അതിർത്തിരക്ഷാസേനയിലെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് പോലീസിലേക്ക് മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥർക്ക് രാജകീയ സുഖസൗകര്യങ്ങളാണ് ആവശ്യം. കരസേനയിലെപ്പോലെ ഓർഡർലി സംവിധാനം ബി.എസ്.എഫിലുള്ളതിനാൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം സഹായത്തിന് ആളുണ്ട്. എത്രപേരെ വേണമെങ്കിലും ഒപ്പം നിറുത്താം, രാജകീയ സുഖങ്ങൾ അനുഭവിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ സായുധ ബറ്റാലിയനിൽ തന്നെ നിയമനം വേണമെന്ന് ശാഠ്യം പിടിക്കും.
അടിമപ്പണിയെ എന്നോ കേരളത്തിൽനിന്ന് പടി കടത്തിയതാണ്. സാംസ്‌കാരിക കേര ളം, പുരോഗമന കേരളം തുടങ്ങിയ പേരുകളിലെല്ലാം കേരളം അറിയപ്പെടുന്നതിന്റെ പ്രധാന കാരണം മനുഷ്യനെ മനുഷ്യനായി കാണുന്നതിനാലും, ജാതിരഹിത സമൂഹവും സംസ്‌കാരവും കെട്ടിപ്പടുത്തതിനാലുമാണ്. എന്നാൽ അടിമപ്പണി സാംസ്‌കാരിക കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണ് കുറച്ച് ദിവസങ്ങളായി കേൾക്കുന്ന വാർത്തകൾ. അടിമപ്പണി അഥവാ ദാസ്യപ്പണി എന്ന വാക്കിനെ പടിക്ക് പുറത്താക്കി പകരം വർക്കിംഗ് അറേഞ്ച്‌മെന്റ് എന്ന വാക്ക് കൂട്ടിച്ചേർത്ത് എന്നോ നിലച്ച് പോയ അടിമപ്പണിയെക്കാൾ മോശമായ പ്രവൃത്തികളാണ് ഇപ്പോഴും നിലനിർത്തിയിരിക്കുന്നത്. അതും നിയമം കാത്ത് സൂക്ഷിക്കേണ്ട പ്രമുഖ വ്യക്തികൾ തന്നെ അത് ചെയ്യുന്നുവെന്നത് അത്യന്തം അപരാധവും.
സാധാരണക്കാരൻ ഏറെ സ്വപ്‌നം കാണുന്ന സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്ന പോലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാ ണ് വർക്കിംഗ് അറേഞ്ച്‌മെന്റിൽ പട്ടിയെ കുളിപ്പിക്കാനും ടൈൽസ് പതിപ്പിക്കുവാനും, മാർക്കറ്റിൽനിന്ന് മീൻ വാങ്ങി വെട്ടിക്കഴുകി നന്നായി പാചകം ചെയ്ത് ഏമാന്റെ വീട്ടി ലെ പട്ടികൾക്ക് ഉൾപ്പെടെ നൽകാനുമുള്ള ഗതികേട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് കഥയിലെ പ്രധാന വില്ലൻമാർ. ഐ. പി.എസുകാർ സ്വന്തം സാമ്രാജ്യം പോലെ വാഴുന്ന കേരളാ പോലീസിൽ അടിമപ്പണിയും ദാസ്യവേലയും ഇപ്പോൾ പൊടിപൊടിക്കുകയാണ്. വാർത്തകൾ പുറത്ത് വന്നതോടെ കുറച്ച് ദിവസത്തേക്ക് ഇവക്കെല്ലാം ചെറിയ ഒരു മാറ്റം (മാറ്റം എന്നാൽ പൂർണമായും ഉള്ള മാറ്റം അല്ല, വെറും ഒളിയും മറയും മാത്രം) ഉണ്ടാകുമായിരിക്കാം. ഏറാൻ മൂളികളെപ്പോലെ പത്തും ഇരുപതും പോലീസുകാരെയാണ് ഉന്നത ഐ.പി.എസ് ഏമാൻമാർ കൊണ്ടുനടക്കുന്നത്.
ഭാര്യയുടെയും മക്കളുടെയും അടിവസ്ത്രം കഴുകാനും വീട്ടിലെ പട്ടിയെ കുളിപ്പിക്കാനും കാലികളെ വളർത്താനും മുതൽ സ്വന്തം ബിസിനസ് സാമ്രാജ്യങ്ങൾ നോക്കിനടത്താൻ വരെ ഖജനാവിൽനിന്ന് അരലക്ഷം വരെ മാസ ശമ്പളം വാങ്ങുന്ന പോലീസുകാരെ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാൽ സാധാരണക്കാരനായ മലയാളിക്ക് മൂക്കത്ത് വിരൽ വെക്കാനെ സാധിക്കൂ. ഇക്കാര്യത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥർ മാത്രമല്ല ഐ.എ.എസ് ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞ മന്ത്രിമാരും ഒട്ടും പുറകിലല്ലെന്നതാണ് വസ്തുത. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥർ വീട്ടുജോലിക്കെത്തിക്കുന്ന പോലീസുകാരെ ജാതീയമായും അധിക്ഷേപിക്കുന്നു. വെളുത്ത നിറമുള്ളവരെയല്ലാതെ വീട്ടിൽ കയറ്റാത്ത ഐ.പി.എസ് കൊച്ചമ്മമാരുമുണ്ട്. രാജ്യത്ത് ഒന്നാം നമ്പർ എന്നു പേരെടുത്ത കേരളാ പോലീസിലെ പുഴുക്കുത്തുകളുടെ കഥ കേട്ടാൽ മൂക്കത്ത് വിരൽവച്ചു പോകുന്ന അവസ്ഥ.
പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സേവനത്തിന് വീട്ടിലും ഓഫീസിലുമൊക്കെയായി മുപ്പതോളം പേരുള്ളതായാണ് വിവരം. വീട്ടിൽ ആറുപേർ സ്ഥിരമായുണ്ടാവും. ഏതു കണക്കെടുപ്പ് വന്നാലും ഇവർക്ക് ഒന്നും സംഭവിക്കില്ല. ഇവരെ പല യൂണിറ്റുകളിലെയും കണക്കിൽ കാട്ടുന്നതോടെ ബെഹ്‌റക്കൊപ്പം വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങും. വേലി തന്നെ വിളവ് തിന്നുമ്പോൾ ആരെ പഴിക്കും. ഇതേ ബെഹ്‌റ തന്നെ സേനയിലെ ഈ അടിമപ്പണി അവസാനിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. അതിർത്തിരക്ഷാസേനയിലെ (ബി.എസ്.എഫ്) ഡെപ്യൂട്ടേഷൻ കഴിഞ്ഞ് പൊലീസിലേ ക്ക് മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥർക്ക് രാജകീയ സുഖസൗകര്യങ്ങളാണ് ആവശ്യം. കരസേനയിലെപ്പോലെ ഓർഡർലി സംവിധാനം ബി.എസ്.എഫിലുള്ളതിനാൽ തൊട്ടതി നും പിടിച്ചതിനുമെല്ലാം സഹായത്തിന് ആളുണ്ട്. എത്രപേരെ വേണമെങ്കിലും ഒപ്പം നിറുത്താം, രാജകീയ സുഖങ്ങൾ അനുഭവിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ സായുധ ബറ്റാലിയനിൽ തന്നെ നിയമനം വേണമെന്ന് ശാഠ്യം പിടിക്കും.
അടിമപ്പണിയിലൂടെ ഇപ്പോൾ വിവാദനായകനായ എ.ഡി.ജി.പി സുധേഷ്‌കുമാർ ബി.എസ്.എഫിന്റെ മേഘാലയ ഫ്രോണ്ടിയർ ഐ.ജിയായി നാലുവർഷത്തെ സേവനത്തിനു ശേഷം അടുത്തിടെയാണ് മടങ്ങിവന്നത്. ബി.എസ്.എഫ് മേധാവിയായി വിരമിച്ചശേഷം മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകനായ രമൺശ്രീവാസ്തവക്ക് ഏറെക്കാലം ബി.എസ്.എഫ് സുരക്ഷയും വാഹനവും അനുവദിച്ചിരുന്നു. പിന്നീട് അത് പിൻവലിച്ചു. ഇപ്പോൾ ചീഫ് സെക്രട്ടറി പദവിയുള്ള ശ്രീവാസ്തവക്കും സേവകർ നിരവധി. മദ്യം ഒഴിച്ചുനൽകാനും കാക്കി പാന്റ്‌സ് ഇട്ടവർ ചില ഉന്നത ഉദ്യോഗസ്ഥർക്ക് നിർബന്ധമാണ്. അതും ഒഴിച്ച് നൽകിയാൽ പോര വീട്ടുവേലക്കുള്ള പോലീസുകാരൻ ബിവറേജസ് ഔട്ട്‌ലെറ്റിൽ വരിനിന്ന് മദ്യംവാങ്ങി തണുപ്പിച്ച്, കൊറിക്കാനുള്ള വിഭവങ്ങളും തയാറാക്കി സല്യൂട്ടടിച്ച് നിൽക്കണം. ഓരോ പെഗ് ഒഴിച്ചിട്ടും ഏമാന് സല്യൂട്ട് നൽകണമെന്ന് ചട്ടമുണ്ടത്രേ. ഉന്നത ഉദ്യോഗസ്ഥരുടെ ബിസിനസ് നോക്കി നടത്തുന്ന പോലീസുകാരുമുണ്ട്. രേഖകളിൽ ട്രാഫിക്കിലോ മറ്റോ ജോലി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥരിൽ പലരും കുറച്ച് നാളുകൾ കഴിഞ്ഞ ശേഷം രാജിവെച്ച് കോടീശ്വരൻമാരായ കഥകളുമുണ്ട്. സ്വന്തമായുള്ള സ്ഥാപനങ്ങളുടെ വാടക പിരിക്കുക, കുട്ടികൾക്ക് ട്യൂഷൻ എടുക്കുക, പലിശ തുക പിരിച്ചെടുക്കുക തുടങ്ങി വലിയ ഏമാൻമാരുടെ കൂടെ സ്ഥിരമായി വിലസുന്ന പോലീസുകാർക്കും ശമ്പളം നൽകുന്നത് സർക്കാരാണ്.
സേനയുടെ അന്തസ്സിന് നിരക്കാത്തതും തരംതാഴ്ന്നതുമായ രീതിയിൽ മറ്റൊരാളുടെ വ്യക്തിപരമായ ആവശ്യാനുസരണം ദാസ്യവൃത്തി നടത്താൻ പോലീസുദ്യോഗസ്ഥരോട് ആവശ്യപ്പെടാനോ നിർബന്ധിക്കാനോ പാടില്ലെന്നാണ് നിയമം. പോലീസ് ആക്ട് പ്രകാരം കുറ്റം തെളിഞ്ഞാൽ ആറു മാസം വരെ തടവോ 2000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷിക്കാം.
ബറ്റാലിയനുകളിലും ക്യാമ്പുകളിലും പാചകം, ശുചീകരണം, അലക്ക് തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്ന ജീവനക്കാരാണ് ക്യാമ്പ് ഫോളോവർമാർ. ഇവരെ പോലീസുദ്യോഗസ്ഥർ വ്യക്തിപരമായ ആവശ്യങ്ങൾക്ക് നിയോഗിക്കരുതെന്ന് 2002 ൽ ഡി.ജി.പിയായിരുന്ന കെ.ജെ. ജോസഫ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീട് ടി. പി. സെൻകുമാറും പലവട്ടം സർക്കുലർ പുറപ്പെടുവിച്ചു. ക്യാമ്പ് ഫോളോവർമാരെ വ്യക്തിഗത ആവശ്യങ്ങൾക്കായി നിയോഗിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ ഇവരെ ജോലിക്ക് വച്ച ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്നും അക്കാലയളവിൽ സർ ക്കാരിനു ചെലവായ തുക പോലീസുദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും സെൻകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്ന് ഈ ഉത്തരവ് പുറത്തിറങ്ങിയയുടൻ തന്നെ അലമാരയിലായി. ഉദ്യോഗസ്ഥർ മാത്രമല്ല ഇത്തരം രീതികൾക്ക് കുട പിടിക്കുന്നതിന്റെ കാരണം.
യൂണിഫോം ഇട്ട് ജോലി ചെയ്യാൻ താൽപര്യമില്ലാത്ത കുറച്ചധികം പോലീസ് ഉദ്യോഗസ്ഥർ എങ്ങനെയും ഇത്തരം ജോലികൾ സംഘടിപ്പിച്ച് യൂണിഫോം ഇടാതെ കറങ്ങി നടക്കുകയാണ്. ഇതും പ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. ഏതായാലും അടിമപ്പണി അവസാനിപ്പിക്കേണ്ടതുണ്ടെന്നതിൽ തർക്കമില്ല. ഇതിനായുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നുവെന്നത് ആശാവഹവുമാണ്.