തീവെപ്പ് കേസിന്റെ പുകമറ മാറുമോ?

കോഴിക്കോടിനടുത്ത എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചുള്ള ആക്രമണം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.സാധാരണക്കാരന്റെ നിത്യാശ്രയ വണ്ടിയായ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ രാത്രിയിൽ അജ്ഞാതനായ ഒരാൾ കുപ്പിയിൽ കരുതിയ പെട്രോളെടുത്ത് യാത്രക്കാരുടെ ദേഹത്ത് ഒഴിക്കുന്നു.തുടർന്ന് അയാൾ കംപാർട്‌മെന്റിനുള്ളിൽ തീകൊളുത്തുന്നു.മണിക്കൂറുകൾ നീണ്ടുനിന്ന പരിഭ്രാന്തിക്കും നാടകീയതകൾക്കുമൊടുവിൽ തീയണക്കപ്പെട്ടപ്പോൾ പുറത്തു വന്നത് വേദനിപ്പിക്കുന്ന കാഴ്ചകളാണ്. ഒരു കുട്ടിയടക്കം മൂന്നു പേർ റെയിൽപാളത്തിൽ മരിച്ചു കിടക്കുന്നു. കംപാർട്‌മെന്റിനകത്ത് നിരവധി പേർക്ക് പൊള്ളലേറ്റിരുന്നു. ആരാണ് ഈ കൊടുംക്രൂരത ചെയ്തതെന്ന് എല്ലാവരും അന്വേഷിച്ചെങ്കിലും ആ ക്രൂരനായ അക്രമി അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു.
മലബാറിൽ ഇത്തരമൊരു കറുത്ത സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല.തീവണ്ടി അപകടങ്ങളും മറ്റു ട്രാഫിക് ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും ട്രെയിൻ യാത്രക്കാരെ ആക്രമിച്ച് കൊല്ലുകയെന്ന പച്ചയായ ക്രൂരത അരങ്ങേറുന്ന ആദ്യത്തെ സംഭവം തന്നെയാണിത്.മലബാറിൽ മാത്രമല്ല,കേരളത്തിന്റെ ഇതരഭാഗങ്ങളിലും രാജ്യത്തും ഈ സംഭവം വലിയ ചർച്ചയായി.
ഇത്രയും ക്രൂരമായ ഒരു സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് പെട്ടെന്നു തന്നെ കഴിഞ്ഞു.ദൽഹി സ്വദേശിയായ ഷാറൂഖ് സെയ്ഫ് എന്ന 27 കാരനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടാൻ പോലീസിനായി. ഇയാളെ ഇപ്പോൾ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്.കോഴിക്കോടും ഷൊർണൂരും കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.
കേരളവുമായി ഒരു ബന്ധവുമില്ലാത്ത, ആ തീവണ്ടിയിലെ യാത്രക്കാരിൽ പരിചയക്കാർ ആരുമില്ലാതിരുന്ന ഷാറൂഖ് എന്ന യുവാവ് എന്തിന് കേരളത്തിലെത്തി ഇത്രയും വലിയൊരു ക്രൂരതക്ക് തുനിഞ്ഞുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.വിവാഹാഭ്യർഥന നിരസിക്കുന്ന പെൺകുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുന്ന ഈ നാട്ടിൽ, അത്തരമൊരു പശ്ചാത്തലമൊന്നുമില്ലാത്ത പ്രതി എന്തിനാണ് യാത്രക്കാരെ ആക്രമിച്ചത്.? ദുരന്തത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയടക്കമുള്ള മൂന്നു പേരോടും പ്രതിക്ക് മുൻപരിചയമോ വൈരാഗ്യമോ ഇല്ലെന്നാണ് ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അങ്ങനെയെങ്കിൽ നിരപരാധികളായ മൂന്നു പേരുടെ ജീവൻ തട്ടിയെടുക്കാൻ തക്കതായ എന്ത് കാരണമാണ് ഈ പ്രതിക്കുള്ളത് എന്നതും ദുരൂഹമാണ്.
ഇയാൾ എന്തിന് ഇത് ചെയ്തു,ആർക്ക് വേണ്ടി ചെയ്തു,ആരെല്ലാം സഹായിച്ചു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടേണ്ടതുണ്ട്.താൻ ഒറ്റക്കാണ് എല്ലാം ചെയ്തതെന്ന് ഷാറൂഖ് പറയുമ്പോഴും അത് പൂർണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കാരണം,ദൽഹിയിൽ നിന്ന് കേരളത്തിൽ വന്ന് ഇത്തരമൊരു അക്രമം കാണിക്കണമെങ്കിൽ തക്കതായ കാരണം ഉണ്ടാകുമെന്ന സംശയം തന്നെ.ആക്രമണം നടത്തിയതിന് ശേഷമുള്ള പ്രതിയുടെ യാത്രാ വിവരങ്ങൾ ഏതാണ് ഏറെകുറെ പോലീസിന് ലഭിച്ചു കഴിഞ്ഞു. 
എന്നാൽ, ആക്രമണത്തിന് മുമ്പുള്ള ദിവസങ്ങളിൽ പ്രതി എവിടെയെല്ലാമായിരുന്നുവെന്നും ആരെയെല്ലാം കണ്ടിരുന്നുവെന്നും ഇനിയും വ്യക്തമല്ല. ട്രെയിനിൽ കത്തിക്കാൻ ഉപയോഗിച്ച പെട്രോൾ ഷൊർണൂരിൽ നിന്നാണ് വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ നീങ്ങുന്നത്.
ദുരൂഹത വിട്ടൊഴിയാത്ത ഒരു കേസായാണ് എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.കേരളത്തിന് പുറത്തുള്ളവരോ അകത്തുള്ളവരോ ആയി മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്.ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ സ്വഭാവം ഇതിനുണ്ടോ,തീവ്രവാദ സംഘടനകളുടെ കറുത്തകൈകൾ ഇതിന് പിന്നിലുണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടി വരും.അറസ്റ്റിലായ ഷാറൂഖിന്റെ സോഷ്യൽമീഡിയ ബന്ധങ്ങളും ഇടപെടലുകളും പോലീസ് പരിശോധനക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്.
ഇത്തരമൊരു കേസിന് പലപ്പോഴും സ്‌ഫോടനാത്്മകമായ ഒരു പിന്നാമ്പുറം ഉണ്ടായിരിക്കാം.നാടിന്റെ സമാധാനം തകർക്കുകയോ ക്രമസമാധാന നില അസ്ഥിരപ്പെടുത്തുകയോ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർ ഇതിന് പിന്നിലുണ്ടാകാം.ഇത്തരമൊരു സാധ്യതയെ കുറിച്ചാണ് അന്വേഷണ സംഘവും കുറച്ചു നാളുകളായി സംസാരിക്കുന്നത്.ഏതെങ്കിലും ആശയവുമായി ബന്ധപ്പെട്ട തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇതിന് പിന്നിൽ പങ്കുണ്ടെങ്കിൽ ഇവരെ പിടികൂടേണ്ടതുണ്ട്.അവരെ കുറിച്ചുള്ള വിവരങ്ങൾ സമൂഹത്തിന് കൈമാറുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.അതേസമയം,സത്യം കണ്ടെത്തിയിട്ടും ആരുടെയെങ്കിലും താൽപര്യങ്ങൾക്ക് വേണ്ടി അത് മൂടിവെക്കുകയും വിധ്വംസക ശക്തികൾക്ക് അതുവഴി പ്രോൽസാഹനം നൽകുകയും ചെയ്യുന്ന നിലപാടുകൾ ആരുടെയും ഭാഗത്തു നിന്നുണ്ടായികൂടാ. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ പ്രശസ്തമായ അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് അജ്ഞാതർ തീവെച്ചപ്പോൾ നാട് പകച്ചുപോയിരുന്നു. 
ആക്രമണം നടന്നത് ക്ഷേത്രത്തിന് നേരെയായതിനാൽ ജനങ്ങൾക്കിടയിൽ വിദ്വേഷം വളരാൻ അത് ഇടയാക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.എന്നാൽ ജനങ്ങൾ ജാതിമത ചിന്തക്ക് അതീതമായി അക്രമികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ഒന്നിച്ച് രംഗത്തിറങ്ങി.ആ കേസിൽ അന്വേഷണം നടക്കുകയും പ്രതികളാരാണെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു.എന്നാൽ അവരെകുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നില്ല.അവർക്കെതിരെ നിയമനടപടിയുമുണ്ടായില്ല. ക്രമസമാധാന പ്രശ്്‌നമുണ്ടാകുമെന്ന് ഭയന്ന് ആ ആക്രമണത്തിന് പിന്നിലെ രഹസ്യം ഇപ്പോഴും മൂടിവെക്കപ്പെട്ടിരിക്കുകയാണ്.കേസിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരരംഗത്തുണ്ടായിരുന്നവരൊന്നും ഇപ്പോൾ ആ ആവശ്യമുന്നയിക്കുന്നുമില്ല.
എലത്തൂർ പോലുള്ള ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ ഉണ്ടാകേണ്ടതുണ്ട്.പതിനായിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന വലിയൊരു പൊതുയാത്രാ സംവിധാനമാണ് റെയിൽവെ.ഇത്രയേറെ യാത്രക്കാരുടെ സുരക്ഷ ഒരേ രീതിയിൽ ഉറപ്പാക്കാൻ റെയിൽവെക്ക് കഴിയുന്നില്ല.എന്നാൽ റെയിൽവെ സ്റ്റേഷനുകൾ, കംപാർട്‌മെന്റുകൾ എന്നിവിടങ്ങളിൽ സുരക്ഷ കാര്യക്ഷമമാകേണ്ടതുണ്ട്.നിരീക്ഷണകാമറുകളും സുരക്ഷാ ഉദ്യോഗസ്ഥരും കർമരംഗത്തുണ്ടാകണം.ഔദ്യോഗിക സംവിധാങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ പ്രധാനമാണ്.സംശയകരമായി വ്യക്തികളെയും വസ്തുക്കളെയോ കണ്ടെത്തിയാൽ ജാഗ്രത പാലിക്കുകയും പോലീസിന് വിവരമറിയിക്കുകയും ചെയ്യുകയെന്നത് പൊതു ഇടങ്ങളിലെ സുരക്ഷാശീലങ്ങളിൽ പെട്ടതാണ്.ഇത് പാലിക്കാൻ ഓരോ യാത്രക്കാരനും തയ്യാറാകണം.

Latest News