പുൽവാമ: അനാവൃതമാക്കപ്പെട്ട രാഷ്ട്രീയ ഭീകരത

ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അവസാനത്തെ ഗവർണർ ആയിരുന്ന സത്യപാൽ മാലിക് 'ദി വയർ' എന്ന വെബ് പോർട്ടലിനോട് നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണം എന്നോ സംഭവിച്ചുകഴിഞ്ഞുവെന്ന് നമുക്കുറപ്പിക്കാം. ദേശീയ മാധ്യമങ്ങളിലോ ചാനലുകളിലോ സത്യപാലിന്റെ ആരോപണങ്ങൾക്ക് പ്രാധാന്യം ലഭിച്ചിട്ടില്ല. ഇന്ത്യയുടെ പ്രതിപക്ഷ പാർട്ടികളും മൗനത്തിലാണ്. ജനാധിപത്യത്തെ ഭയം മൂടിക്കെട്ടിയതിന്റെ ലക്ഷണങ്ങളാണ് എങ്ങുമുള്ളത്. 2014 ന് ശേഷം അനുനിമിഷം തകർന്നുകൊണ്ടിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യവും സത്യം പറയുന്നതിനുള്ള അപ്രഖ്യാപിത വിലക്കും പ്രബലമായിക്കൊണ്ടിരിക്കുകയാണ്.
 പുൽവാമ ഭീകരാക്രമണം നടക്കുന്ന സമയത്ത് കശ്മീരിന്റെ ഗവർണറായിരുന്ന സത്യപാൽ പറയുന്നത്, ഭീകരാക്രമണം സ്വയംകൃതാനർത്ഥമാണെന്നാണ്. 2547 ജവാന്മാരെ ശ്രീനഗറിലേക്ക് ഒരുമിച്ച് കൊണ്ടുപോകേണ്ട അടിയന്തര സാഹചര്യമില്ലാതിരിക്കെ എന്തിന് ഇത്രവലിയ കോൺവോയ് ഏർപ്പെടുത്തി? ജമ്മു കശ്മീർ ഡി.ജി.പിയുടെ സുരക്ഷാ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പതിനൊന്ന്്് ഇന്റലിജന്റ് ഇൻപുട്ടുകളുമുണ്ടായിരുന്നു. എന്നിട്ടും പത്തിലധികം അപ്രോച്ച് റോഡുകളിൽ സുരക്ഷ ഒരുക്കിയിരുന്നില്ല. റൂട്ട് സാനിറ്റൈസേഷൻ ചെയ്തിരുന്നില്ല. ജാമറുകളില്ലായിരുന്നു. കോൺവോയ്ക്ക് പകരം അഞ്ച് വിമാനങ്ങൾ സി.ആർ.പി.എഫ് കേന്ദ്ര ആഭ്യന്തവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അവരത് നിഷേധിച്ചു.
 2019 ഫെബ്രുവരി 14 നാണ് 40 ജവാന്മാർക്ക് ദാരുണാന്ത്യമുണ്ടായത്. ഇന്ത്യ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിന്റെ തൊട്ടുമുമ്പ്. ഈ സംഭവത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി കന്നി വോട്ടർമാരോട് ആവശ്യപ്പെട്ടത് പുൽവാമയിലെ രക്തസാക്ഷികൾക്ക് വോട്ട് ചെയ്യാനാണ്.  മറ്റു ബിജെപി നേതാക്കളും പുൽവാമയുടെ പശ്ചാത്തലത്തിൽ ദേശീയ വികാരം ആളിക്കത്തിച്ചു. അതോടെ റാഫേൽ അഴിമതിയും ചൗക്കിദാർ ചോർഹെ മുദ്രാവാക്യവും മുങ്ങിപ്പോയി. മാത്രമല്ല, പ്രതിപക്ഷത്തെ ദേശസ്‌നേഹമില്ലാത്തവർ എന്ന മുദ്രയടിക്കാനും ജവാന്മാരുടെ നരഹത്യ നരേന്ദ്ര മോഡി ഉപയോഗിച്ചു. അർണബ് ഗോസ്വാമിയുടെ ട്വീറ്റിൽ സൂചിപ്പിച്ചപോലെ, പാക്കിസ്ഥാനെ ചൂണ്ടിക്കൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ആത്മവിശ്വാസത്തോടെ ബിജെപി ഇറങ്ങുന്നതാണ് പിന്നീട് കണ്ടത്.
 മാലികിന്റെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ടതല്ല. ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിങിന്റെ ( റോ) മേധാവിയായിരുന്ന വിക്രം സൂദ് പറയുന്നത്, പട്ടാളത്തോട് ഏറ്റവും അടുത്തുനിൽക്കുന്നവരിൽനിന്ന് സഹായം ലഭിക്കാതെ ഈ ഭീകരാക്രമണം സാധ്യമല്ലെന്നാണ്. മറ്റൊരു മുൻ റോ മേധാവി എ.എസ് ദൗലത്ത് പറഞ്ഞത്, പുൽവാമ ഭീകരാക്രമണം പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് മോഡിക്ക് നൽകിയ തെരഞ്ഞെടുപ്പ് സമ്മാനമായിരുന്നു എന്നാണ്.
 തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സ്‌ഫോടനങ്ങളും കലാപങ്ങളും ഇന്ത്യയിൽ പതിവാണ്. അവയുടെ ഒക്കെ പിന്നാമ്പുറമന്വേഷിച്ചുപോയാൽ ഒരു കാര്യം വ്യക്തമാണ്, മിക്കവാറും സംഭവങ്ങളും സർക്കാർ സംവിധാനങ്ങൾ തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. അജണ്ട പൂർത്തിയായാൽ അതേക്കുറിച്ച് പിന്നീട് വിവരങ്ങളുണ്ടാകാത്തതും അതുകൊണ്ടുതന്നെയാണ്. 2002 -ലെ ഗുജറാത്ത് കലാപം അത്തരത്തിൽ ആസൂത്രണം ചെയ്തതായിരുന്നു. 2000-2001 വർഷങ്ങളിൽ നടന്ന പ്രകൃതിക്ഷോഭങ്ങളും വരൾച്ചയും ഭുജ് ഭൂകമ്പവും കേശുഭായ് പട്ടേലിന്റെ സ്ഥാനമിളക്കി. ദൽഹിയിൽനിന്നും ഇറക്കുമതി ചെയ്യപ്പെട്ട നരേന്ദ്ര മോഡി പുതിയ മുഖ്യമന്ത്രിയായി.
 മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നടന്നതിൽ ബി.ജെ.പിക്ക് രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. മോഡി കഷ്ടിച്ച് രക്ഷപ്പെട്ടു. 2002 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്നതിന്റെ ചിത്രം വ്യക്തം. അങ്ങനെയാണ് ഗോധ്ര സംഭവം വഴി 2000 പേരെ കൂട്ടക്കുരുതി നടത്തിയ ഗുജറാത്ത് കലാപം അരങ്ങേറിയത്. അതിനെക്കുറിച്ചുള്ള ബി.ബി.സി ഡോക്യൂമെന്ററിയാണ് ഈയിടെ വിവാദമുണ്ടാക്കിയതും നിരോധനമേർപ്പെടുത്തിയതും. അക്കാലത്ത് ബലാത്സംഗത്തിനിരയായ ബിൽകീസ് ബാനുവാണ് നീതിക്കായി അലഞ്ഞുകൊണ്ടിരിക്കുന്നത്. ആ സംഭവങ്ങളെത്തുടർന്നാണ് സഞ്ജീവ് ഭട്ട് തുറുങ്കിലടക്കപ്പെട്ടത്.
 2006 സെപ്റ്റംബർ എട്ടിനാണ് മഹാരാഷ്ട്രയിലെ മാലേഗാവ് ഖബറിസ്ഥാനിൽ മൂന്ന് ബോംബുകൾ പൊട്ടിത്തെറിച്ച് നാൽപത് പേർ കൊല്ലപ്പെട്ടതും 150ഓളം പേർക്ക് പരിക്കേറ്റതും. സെപ്റ്റംബർ 20ന് ഗുജറാത്തിലെ മൊദാസയിലും സ്‌ഫോടനമുണ്ടായി. അതൊരു പരമ്പരയായി തുടർന്നു. 2007 ഫെബ്രുവരി 18ന് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ഏക തീവണ്ടി സർവീസായ സംജോത എക്‌സ്പ്രസ്സിലെ സ്ഫോടനത്തിൽ 70 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൃത്യം മൂന്ന് മാസം കഴിഞ്ഞ്  മെയ് 18ന് ഹൈദ്രബാദ് മക്ക മസ്ജിദിൽ ബോംബ് ബ്ലാസ്റ്റ് നടക്കുകയും 16 പേർ കൊല്ലപ്പെടുകയും 100ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം ഒക്ടോബർ 11ന് രാജസ്ഥാനിലെ ഖാജാ മുഈനുദ്ധീൻ ചിശ്ത്തിയുടെ അജ്മീർ ദർഗയിൽ ബോംബ് പൊട്ടി.    
 സിമി, ഹർകത്തുൽ ജിഹാദ്, ഹിസ്ബുൽ മുജാഹിദീൻ, ലക്ഷറേ ത്വയ്ബ തുടങ്ങിയ സംഘടനകളാണ് മുകളിൽ പറയപ്പെട്ട ബോംബ് സ്ഫോടനങ്ങൾക്ക് പിന്നിലെന്നാണ് എല്ലാ സംഭവങ്ങളിലും അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം. അങ്ങനെ നൂറ് കണക്കിന് മുസ്‌ലിം ചെറുപ്പക്കാർ ഇരുമ്പഴിക്കുള്ളിലായി. സംശയിക്കപ്പെട്ട പല മുസ്‌ലിം ചെറുപ്പക്കാരും അജ്ഞാതമായി കൊല്ലപ്പെട്ടു. പലർക്കുമെതിരെ കോടതികൾ ശിക്ഷ വിധിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും തീവ്രവാദ വിരുദ്ധ സേനയുമൊക്കെ അന്വേഷിച്ചിട്ട് കണ്ടെത്തിയതാണ് ഇതൊക്കെ. അങ്ങനെയിരിക്കെയാണ് മക്കാ മസ്ജിദ് കേസ് 2010ൽ സി.ബി.ഐ ഏറ്റെടുക്കുന്നതും സ്വാമി അസീമാനന്ദ എന്ന സന്ന്യാസി അറസ്റ്റ് ചെയ്യപ്പെടുന്നതും. നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാർ നിരന്തരം വേട്ടയാടപ്പെടുന്ന സാഹചര്യം അദ്ദേഹത്തിൽ മനസ്താപമുണ്ടാക്കുകയും അതിനെത്തുടർന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു. എല്ലാ ബ്ലാസ്റ്റുകൾക്ക് പിന്നിലും ആർ.എസ്.എസ് ആണെന്ന് തെളിവ് സഹിതം അസീമാനന്ദ പറഞ്ഞു. അദ്ദേഹം പല കേസുകളിലും നേരിട്ട് ഉൾപ്പെട്ടിട്ടുമുണ്ട്. 
 സാധ്വി പ്രഗ്യാ സിങ് താക്കൂർ എന്ന സന്ന്യാസിനിയാണ് മലേഗാവ് സ്ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. അവരിന്ന് ഭോപാലിൽനിന്നുള്ള ലോക്സഭാംഗമാണ്. 
മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്‌വിജയ് സിംഗിനെ 3,65,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എം.പി ആകുന്നത്. അസീമാനന്ദക്കും പ്രഗ്യാ സിങ്ങിനുമൊന്നും ശിക്ഷകൾ ലഭിച്ചിട്ടില്ല. കേസിൽ നിന്ന് ഊരിപ്പോരാനുള്ള ഇളവുകളും നല്കപ്പെട്ടിട്ടുണ്ട്. ജനമനസ്സിൽ മാത്രമല്ല, പൊലീസിലും ജയിലുകളിലും പട്ടാളത്തിലും ജുഡീഷ്യറിയിലുമൊക്കെ ഇവർക്ക് ലഭിക്കുന്നത് വൻസ്വീകാര്യതയാണ്. ഇവർ ചെയ്യുന്നത് നല്ല കാര്യമാണെന്ന പൊതുബോധമാണ് എങ്ങും. അതുകൊണ്ട് തന്നെ സ്‌ഫോടനങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും നിത്യസംഭവമായി ഹിന്ദി ബെൽറ്റിൽ മാറിക്കഴിഞ്ഞു.
 പട്ടാളത്തെയും സ്വന്തം അണികളെയും കുരുതികൊടുത്തിട്ടായാലും ലക്ഷ്യം നേടുകയെന്നത് തന്നെയാണ് ഫാസിസ്റ്റ് രീതി. മലപ്പുറത്തെ താനൂരിൽ 1993 സെപ്റ്റംബർ 06ന് ബോംബ് നിർമ്മാണത്തിനിടെ തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ശ്രീകാന്ത് എന്ന ആർ.എസ്.എസ് പ്രചാരകൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. അദ്ദേഹം ബോംബ് നിർമ്മാണത്തിൽ വിദഗ്ധനാണ്. അന്ന് ശ്രീകാന്ത് കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ തൊട്ടടുത്തയാഴ്ച നടക്കാനിരുന്ന ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രയിൽ ആ ബോംബുകൾ പൊട്ടുമായിരുന്നു. എന്നിട്ട് കുറ്റം താനൂരിലെ മുസ്‌ലിംകളിൽ ചാർത്തുമായിരുന്നു. അങ്ങനെ മലപ്പുറം ജില്ലയിൽ വൻ വർഗീയ കലാപം സൃഷ്ടിക്കാമായിരുന്നു. അതിനായിട്ടാണ്  അവ നിർമ്മിച്ചതെന്ന് പരിക്കേറ്റവർ മൊഴിനൽകുകയും ചെയ്തു. എന്നിട്ടും കാര്യമായ ശിക്ഷയൊന്നും അവർക്ക് ലഭിച്ചതുമില്ല. അന്നത്തെ ജില്ലാ പോലിസ് സൂപ്രണ്ട് ഉമ്മൻ കോശി പ്രതികരിച്ചത് മലപ്പുറത്തെ ദൈവം കാത്തു എന്നാണ്. 
പക്ഷെ ഈ കാവൽ ഉത്തരേന്ത്യയിൽ സംഭവിക്കുന്നില്ലല്ലോ?

Latest News