ആള്‍ക്കൂട്ട മര്‍ദ്ദനം; പരിക്കേറ്റ യുവാവ് വെന്റിലേറ്ററില്‍ തന്നെ

തൃശൂര്‍-  ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മര്‍ദ്ദനമേറ്റ സന്തോഷ് എന്ന യുവാവ് ഇപ്പോഴും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
സന്തോഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും എന്നാല്‍ അപകടസാധ്യത തരണം ചെയ്തുവരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് സന്തോഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റാനും നോക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആള്‍ക്കൂട്ട മര്‍ദ്ദനകേസില്‍ നാലുപേര്‍ അറസ്റ്റിലായെങ്കിലും പിന്നീട് ആരേയും പിടികൂടിയിട്ടില്ല. പതിനൊന്നു പേര്‍ കൂടി പോലീസിന്റെ നിരീക്ഷണത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നെങ്കിലും തുടര്‍അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. കൂട്ടുപ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
സംഭവം നടന്ന വീടിന്റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരന്‍ ഇബ്രാഹിം, ബന്ധുവായ അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരാണ്  അറസ്റ്റിലായത്.
സന്തോഷ് അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പോലീസ് പറഞ്ഞിരുന്നു.
ആക്രമണത്തില്‍ സന്തോഷിന് തലയ്ക്കായിരുന്നു ഗുരുതരമായി പരുക്കേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്തോഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു.

 

Latest News