മലപ്പുറം- പെരുന്നാള്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് നിരത്തുകള്‍ അപകടരഹിതമാക്കാന്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങിനും എത്തുന്നതും നിയമലംഘിച്ച് നിരത്തിലിറങ്ങുന്നതും തടയാന്‍ വിനോദ കേന്ദ്രങ്ങള്‍, പ്രധാന ടൗണുകള്‍, ദേശീയ സംസ്ഥാനപാതകള്‍, ഗ്രാമീണ റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയില്‍ ക്യാമറ ഉപയോഗിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. വിനോദ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന ടൗണുകള്‍ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ചും റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്ത് ബോധവത്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയത്.