വന്ദേ ഭാരതിലെ രാഷ്ട്രീയം

2019 ഫെബ്രുവരിയിലാണ് ഇന്ത്യയിൽ വന്ദേ ഭാരത് ട്രെയിൻ പുറത്തിറക്കുന്നത്.  മറ്റു ഗതാഗത സൗകര്യങ്ങളേക്കാൾ വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഈ സെമി ഹൈ-സ്പീഡ് തീവണ്ടി സൗകര്യപ്രദമാണ്. വളരെ പെട്ടെന്നാണ് ഇത് കേരളത്തിലെത്തിയത്. കഴിഞ്ഞ നാല് വർഷമായി പുതിയ ട്രെയിനൊന്നും ലഭിക്കാത്ത സംസ്ഥാനമാണ് കേരളം. വടക്കൻ കേരളത്തിലെ ഒരു എം.പി കൊല്ലത്തിൽ മൂന്ന് പ്രാവശ്യം ദേശീയ പത്രത്തിന്റെ സിറ്റി പേജിൽ ഓരോ പ്രസ്താവനയിറക്കും. കോയമ്പത്തൂർ-ബംഗളൂരു ട്രെയിൻ കേരളത്തിലേക്ക് നീട്ടുമെന്ന് ഉറപ്പു കിട്ടി, കണ്ണൂർ-ബംഗളൂരു ട്രെയിൻ കോഴിക്കോട്ടെത്തിക്കുമെന്ന് നല്ല ഉറപ്പ് ലഭിച്ചുവെന്നൊക്കെ പത്രത്തിൽ വായിക്കാമെന്നല്ലാതെ ഒന്നും നടക്കാറില്ല. അപ്പോഴാണ് കേരള സർക്കാരിനെ പോലും ഞെട്ടിച്ച് വിഷുക്കൈനീട്ടമായി കേന്ദ്ര സർക്കാർ വന്ദേ ഭാരത് അനുവദിച്ചത്. 
പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യപ്രദമായാണ് ഇതിലെ ചില്ലുജനാലകളുടെ ക്രമീകരണം, എക്സിക്യൂട്ടീവ് കോച്ചിലെ സീറ്റുകൾ 180 ഡിഗ്രി വരെ തിരിയാൻ പാകത്തിലുള്ളവയാണ്. ട്രെയിൻ പാളം തെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കം സുരക്ഷയിലും വിട്ടുവീഴ്ചയില്ല. എല്ലാ കോച്ചുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. 16 കോച്ചുകളുള്ളതിൽ രണ്ടെണ്ണം എക്‌സിക്യൂട്ടീവ് കോച്ചുകളാണ്. കേരളത്തിലേക്ക് ഇത് എത്തിയതിനെ ഏവരും കൊണ്ടാടുകയാണ്. 
റെയിൽവേ സ്റ്റേഷനുകളിൽ കാണുന്നത് ബി.ജെ.പിയുടെ കൊടികളാണെങ്കിലും മലയാളി സമൂഹത്തിന്റെ ആഹ്ലാദമാണ് എല്ലായിടത്തും അലയടിച്ചത്. കേരളത്തിന് ബാധ്യതയാകുമായിരുന്ന, നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുമായിരുന്ന കെ. റെയിലെന്ന വിപത്ത് ഒഴിഞ്ഞു മാറിയെന്നതിന്റെ ആശ്വാസം. രണ്ടു ലക്ഷം കോടി മുടക്കി പതിനായിരങ്ങളെ വഴിയാധരമാക്കി കെ. റെയിലെന്ന സ്റ്റാൻഡേഡ് ഗേജിലെ സ്റ്റാൻഡ് എലോൺ പാത പണിയേണ്ട കാര്യം കേരളത്തിനില്ല. 
അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. ശബരിമലയും വരുന്നു. കാസർകോടിനോട് മുട്ടിയുരുമ്മി നിൽക്കുന്ന മംഗലാപരവും പാലക്കാടിനോട് ചേർന്നു നിൽക്കുന്ന കോയമ്പത്തൂരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് ഏഴാവുന്നു.  കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം.
ആരുടെയും കണ്ണീരുപ്പ് കലർന്ന പാതയിലൂടെയല്ല വേഗ രാജാവിന്റെ കേരളത്തിലേക്കുള്ള പ്രയാണം. വിമാനത്തിലേതു പോലെ യാത്രാസുഖവും സൗകര്യങ്ങളുമുള്ള ട്രെയിനെന്ന് പ്രധാനമന്ത്രി പുകഴ്ത്തിയ വന്ദേ ഭാരത് തിരുവനന്തപുരം - കണ്ണൂർ റൂട്ടിലാണ് ഈ മാസം 25 മുതൽ ഓടുക. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തേതും രാജ്യത്തെ പതിനഞ്ചാമത്തേതുമായ വന്ദേ ഭാരതാണ് തിരുവനന്തപുരത്ത് 25 ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഏറ്റവും തിരക്കേറിയ കണ്ണൂർ വരെ വന്ദേ ഭാരത് ഓടിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്.  പിന്നീട് കാസർകോട് വരെ നീട്ടിയിരിക്കുകയാണ്.ഏതാനും ദിവസങ്ങൾക്കപ്പുറമാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് സർവീസ് തുടങ്ങിയത്. തിരുവനന്തപുരം - കണ്ണൂരിന് സമാന ദൂരം. എന്നാൽ സ്റ്റോപ്പുകൾ മൂന്ന് മാത്രം. തിരുപ്പൂർ, ഈറോഡ്, സേലം. ഈ വന്ദേ ഭാരതിനെ കർണാടകയിലെ മംഗളൂരുവിലേക്ക് നീട്ടാവുന്നതാണ്. അതു വഴി കേരളത്തിന് പ്രയോജനമേറെ. പാലക്കാട്, കാസർകോട് ജില്ലകൾക്ക് കൂടി അത്യാധുനിക ട്രെയിനിന്റെ ഗുണം ലഭിക്കും. മൂന്നോ, നാലോ സ്റ്റോപ്പുകൾ കൂടിയേ അധികം വരൂ. മലബാറിലെ തീവണ്ടിപ്പാതയിൽ ഇപ്പോൾ തന്നെ ലഭിക്കുന്ന 110 കി.മീ വേഗത്തിൽ ഇതിന് ചെന്നൈ മുതൽ മംഗളൂരു വരെ യാത്രയുമാവാം. 
കേരളത്തിന് അനുവദിച്ച ട്രെയിനിന്റെ ക്രെഡിറ്റ് അൽപം പോലും സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കാതെ ജാഗ്രത പാലിച്ച ബി.ജെ.പി ഇതു വഴി രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. റെയിൽവേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മൂന്നു ദിവസം മുൻപാണ് വന്ദേ ഭാരത് ട്രെയിനിനെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അടക്കം ബി.ജെ.പിയുടെ ചുരുക്കം ചില നേതാക്കൾ മാത്രമേ ഇതേക്കുറിച്ച് അറിഞ്ഞിരുന്നുള്ളൂ. റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസിലോ, സംസ്ഥാന സർക്കാരിനോ അറിയിപ്പ് ലഭിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്നും മന്ത്രിയുടെ ഓഫീസ് പറഞ്ഞു. മുഖ്യമന്ത്രി രണ്ടാഴ്ച മുമ്പ് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പാർലമെന്റിലെ ചോദ്യത്തിന് നൽകിയ മറുപടിയിലും ഉടൻ വന്ദേ ഭാരത് കിട്ടില്ലെന്ന സൂചനയായിരുന്നു. മുഖ്യമന്ത്രിയെ അടക്കം ഫൂളാക്കിയുള്ള ഈ കളി ശരിയല്ല. ഇന്ത്യയുടെ ഫെഡറലിസത്തിന് വെല്ലുവിളിയാണ് ഇത്തരം അഭ്യാസങ്ങൾ. 
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് 7.10 മണിക്കൂറിലെത്തിയാണ് വന്ദേ ഭാരത്  പരീക്ഷണയോട്ടം പൂർത്തിയാക്കിയത്. കോട്ടയം വഴിയായത് സമയക്കൂടുതലിന് കാരണമായി. ആലപ്പുഴ വഴി ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടുമില്ല. വന്ദേ ഭാരത് ട്രെയിനിന് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ സമയത്ത് എത്താൻ ഷൊർണൂർ - എറണാകുളം റൂട്ടിൽ മൂന്നാം ട്രാക്കിന് റെയിൽവേ നടപടി തുടങ്ങിക്കഴിഞ്ഞു. അധികം ഭൂമി ഏറ്റെടുക്കാതെ നടപ്പാക്കാനാണ് ശ്രമം. സർവേക്ക് നടപടിയായി. ഭൂമി ഏറ്റെടുക്കാതെ ട്രാക്കുകളുടെ വളവുകളും നിവർത്തും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററും ഭാവിയിൽ 130 മാണ് ലക്ഷ്യം
 തിരുവനന്തപുരം - കണ്ണൂർ 501 കി.മീറ്ററാണ് ദൂരം. ആറു മണിക്കൂറിലെങ്കിലും എത്താനായിരുന്നു ശ്രമം. നിലവിൽ രാജധാനി 7.57 മണിക്കൂറിൽ എത്തുന്നുണ്ട്. ഉദ്ഘാടനത്തിന് മുമ്പ് ഒരു ട്രയൽ റൺ കൂടി നടത്തും.
സ്റ്റോപ്പുകൾ കൂട്ടാൻ വലിയ സമ്മർദമാണുള്ളത്. ഒരു സ്റ്റോപ്പിൽ ഒരു മിനിറ്റ് നിറുത്തിയാൽ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടും. കായംകുളം, തിരുവല്ല, ആലുവ, ഷൊർണൂർ, തിരൂർ തുടങ്ങിയ ഇടങ്ങളിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യമുണ്ട്. ഇത് അനുവദിച്ചാൽ തലശ്ശേരിയിലും വടകരയിലും സ്റ്റോപ്പ് അനുവദിക്കേണ്ടി വരും. ഫലത്തിൽ വന്ദേ ഭാരത് ക്രമേണ മറ്റൊരു പരശുറാം എക്‌സ്പ്രസായി മാറും. അതിവേഗം ലക്ഷ്യത്തിലെത്തുകയാണ് പ്രധാനമെങ്കിൽ കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് സ്റ്റോപ്പുകൾ മാത്രം മതി. പരീക്ഷണ ഓട്ടത്തിൽ ഏഴ് മണിക്കൂറിലേറെ എടുത്ത സ്ഥാനത്ത് ആറ് മണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്താനാവും.

Latest News