ദൽഹി ലെഫ്റ്റനൻറ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നടത്തിയ സമരം ഒടുവിൽ അവസാനിച്ചു. നിരാഹാരത്തെ തുടർന്ന് ആരോഗ്യ നില വഷളായ ദൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രശ്‌നത്തിലിടപെട്ട് പരിഹാരം കാണാൻ ഒമ്പതു ദിവസം വരെ പ്രധാനമന്ത്രി തയാറായില്ല. രാജ്യത്ത് ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെയാണ് പ്രധാനമന്ത്രി ക്രൂരമായി അവഗണിച്ചത്. ഇതര സംസ്ഥാനങ്ങളിലെ നാലു മുഖ്യമന്ത്രിമാർ കെജ്‌രിവാളിനെ അനുകൂലിച്ച് രംഗത്ത് വന്നത് ഈ സാഹചര്യത്തിലായിരുന്നു.
നീതി ആയോഗ് സമ്മേളനത്തിൽ പങ്കെടുക്കാൻ ദൽഹിയിലെത്തിയ പശ്ചിമ ബംഗാൾ, കേരള, കർണാടക, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരാണ് ലെഫ്. ഗവർണറുടെ വസതിയിൽ അരവിന്ദ് കെജ്‌രിവാൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്തിനു പ്രധാനമന്ത്രി? ലെഫ്. ഗവർണർ പോലും കെജ്‌രിവാളിനോ മറ്റു മുഖ്യമന്ത്രിമാർക്കോ സന്ദർശനാനുമതി നൽകിയില്ല. ഇതൊരു ചെറിയ വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാകേണ്ട ഫെഡറലിസത്തെയാണ് കേന്ദ്രം വെല്ലുവിളിക്കുന്നത്. അതിനെ പക്ഷേ ആ ഗൗരവത്തോടെ കാണാൻ കാര്യമായിട്ടാരും തയാറായിട്ടില്ല.
ദൽഹിയിൽ ഇതെല്ലാം നടക്കുമ്പോൾ തന്നെ കാര്യമായി ആരും ശ്രദ്ധിക്കാത്ത മറ്റൊരു സംഭവം അരങ്ങേറിയിരുന്നു. കേരളത്തിന്റെ റേഷൻ ആവശ്യങ്ങൾ ഉന്നയിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിനു പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ചു. തുടർച്ചയായി ഇതു മൂന്നാം തവണയാണ് ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളുന്നയിക്കാനാണ് സർവകക്ഷി സംഘം സന്ദർശനത്തിനു അനുമതി ചോദിക്കുന്നത്. എന്നാൽ ഇതു ജനാധിപത്യ സംവിധാനമല്ല, ഏകാധിപത്യ ഭരണമാണെന്ന ധാരണയിലാണെന്നു തോന്നുന്നു, ചക്രവർത്തിമാർ നാട്ടുരാജാക്കന്മാരെ അവഗണിക്കുന്നപോലെ മോഡി പിണറായിയെ അവഗണിക്കുന്നത്. ഇവിടേയും വെല്ലുവിളിക്കപ്പെടുന്നത് ഫെഡറലിസമാണ്.
ദൽഹിയിൽ നടപ്പാക്കുന്ന ജനോപകാര നടപടികളെ തകർക്കാനായി നിസ്സഹകരണവുമായി ഐ.എ.എസ് ഓഫീസർമാർ ശ്രമിക്കുന്നതിനെതിരെ ആരംഭിച്ച സമരം ദൽഹിക്കു പൂർണ സംസ്ഥാന പദവി നൽകുക എന്ന ആവശ്യത്തിലേക്കും നീണ്ടു. തികച്ചും ന്യായമായ ആവശ്യമാണിത്. രാജ്യതലസ്ഥാനമാണെന്ന പേരിൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനു ഭംഗിയായി ഭരിക്കാനുള്ള അവകാശമാണ് കേന്ദ്രം തന്നെ നിഷേധിക്കുന്നത്.
പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും ശക്തമായ സുരക്ഷ ആവശ്യമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സുരക്ഷാ സംവിധാനങ്ങൾ കേന്ദ്ര സർക്കാർ നേരിട്ടു നടത്തുക എന്നതിലുപരി ദൽഹിയിലെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിനു എന്തവകാശമാണുള്ളത്? 2014 ലെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ബി.ജെ.പി തന്നെ ദൽഹിക്കു പൂർണ സംസ്ഥാന പദവി വാഗ്ദാനം ചെയ്തിരുന്നു എന്നതു പോലും അവർ മറന്നു.
ഫെഡറലിസത്തെ തകർക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഈ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നു വരേണ്ടിയിരിക്കുന്നു. ഫെഡറൽ ഭരണഘടനയാണ് ഇവിടെ നിലനിൽക്കുന്നതെന്നു പറയുമ്പോഴും അതല്ല വാസ്തവമെന്നതു വ്യക്തമാണ്. ദൽഹിയെ പോലെ തന്നെ സംസ്ഥാനങ്ങൾക്കർഹതപ്പെട്ട പല പ്രധാന അധികാരങ്ങളും കേന്ദ്രത്തിന്റെ കൈവശമാണ്. അതാകട്ടെ കൂടിക്കൊണ്ടിരിക്കുകയുമാണ്. എന്നിട്ടാണ് സംസ്ഥാന മുഖ്യമന്ത്രിമാരെ പോലും പിച്ചക്കാരാക്കി മാറ്റുന്നത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കശ്മീരിനു നൽകിയ പ്രത്യേക പദവി പോലും എടുത്തുകളയാനും നീക്കങ്ങൾ ശക്തമാകുന്നു. നാനാത്വത്തിൽ ഏകത്വമെന്ന മധുര വാക്കുകൾ കൊണ്ടൊന്നും മറക്കാവുന്ന രാഷ്ട്രീയമല്ല ഇത്.
ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള നിലപാടായിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും പിന്തുടർന്നത്. പിന്നീട് ഇരുകൂട്ടരും ആ നിലപാടൊക്കെ കൈവിട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഫെഡറലിസത്തെ ഉയർത്തിപ്പിടിക്കുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ സംഭവിച്ചത് തിരിച്ചും. അതിനെതിരായ പോരാട്ടങ്ങളാണ് പഞ്ചാബിലും അസമിലും മറ്റും നടന്നത്. ഈ പോരാട്ടങ്ങളെ വിഘടനവാദമായി ആക്ഷേപിച്ച് തകർക്കാൻ മിക്കവാറും പ്രസ്ഥാനങ്ങൾ കൂട്ടുനിന്നു. രാജ്യത്തിന്റെ ഐക്യത്തിന്റേയും അഖണ്ഡതയുടേയും പേരിൽ എല്ലാം ന്യായീകരിക്കപ്പെട്ടു.
വളരെ നിർണായകമായ ലോക്‌സഭാ തെരഞ്ഞടുപ്പിനു രാജ്യം തയാറാകുമ്പോഴാണ് ഈ രാഷ്ട്രീയ സംഭവങ്ങൾ അരങ്ങേറുന്നത് എന്നതു പ്രസക്തമാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുമെന്ന പോലെ ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. കഴിയുമെങ്കിൽ അത്തരമൊരു ഐക്യവേദി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ ഐക്യമുന്നണിയായി മാറണം. നിർഭാഗ്യവശാൽ അത്തരമൊരു മുന്നണിയിൽ പ്രധാന പങ്കുവഹിക്കേണ്ട കോൺഗ്രസ് ഈ പോരാട്ടത്തിന്റെ എതിർവശത്തായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദേശീയ തലത്തിൽ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നു എന്നവകാശപ്പെടുമ്പോഴാണ് കോൺഗ്രസിന്റെ രാഷ്ട്രീയ നെറികേട്. തങ്ങൾക്ക് ദൽഹിയിൽ പലതും നഷ്ടപ്പെടാനുണ്ടെന്നും മറ്റുള്ളവർക്ക് അതില്ലെന്നുമുള്ള ഉത്തരവാദിത്തമില്ലാത്ത വിശദീകരണമാണ് കോൺഗ്രസ് നേതാക്കൾ നൽകിയത്.
ജനാധിപത്യത്തിന്റെ നിലനിൽപിനായി ഫാസിസ്റ്റ് വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിനു പകരം സങ്കുചിത രാഷ്ട്രീയ താൽപര്യമാണ് കോൺഗ്രസിനു പ്രധാനമെങ്കിൽ മതേതരത്വത്തിനും ഫെഡറലിസത്തിനും ജനാധിപത്യത്തിനുമൊപ്പം കുഴിച്ചുമൂടപ്പെടുന്നത് കോൺഗ്രസുമായിരിക്കും എന്നതിൽ സംശയം വേണ്ട.