടി വിദഗ്ധരാണ് തട്ടിപ്പിന്റെ വഴി കണ്ടെത്തിയതും പണം എത്തിയത് കൊടുങ്ങല്ലൂരിലെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് മനസിലാക്കിയതും.
ഖത്തര്‍ മ്യൂസിയത്തിലെ ധനകാര്യ ഉദ്യോഗസ്ഥന്‍  കഴിഞ്ഞ ഫെബ്രുവരിയിലാണ് പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

 

Latest News