Sorry, you need to enable JavaScript to visit this website.

പ്രവാസി ചിട്ടിക്ക് മികച്ച പ്രതികരണം 

തിരുവനന്തപുരം- കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിക്ക് വിദേശ മലയാളികളിൽനിന്ന് മികച്ച പ്രതികരണം. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയ ദിവസം തന്നെ പതിനായിരത്തോളം പേരാണ് ചിട്ടിയിൽ താൽപര്യം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്. എണ്ണായിരത്തിലധികം പ്രവാസികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയും നൂറുകണക്കിന് ആളുകൾ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും താൽപര്യം അറിയിക്കുകയും ചെയ്തു. ഓഗസ്റ്റിലാണ് (ചിങ്ങം) പ്രവാസി ചിട്ടി ആരംഭിക്കുന്നത്. ചേരാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനു വേണ്ടിയാണ് ചൊവ്വാഴ്ച മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു വരെ 7922 പേർ  പൂർണ വിവരങ്ങൾ രജിസ്റ്റർ ചെയ്തു. 30 മുതൽ 60 മാസം വരെ കാലാവധിയുള്ള വ്യത്യസ്ത ചിട്ടികളാണ് കെ.എസ്.എഫ്.ഇ പ്രവാസികൾക്കു വേണ്ടി അവതരിപ്പിക്കുന്നത്. മൂവായിരം മുതൽ 25,000 വരെ പ്രതിമാസ തവണ വരുന്ന ചിട്ടികൾ ഇക്കൂട്ടത്തിലുണ്ടാകും. ചിറ്റാളൻമാർക്ക് നിരവധി സമ്മാന പദ്ധതികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും കെ.എസ്.എഫ്.ഇ ആലോചിക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതാണ് മറ്റു ചിട്ടികളെ അപേക്ഷിച്ച് പ്രവാസി ചിട്ടിയുടെ പ്രത്യേകത. എൽ.ഐ.സി, സംസ്ഥാന ഇൻഷുറൻസ് വകുപ്പ് എന്നിവയിലൂടെ ഇരട്ട പരിരക്ഷയാണ് ലഭിക്കുന്നത്. ചിട്ടിയുടെ കാലയളവിൽ ചിറ്റാളൻ മരിച്ചാൽ ബാക്കിയുള്ള തുക എൽ.ഐ.സി കെ.എസ്.എഫ്.ഇക്ക് നൽകും. അവകാശികൾക്ക് ബാധ്യത ഉണ്ടാകില്ല. അപകട ഇൻഷുറൻസും ലഭിക്കും. താൽപര്യമുള്ളവർക്ക് പെൻഷൻ പദ്ധതിയിലും അംഗമാകാം.    
ലോകമെങ്ങുമുള്ള മലയാളികൾക്ക് ചിട്ടിയിൽ ചേരാനാകുംവിധം വിശാലമായ ഡിജിറ്റൽ സംവിധാനം സിഡിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. മൊബൈൽ, ലാപ്‌ടോപ്, കംപ്യൂട്ടർ എന്നിവ വഴി വെബ്‌സൈറ്റിലൂടെ (pravasi.ksfe.com) രജിസ്റ്റർ ചെയ്യാം. സംശയ നിവാരണത്തിന് 24 മണിക്കൂർ പ്രവർത്തിക്കുന്ന കാൾ സെന്റർ തുറന്നിട്ടുണ്ട്. ആദ്യ ഘട്ടം യു.എ.ഇയിലെ മലയാളികൾക്കു വേണ്ടിയാണ് രജിസ്‌ട്രേഷൻ. പിന്നീട് ഗൾഫ് രാജ്യങ്ങളിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തിന്റെ പതിവ് സാമ്പത്തിക സ്രോതസ്സുകൾക്കപ്പുറത്ത് പുതിയ മേഖലകൾ കണ്ടെത്താനുള്ള  കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകും വിധമാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി ആരംഭിക്കുന്നത്. നിക്ഷേപത്തുക കിഫ്ബി ബോണ്ടുകളിൽ നിക്ഷേപമാകും. ലേലത്തിൽ ചിട്ടി പിടിക്കുന്ന ആളിന് യഥാസമയം കിഫ്ബിയിൽ നിന്ന് പണം വിട്ടു നൽകും. ഇതിലെ നീക്കിയിരിപ്പു തുക സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കും.  

 

Latest News