Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് നാളെ വീണ്ടും പരീക്ഷണ ഓട്ടം നടത്തും

തിരുവനന്തപുരം- വന്ദേ ഭാരത് നാളെ(ചൊവ്വ) വീണ്ടും പരീക്ഷണ ഓട്ടം നടത്തും. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുക. പുലർച്ചെ 5.10 ന് തമ്പാനൂരിൽ നിന്ന് പുറപ്പെടും. അതേസമയം, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് ട്രെയിനിൻറെ നിരക്ക് പ്രഖ്യാപിച്ചു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്‌സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.

ട്രെയിനിൽ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള രണ്ടു എക്‌സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതമുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.

വന്ദേഭാരതത്തിന്റെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭാഗമാകും. തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രിൽ 25ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.

എട്ടു സ്‌റ്റോപ്പുകളാണ് നിലവിൽ വന്ദേഭാരതിനുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. വന്ദേഭാരതിൻറെ ട്രയൽ റൺ ഇന്ന് വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണയോട്ടം നടത്തിയത്. തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലത്തെത്തിയ ട്രെയിൻ കോട്ടയമെത്താൻ എടുത്തത് രണ്ട് മണിക്കൂർ 16 മിനിട്ട്. എറണാകുളം നോർത്ത് സ്‌റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് തൃശൂരിലെത്തി. അടുത്ത സ്‌റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് 1 മണിക്കൂർ 5 മിനിട്ട്. തിരൂരിൽനിന്ന് അരമണിക്കൂർ കൊണ്ട് കോഴിക്കോടെത്തി. തിരുവനന്തപുരത്ത്‌നിന്ന് കോഴിക്കോടെത്താനെടുത്തത് മൊത്തം 6 മണിക്കൂർ 6 മിനിട്ട്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താൻ 7 മണിക്കൂർ 10 മിനിട്ടാണ് എടുത്തത്.
 

Latest News