മല്യയുടേത് ചോര പുരണ്ട കൈ  -കിംഗ് ഫിഷര്‍ ജീവനക്കാര്‍ 

9000 കോടി വായ്പ എടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ കിംഗ് ഫിഷര്‍ ജീവനക്കാര്‍. മല്യയുടെ കൈയില്‍ ചോര പുരണ്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് മല്യയെ ഇന്ത്യയില്‍ എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും എഴുതിയ തുറന്ന കത്തില്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറയേറെ ദിനങ്ങളായി തികച്ചും അഗ്‌നിപരീക്ഷയെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥയിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. പിടികിട്ടാപ്പുള്ളിയായ മല്യ, ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളമോ, അവകാശപ്പെട്ട ഗ്രാറ്റുവിറ്റിയോ മറ്റ് നഷ്ടപരിഹാരങ്ങളോ ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ലണ്ടനടക്കമുള്ള മറ്റ് വിദേശ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് ഇതെല്ലാം അയാള്‍ ലഭ്യമാക്കുകയും ചെയ്തു. ഇത് നമ്മുടെ രാജ്യത്തെ പരിതാപകരമായ അവസ്ഥയെയാണ് ചൂണ്ടിക്കാട്ടുന്നത്-കത്തില്‍ വിശദീകരിച്ചു. 
പൊലീസിലും തൊഴില്‍ വകുപ്പിലും പരാതി നല്‍കുക, നിരാഹാരം കിടക്കുക തുടങ്ങിയ ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങള്‍ ചെയ്തു. ഒരു ഫലവും ഉണ്ടായില്ല. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പോലും പിന്‍വലിക്കാന്‍ കഴിയുന്നില്ല. വ്യവസ്ഥിതി ആകെ തകര്‍ന്നിരിക്കുകയാണ്.
മല്യയുടെ കൈയില്‍ ചോര പുരണ്ടിട്ടുണ്ട്. അയാളുടെ ചെയ്തികള്‍ക്ക് ശിക്ഷ ലഭിച്ചേ മതിയാകു. നിലവില്‍ കോടതികള്‍ നീതിക്കായല്ല മറിച്ച് സാധാരണക്കാരനെ വലയ്ക്കുന്നതിനു വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. താങ്കളുടെ സര്‍ക്കാരിന് ഇനിയും ഒരുവര്‍ഷം ബാക്കിയുണ്ട്. അഴിമതിക്കും അഴിമതിക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ കത്തില്‍ അപേക്ഷിക്കുന്നുണ്ട്. 

Latest News