Sorry, you need to enable JavaScript to visit this website.

ഉദയസൂര്യന്റെ നാട്ടിൽ

യാത്രയുടെ തലേദിവസമാണ് ട്രെയിനിംഗ് കോഓഡിനേറ്റർ മീഹോ കവാഹാത്സുവിന്റെ മെസ്സേജ് വന്നത്. ഹോട്ടസ്റ്റ് ഡ്രസ്സ് കയ്യിൽ കരുതിയോ എന്നായിരുന്നു ചോദ്യം. രക്തം കട്ടപിടിക്കുന്ന തണുപ്പാണെന്ന മുന്നറിയിപ്പും. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി അകപ്പെട്ട ട്രാഫിക്കിൽനിന്ന് പുറത്തുചാടാൻ പാടുപെടവെ ടെർമിനലിലെ കൗണ്ടർ ക്ലോസിംഗിന്റെ അനൗൺസ്‌മെന്റ് കാതിൽ വന്നുതറച്ചു. ശീതീകരിച്ച കാറിലിരുന്ന് വിയർത്തൊലിച്ചപ്പോൾ ധരിച്ചത് ഹോട്ടസ്റ്റ് ഡ്രസ്സാണെന്നു വെറുതെ തെറ്റിദ്ധരിച്ചു. സൗദിയിൽ നിന്നു നീണ്ട പന്ത്രണ്ടു മണിക്കൂർ പറന്നിട്ടുവേണം അങ്ങ് ടോക്കിയോയിലെ നരിത എയർപോർട്ടിലിറങ്ങാൻ... രാത്രി പതിനൊന്നിന് ഖത്തറിൽനിന്നു തുടങ്ങിയ യാത്ര പത്തുമണിക്കൂർ കഴിഞ്ഞ് അവസാനിച്ചപ്പോഴേക്കും ആയുസ്സിലെ ഒരു പകൽ പൂർണമായി ഇരുളടഞ്ഞിരുന്നു. അരുണോദയത്തിലെ ബാലകിരണങ്ങളേറ്റ് തിളങ്ങിയ മേഘക്കീറുകൾ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളേറ്റു തങ്കമണിഞ്ഞത് എത്രപെട്ടെന്നാണ്! ജീവിതത്തിൽ ഇന്നുവരെ കണ്ടതിലേറ്റവും ചെറിയ പകൽ. 


എയർ ബ്രിഡ്ജ് കടന്നു നരിത എയർപോർട്ട് ടെർമിനലിലേക്കു കാലെടുത്തുവെക്കുമ്പോൾ 'വെൽക്കം ടു ജപ്പാൻ' എന്ന വിശാലമായ ബോർഡ്. നീണ്ട ക്യൂവിൽ നിന്ന് ബഹളങ്ങൾക്കൊടുവിൽ ഔദാര്യം പോലെ നൽകുന്ന എമിഗ്രേഷൻ സർവീസിനു പകരം കുനിഞ്ഞുനിന്ന് ഹൃദ്യമായി ഞങ്ങളെ വരവേറ്റു ജാപ്പനീസ് പോലീസ്. മിനിറ്റുകൾക്കുള്ളിലാണ് ഞങ്ങളുടെ ബാഗേജുകളെത്തിയത്. നേരെ ഹയാത്ത് റീജൻസിയിലേക്ക്. ബസ് ഹോട്ടൽ കവാടത്തിലെത്തിയപ്പോൾ തന്നെ കിമോണ ധരിച്ച ജാപനീസ് സുന്ദരികൾ പൂക്കളുമായി കാത്തുനിൽക്കുന്നു. ഹോട്ടലിലേക്കുള്ള അന്നത്തെ ചീഫ് ഗസ്റ്റ് താനാണെന്ന ഗമയിൽ ഇറങ്ങി അടുത്തെത്തിയപ്പോഴാണ് അമളി മനസ്സിലാക്കിയത്. ഏജ്‌സെറിമണിയുടെ ഭാഗമായി അണിഞ്ഞൊരുങ്ങി കൂട്ടുകാരെയും ബന്ധുക്കളെയും സ്വീകരിക്കാൻ നിൽക്കുകയാണ് അവർ. ജാള്യം മറക്കാൻ പാടുപെടുന്നതിനിടെ കൂടെയുള്ള ചിലർ അവരുമായി ഒരു ചെറിയ ഫോട്ടോ സെഷൻ. 
വായിച്ചും കേട്ടുമറിഞ്ഞവർക്ക് ജപ്പാൻ ഒരിക്കലെങ്കിലും വന്നു പോകണമെന്ന് ആശിക്കുന്ന ഇടമാണ്. വർഷം പ്രതി 1500ലധികം ഭൂചലനങ്ങൾ ഉണ്ടാകുന്ന രാജ്യത്ത് ഓരോ വർഷവുമെത്തുന്നത് മൂന്നു കോടിയിലേറെ ടൂറിസ്റ്റുകൾ. ശൈത്യകാലത്തിൽ മഞ്ഞുപുതഞ്ഞും വേനൽക്കാലത്ത് അത്യുഷ്ണവുമുള്ള ഈ രാജ്യത്താണ് ലോകത്തേറ്റവും ആയുർദൈർഘ്യമുള്ള ആളുകൾ വസിക്കുന്നത്. ഭക്ഷണം, വെടിപ്പ്, സാങ്കേതിക വിദ്യ ജപ്പാൻ ലോകത്തിന്റെ മേൽവിലാസമാകുന്നത് പലതു കൊണ്ടു കൂടിയാണ് എന്ന് തൊട്ടറിഞ്ഞു. 


മിനിസ്ട്രി ഓഫ് ട്രേഡ് ആന്റ് ഇൻഡസ്ട്രിയുടെ മേൽനോട്ടത്തിൽ ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ സെന്ററിന്റെ കീഴിൽ നടത്തപ്പെട്ട മാനേജ്‌മെന്റ് ട്രൈനിംഗിൽ പങ്കെടുക്കാനാണ് ജപ്പാനിലെത്തിയത്. സൗദി ജാപനീസ് ഓട്ടോമൊബൈൽ ഹൈ ഇൻസ്റ്റിറ്റിയൂട്ടിൽനിന്നു മറ്റു നാലു സൗദി സുഹൃത്തുക്കളുടെ കൂടെയായിരുന്നു യാത്ര. ഏഷ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ദീപു സമൂഹങ്ങളടങ്ങിയ ഈ രാജ്യം ലോകത്തെ ഏറ്റവുംവികസിത രാജ്യങ്ങളിലൊന്നാണ്. ലോകത്തെ ഏറ്റവും വലിയ ദീപുരാഷ്ട്രങ്ങളിൽ നാലാംസ്ഥാനത്താണ് ജപ്പാൻ. 7000 ലധികം ദീപുകളുണ്ടെങ്കിലും 260 ദീപുകളിൽ മാത്രമാണ് ജനങ്ങൾ വസിക്കുന്നത്. പസഫിക് മഹാ സമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈന കടൽ, ഓക്കോസ്റ്റ് കടൽ എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഭൂപ്രദേശമാണിത്. 

സംസ്‌കാരത്തിൽ തൊട്ടുകളിക്കരുത്

സാങ്കേതികവിദ്യയിൽ വിപ്ലവകരമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും സ്വന്തം സംസ്‌കാരവും പൈതൃകവും നെഞ്ചോട് ചേർത്തുപിടിക്കുന്നു ജപ്പാനികൾ. ആതിഥ്യമര്യാദയിലും ശുചിത്വത്തിലും പേരുകേട്ട ജപ്പാൻ പൗരന്മാരെ എങ്ങനെ അതിന് പ്രാപ്തമാക്കുന്നു എന്ന് കണ്ടുപഠിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളേജുകളിലും എന്നുവേണ്ട വലിയ ഷോപ്പിംഗ് മാളുകളിൽ വരെ ശുചീകരണം സ്വയമേറ്റടുത്തു ചെയ്യുന്നവരാണിവർ. അത് അവിടെ വിദ്യാഭ്യാസത്തിന്റെ ഭാഗവുമാണ്. ശൈശവത്തിൽ തന്നെ കൃത്യമായ ബോധവൽക്കരണവും പരിശീലനവും നൽകുന്നതോടൊപ്പം ശുചിമുറികൾ വരെ സ്വന്തമായി കഴുകി വൃത്തിയാക്കാൻ ജപ്പാൻ പൗരൻമാരെ പഠിപ്പിക്കുന്നു. സ്ട്രീറ്റുകളിൽ കുമിഞ്ഞുകൂടി കിടക്കുന്ന വേസ്റ്റുബിന്നുകളും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പെറ്റ്‌ബോട്ടിലുകളും ജപ്പാനിലെ സ്ട്രീറ്റുകളിൽ ഒരിടത്തും കാണാനായില്ല. ഖത്തർ ലോകകപ്പ് വേദികളുടെ ഗ്യാലറിയിൽ തങ്ങളുടെ ഇടം മുഴുവൻ വൃത്തിയാക്കി സ്‌റ്റേഡിയം വിടുന്ന ജപ്പാനികളെ ഓർത്തു. 


സംസാരം കൊണ്ടോ പെരുമാറ്റം കൊണ്ടോ മറ്റൊരാളെ അസ്വസ്ഥപ്പെടുത്തുന്നത് അപരാധമായി കാണുന്നവരാണ് ജപ്പാനികൾ. റയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്‌റ്റേഷനുകളിലും ഉച്ചത്തിൽ സംസാരിച്ചും പ്രായമായവരെപ്പോലും ഗൗനിക്കാതെ ചാടിക്കയറിയും ശീലിച്ച നമുക്ക് റയിൽവേ പ്ലാറ്റ്‌ഫോമുകളിലും ബസ് സ്‌റ്റോപ്പുകളിലും സ്വയം നിയന്ത്രിതരായി ആദ്യം വന്നവർക്കു പിന്നിൽ ലൈനായി ക്ഷമയോടെ കാത്തിരിക്കുന്നവരെ കണ്ടാൽ വിസ്മയമാകും. യാത്രക്കിടെ അടുത്തിരിക്കുന്നവർ അസ്വസ്ഥതപ്പെടുന്നതിൽ ആശങ്കപൂണ്ട് പതുങ്ങി സംസാരിക്കുന്നതും എലവേറ്ററിൽ ഒരു ഭാഗം ചേർന്നുനിന്ന് തിരക്കുള്ളവർക്ക് പെട്ടെന്നു കയറിപ്പോകാൻ വഴിയൊരുക്കുന്നതും കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. 
നമുക്ക് വിചിത്രമെന്ന് തോന്നുന്ന ചിന്താരീതികളും ആചാരങ്ങളുമായി കഴിയുന്നവരാണ് ജപ്പാൻകാർ. ജീവിതശൈലിയിലും അനുഷ്ഠാനങ്ങളിലും അങ്ങേയറ്റം കൃത്യനിഷ്ഠ പുലർത്തുന്ന ഇവർ ജീവിതശൈലീരോഗങ്ങളാൽ പൊറുതി മുട്ടുന്ന കേരളീയർക്ക് മാതൃകയാണ്. നടത്തം, അയോധനകല, യോഗ തുടങ്ങിയ കാര്യങ്ങളിൽ അവർ വയ്ക്കുന്ന ശ്രദ്ധ കണ്ടുപഠിക്കേണ്ടതു തന്നെ. 
കുടുംബ ജീവിതത്തിന് അത്ര വലിയ പ്രാധാന്യം നൽകുന്നവരല്ല ജപ്പാനികൾ. ലോകത്ത് ജെൻഡർ കൺഫ്യൂഷൻ ഏറ്റവും കൂടുതൽ നിലനിൽക്കുന്ന രാജ്യമാണ് ജപ്പാൻ. ജൻഡർ ന്യൂട്രാലിറ്റി വളരെ നേരത്തെ നടപ്പാക്കിയ രാജ്യം സാമൂഹികമായി അതിന്റെ ആഘാതം അനുഭവിക്കുകയാണിപ്പോൾ. ആളുകൾക്കിടയിൽ എതിർ സെക്‌സിനോടുള്ള ആഭിമുഖ്യം കുറയുന്നത് മാത്രമല്ല, അതൊരു ഭീതിയായി വളർന്നിട്ടുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. ലൈംഗിക തൃഷ്ണകൾ ശമിപ്പിക്കാൻ യുവാക്കൾ അശ്ലീല വെബ്‌സൈറ്റുകളും സെക്‌സ് ടോയ്‌സുകളുമാണ് ഏറെ ആശ്രയിച്ചുവരുന്നത്. സെക്‌സ് ടോയ്‌സുകൾ ജപ്പാൻ മാർക്കറ്റിൽ സുലഭവുമാണ്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന അതിസുന്ദരികൾ നടത്തുന്ന സർവീസ് സെന്ററുകളും നിരത്തിൽ സജീവം. ദീർഘനേരം ജോലിചെയ്യുന്ന ഇവർക്ക് മാനസിക പിരിമുറുക്കവും സമ്മർദവും ലഘൂകരിക്കാൻ മുൻകൂർ പണമടച്ച് ഒന്നോരണ്ടോ മണിക്കൂർ പ്രത്യേകം ട്രെയിനിംഗ് നൽകപ്പെട്ട ഇവർ സാന്ത്വനമേകി കൂട്ടിനുണ്ടാകും. സംസാരിച്ചു പോസിറ്റിവ് ചിന്തകൾ പകർന്നു നൽകി സമയം കഴിയുമ്പോൾ അവർ യാത്രപറഞ്ഞിറങ്ങും.

അതാണ് രീതി! കാറോ... ജപ്പാൻ

ലോകോത്തര ഇലക്‌ട്രോണിക് ബ്രാൻഡുകൾ പിറവിയെടുത്ത ജപ്പാൻ ലോകപ്രസിദ്ധ ഓട്ടോമൊബൈൽ ബ്രാൻഡുകളുടെ ജൻമനാടാണ്. ആഗോള ഓട്ടോമോട്ടീവ് മേഖലയിലെ ഏറ്റവും മൂല്യവത്തായ കാർ ബ്രാൻഡുകളുടെ പട്ടികയിൽ ടൊയോട്ട ഇന്നും ഒന്നാം സ്ഥാനത്താണ്. അതിനൂതന സാങ്കേതിക വിദ്യകളുടെ കണ്ടുപിടിത്തങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും അതിവിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം കണിശമായ പരീക്ഷണ പര്യവേക്ഷണ യജ്ഞങ്ങളാണ് ജപ്പാൻ ബ്രാൻഡുകളുടെ മുന്നേറ്റത്തിനുതകിയതും ലോക മനസ്സുകളിൽ സ്വീകാര്യത നേടിയതും. 
ട്രെയിനിംഗിന്റെ ഭാഗമായി പ്രൊഫ. യാസുഹിരൊ ദയ്‌ഷോയുടെ നേതൃത്വത്തിൽ വസിദ റിസേർച്ച് യൂനിവേഴ്‌സിറ്റി സന്ദർശിക്കാനവസരം ലഭിച്ചത് ഇതിന് നേർസാക്ഷിയായി. പ്രവിശാലമായ കാമ്പസ് സ്ഥിതിചെയ്യുന്ന ഈ പ്രദേശവും ഇവിടത്തെ റയിൽവേ സ്‌റ്റേഷനും വസിദ എന്ന പേരിലാണറിയപ്പെടുന്നത്. അത്യാധുനിക വാഹനങ്ങളെ സംബന്ധിച്ചും ഇന്ധന സാങ്കേതികവിദ്യയെക്കുറിച്ചും കാർബൺ ന്യൂട്രാലിറ്റി നയങ്ങളെക്കുറിച്ചും പ്രൊഫ. ദയ്‌ഷോയുടെ അതിഗഹനമായ ലക്ച്ചറിൽ സംബന്ധിക്കാനായത് ഈ യാത്രയിലെ ഏറ്റവും വലിയ നേട്ടമാണ്. 


കാർബൺ ബഹിർഗമനത്തിന്റെ അപകടകരമായ നിലയും ലോകരാജ്യങ്ങൾ ഈ അപകടത്തെ നേരിടാൻ കൈകോർക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓട്ടോമൊബൈൽ ടെക്‌നോളജിയിൽ ജപ്പാന്റെ നയങ്ങളുടെ ഭാഗമായി സ്വീകരിച്ചുവരുന്ന പരിവർത്തനങ്ങളും ഹൈബ്രിഡ്, ബയോ ഫ്യുവൽ, ഇലക്‌ട്രോണിക് ടെക്‌നോളജികളുടെ സാധ്യതകളെക്കുറിച്ചും വിശാലമായി അദ്ദേഹം സംസാരിച്ചു.  
നൂറുവർഷം പഴക്കമുള്ള ലോകോത്തര നിലവാരമുള്ള ഈ യൂണിവേഴ്‌സിറ്റിക്കു കീഴിലെ റിസേർച്ച് സെന്റർ ഈ വിഷയവുമായി നടന്നുകൊണ്ടിരിക്കുന്ന അതിനൂതനവും സങ്കീർണവുമായ കണ്ടുപിടിത്തങ്ങളുടെയും പരീക്ഷണങ്ങളുടെയും വാതിൽ ഞങ്ങൾക്കു മുന്നിൽ തുറന്നുകാട്ടി. ഗവൺമെന്റിന്റെ സഹായത്തോടെ സജ്ജീകരിക്കപ്പെട്ട ലാബുകളിൽ വിദഗ്ധരായ അധ്യാപകരുടെ കീഴിൽ സൂക്ഷ്മമായ പഠനപക്രിയകളിലൂടെയുള്ള കണ്ടുപിടിത്തങ്ങൾ നേരിൽകാണാനായത് ജപ്പാൻ ബ്രാൻഡുകളോടുള്ള വിശ്വാസ്യതയേറ്റി. ഫാറ്റ്മാനും ലിറ്റിൽബോയിയും മനുഷ്യന്റെ ദുഷ്‌ചെയ്തികളാൽ ചുട്ടുചാമ്പലാക്കിയിട്ടും സുനാമിയും ഭൂകമ്പങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും തകർത്തെറിഞ്ഞിട്ടും 1950 മുതൽ മൂന്നു ദശകംകൊണ്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി തങ്ങളുടെ കർമ സാഫല്യംകൊണ്ട് ഉയർത്തെഴുന്നേൽക്കാൻ ഈ ജനതക്കായി. വ്യവസ്ഥാപിതമായ വിദ്യാഭ്യാസവും നവീകരിച്ച പാഠ്യപദ്ധതികളും ഇച്ഛാശക്തിയോടെ വഴികാണിക്കുന്ന സർക്കാറും ഒരുമിച്ചുകൂടിയപ്പോൾ ഇലക്‌ട്രോണിക് സാങ്കേതികവിദ്യകളെയും കാർ നിർമാണത്തെയും കൈപ്പിടിയിലൊതുക്കാൻ അവർക്കായി. 
ജപ്പാൻ കാർ പ്രേമികൾക്കായി വ്യത്യസ്തങ്ങളായ കാഴ്ചകളും അനുഭവങ്ങളുമാണ് ഓരോ നിർമാണ കമ്പനികളും അവരുടെ ആസ്ഥാനങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ജൈസ് പ്രോജക്ട് മാനേജറായ മീഹോ കവഹാത്‌സുവിന്റെ കൂടെ ലോകത്തിലെ മുൻനിര ഡീസൽ എൻജിൻ, വാണിജ്യവാഹന നിർമാതാക്കളിൽഒന്നായ ഇസുസു കമ്പനിയുടെ മ്യൂസിയം, 'ഇസുസു പ്ലാസ' സന്ദർശിക്കാനവസരം ലഭിച്ചു. ലോകത്തിലെ ഏറ്റവും നൂതനവും വിശ്വസനീയവുമായ 26 ദശലക്ഷത്തിലധികം ഡീസൽ എൻജിനുകൾ നിർമിച്ചു ചരിത്രം സൃഷ്ടിച്ച ഇസുസു, പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കാറുകളുടെ ഒരു മികച്ച ശേഖരം തന്നെ സന്ദർശകർക്കായി തുറന്നിട്ടിരിക്കുന്നു. വാണിജ്യവാഹനങ്ങളുടെ പങ്ക്, ഇസുസുവിന്റെചരിത്രം, നിർമാണ ഘട്ടങ്ങളും തങ്ങളുടെ വാഹനങ്ങളുടെ സവിശേഷതകളും പ്രദർശിപ്പിക്കുന്നതിനായി 80ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2017 ഏപ്രിലിൽ ഫുജിസാവ പ്ലാന്റിന് തൊട്ടടുത്താണ് ഇസുസു പ്ലാസ തുറന്നത്. 
മ്യൂസിയത്തിലെ തുടക്കത്തിൽ തന്നെ ഒരു സാങ്കൽപിക നഗരം പണിതിട്ടുണ്ട്. 15 മിനിറ്റിനുള്ളിൽ ഒരു സാങ്കൽപിക നഗരത്തിലെ ഒരു ദിവസത്തെ 100ലധികം രംഗങ്ങൾ ഉൾപ്പെടുത്തി കമ്പനി നിർമിക്കുന്ന 200ഓളം വാഹനങ്ങൾ ഉൾപ്പെടെ 660 വാഹനങ്ങളെ ഉൾകൊള്ളിച്ചാണ് ഇതിന്റെ നിർമാണം. 45 ഓളം വാഹനങ്ങൾ പൂർണമായും യാന്ത്രികമായി സഞ്ചരിച്ച് ചാർജിങ് സ്‌റ്റേഷനുകളിലേക്കു സ്വയംതിരിയുന്നതും ട്രാഫിക്കിൽ ഗ്രീൻ ലൈറ്റ് തെളിയുമ്പോൾ യാന്ത്രികമായി സഞ്ചരിക്കുകയും ചെയ്യുന്ന ജപ്പാനിലെ ഒരേയൊരു ഡയോറമയായ ഈ സാങ്കൽപിക നഗരം ഞങ്ങൾക്കൊരു അത്ഭുത കാഴ്ചയായിരുന്നു. വാഹന നിർമാണത്തിന്റെ ഓരോ ഘട്ടങ്ങളും വിഷ്വലൈസ് ചെയ്ത് സിമുലേറ്ററിന്റെ സഹായത്തോടെ സജ്ജീകരിച്ച നിർമാണ സാങ്കേതികവിദ്യയുടെ ഒരു തുറന്ന പുസ്തകമായ ഇസുസു പ്ലാസ കൗതുകങ്ങളുടെയും വിജ്ഞാനത്തിന്റെയും വിഹായസിലേക്കാണ് ഞങ്ങളെ എത്തിച്ചത്.
                                  (തുടരും) 

Latest News