Sorry, you need to enable JavaScript to visit this website.

അപരിചിതന്റെ സക്കാത്ത്; ദമാമിലെ വേറിട്ട അനുഭവം പങ്കുവെച്ച് ജോസഫ് എം പാലാത്ര

ദമാം- വിശുദ്ധ റമദാനിൽ സക്കാത്തിന്റെ വേറിട്ട ഒരു അനുഭവം പങ്കുവെച്ച പ്രവാസിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദമാമില്‍ കാനൂ ടെര്‍മിനല്‍ സര്‍വീസസില്‍ (കെ.ടി.എസ്) സേഫ്റ്റി മാനേജറായി ജോലി ചെയ്യുന്ന ഇടുക്കി കരുണാപുരം സ്വദേശി ജോസഫ് എം പാലാത്രയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയത്.  ഞാനറിഞ്ഞ റമദാന്‍ എന്ന വിഷയത്തില്‍ തനിമ സംസ്‌കാരിക വേദി സംഘടിപ്പിച്ച മത്സരത്തിന് അയച്ച കുറിപ്പാണിതെന്നും യഥാര്‍ഥ അനുഭവമാണെന്നും യാതൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും ജോസഫ് മലയാളം ന്യൂസിനോട് പറഞ്ഞു.

ജോസഫ് എം പാലാത്രയുടെ കുറിപ്പ് വായിക്കാം
ഞാന്‍ താമസിക്കുന്ന പ്രദേശത്ത് ഇസ്ലാം മത വിശ്വാസികളുടെ വീടുകള്‍ തീരെ ഇല്ലാതിരുന്നതിനാല്‍ റമദാന്‍ നോമ്പിനെക്കുറിച്ചു 38 ാം വയസ്സില്‍ സൗദി അറേബ്യയില്‍ കാലുകുത്തുന്നത് വരെ   ഒരു നോമ്പ് എന്നതിനപ്പുറം മറ്റൊന്നും എനിക്കറിയുമായിരുന്നില്ല.
ദമ്മാമിലെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ റമദാന്‍ നോമ്പിന്റെ വിശുദ്ധിയും അതിന് വിശ്വാസികള്‍ നല്‍കുന്ന പ്രാധാന്യവും പതിയെ പതിയെ എനിക്ക് മനസ്സിലായിത്തുടങ്ങി. അപ്പോഴും എനിക്ക് അതൊരു വിശ്വാസിയെ മാത്രം ബാധിക്കുന്ന തീര്‍ത്തും വ്യക്തിപരമായ കാര്യം മാത്രമായി തുടര്‍ന്നു.
2016ലെ നോമ്പ് കാലത്താണ് എനിക്ക് അതിഭയങ്കരമായ ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് ആദ്യം ഒരു ക്ലിനിക്കിലും അന്ന് രാത്രി തന്നെ ദമ്മാമിലെ അല്‍മാനാ എന്ന ആശുപത്രിയിലും എത്തപ്പെട്ടത്. വളരെ തിരക്കേറിയ ആശുപത്രി ആയതിനാലും രോഗികളില്‍ മിക്കവരും സൗദി പൗരന്മാര്‍ ആയതിനാലും അങ്ങേയറ്റം ക്ഷീണിതനായിരുന്നിട്ടും ടോക്കണ്‍ എടുത്തു മാത്രമേ ഡോക്ടറെ കാണുവാന്‍ സാധിക്കൂ എന്നറിഞ്ഞു  ടോക്കണ്‍ എടുത്ത ഞാന്‍ ഞെട്ടിപ്പോയി നമ്പര്‍ 32. സ്‌ക്രീനില്‍ അപ്പോഴത്തെ ടോക്കണ്‍ 4.  സമയം രാത്രി 9 മണി. ഡോക്ടര്‍ ഉള്ളത് രാത്രി 11 മണി വരെ മാത്രം.  ഒരു രോഗിയെ കാണുവാന്‍ ശരാശരി 7 മിനിറ്റ്.   ഇങ്ങനെ പോയാല്‍ എന്റെ ഊഴമെത്താന്‍ ഏറ്റവും കുറഞ്ഞത്  മൂന്ന് മണിക്കൂറെങ്കിലും കാത്തിരിക്കണം. അപ്പോള്‍ ഒരു പക്ഷെ ഡോക്ടര്‍ തന്റെ ഇന്നത്തെ സേവനം നിര്‍ത്തി പോകാം, അതിലുപരി കാത്തിരിക്കുവാനുള്ള ആരോഗ്യം എനിക്കില്ല.  എന്തായാലും ഞാന്‍ എന്റെ ഊഴവും കാത്തിരുന്നു. ഓരോന്നോര്‍ത്ത് ഇരുന്നു മയങ്ങിപ്പോയതറിഞ്ഞില്ല ഹബീബി എന്ന വിളിയും ചുമലില്‍ ഒരു മൃദു സ്പര്‍ശനവും ആണ് എന്നെ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. മുഴുവന്‍ നരച്ച മുടിയും താടി രോമങ്ങളുമുള്ള ഒരു സൗദി പൗരന്‍ ഒരു മൃദു മന്ദഹാസവുമായി എന്റെ മുന്‍പില്‍.
അദ്ദേഹം എന്റെ കൈയില്‍ നിന്നും എന്റെ ടോക്കണ്‍ വാങ്ങി എന്നിട്ട് അദ്ദേഹത്തിന്റെ ടോക്കണ്‍ എന്റെ കൈകളില്‍ വച്ചു തന്നു. ഞാന്‍ ഞെട്ടിപ്പോയി ടോക്കണ്‍ നമ്പര്‍ 9. ഇപ്പോള്‍ സ്‌ക്രീനിലെ ടോക്കണ്‍ നമ്പര്‍ 7. അറബി വശമില്ലാത്തതു കൊണ്ട് ഇംഗ്ലീഷില്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ ടോക്കണ്‍ 32 ആണ്, ഇത് വിളിക്കാന്‍ ഒത്തിരി താമസിക്കും, ഞാന്‍ എന്റെ ഊഴമെത്തുമ്പോള്‍ ഡോക്ടറെ കണ്ടു കൊള്ളാം. അദ്ദേഹം എന്നോട് തിരികെ ഇംഗ്ലീഷില്‍ തന്നെ മറുപടി പറഞ്ഞു നിന്നെ കണ്ടിട്ട് വളരെ ക്ഷീണിതനാണെന്നു മനസ്സിലാകുന്നു, അതിനാല്‍ നീ എന്റെ ടോക്കണ്‍ എടുത്തു കൊള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ പ്രായവും  എന്റെ ദുരഭിമാനവും ആ ടോക്കണ്‍ വാങ്ങുവാന്‍ എന്നെ അനുവദിച്ചില്ല. വീണ്ടും ഞാന്‍ അദ്ദേഹത്തെ എന്റെ ടോക്കണ്‍ തരുവാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

അപ്പോള്‍ അങ്ങേയറ്റം പ്രഭാമയമായ മുഖത്തോടെ അദ്ദേഹം എന്നോട് മെല്ലെ പറഞ്ഞു സക്കാത്ത് ഹബീബി, ഇത് ദൈവത്തിനു മുന്‍പില്‍ ഉള്ള എന്റെ ഇന്നത്തെ സക്കാത്താണ്. ദയവായി സ്വീകരിക്കുക.

അപ്പോള്‍ സ്‌ക്രീനില്‍ നമ്പര്‍ 9 എന്ന് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം എന്നെ നിര്ബന്ധിച്ചു ഡോക്ടറുടെ മുറിയിലേക്ക് പറഞ്ഞയച്ചു. ക്ലിനിക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍ എന്നോട് ഉടന്‍ അത്യാഹിത വാര്‍ഡില്‍ അഡ്മിറ്റ് ആകുവാന്‍ നിര്‍ദ്ദേശിച്ചു. പുറത്തിറങ്ങിയ ഞാന്‍ എനിക്ക് ടോക്കണ്‍ തന്ന വ്യക്തിയെ അവിടെയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടില്ല.

തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഞാന്‍ അഡ്മിറ്റ് ആയി. ഡോക്ടര്‍ വരികയും പരിശോധനകള്‍ക്കു ശേഷം എന്റെ ശരീരത്തു
അത്യാവശ്യമായി രക്തം കയറ്റുന്നതിനുള്ള നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു. എന്നാല്‍ നടപടിക്രമങ്ങളിലുണ്ടായ താമസം മൂലം രാത്രി ഏകദേശം 10  മണിയായപ്പോള്‍ ശരീരത്തു രക്തം തീരെയില്ലാത്തതിനാല്‍ ഞാന്‍ കോമയിലായി. തുടര്‍ന്ന് മരണസമാനമായ അവസ്ഥയിലൂടെ കടന്നു പോകവേ ആശുപത്രിയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ സുഹൃത്ത് എന്നെ ആ അവസ്ഥയില്‍ കണ്ട് നഴ്‌സിംഗ് റൂമില്‍ അറിയിച്ചു. ഉടന്‍തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും പാഞ്ഞെത്തി എന്റെ ശരീരത്തു രക്തം കയറ്റി രാത്രി ഏകദേശം 11 മണിയോടെ ഞാന്‍ താല്‍ക്കാലികമായി അപകടകരമായ അവസ്ഥ തരണം ചെയ്തു.

അങ്ങിനെ യാതൊരു പരിചയവുമില്ലാത്ത വിദേശിയായ ഒരു മനുഷ്യന്റെ പരിശുദ്ധ റമദാനിലെ സക്കാത്താണ് ഇന്ന് എന്നില്‍ നിലനില്‍ക്കുന്ന ബാക്കി ജീവന്‍. എന്റെ ടോക്കണ്‍ പ്രകാരം ആയിരുന്നെങ്കില്‍, ഈ ഒരു അപകടാവസ്ഥയെ തരണം ചെയ്യുവാനോ ഇന്ന് നിങ്ങളോടു പരിശുദ്ധ റമദാനിലെ സക്കാത്തിന്റെ ഞാന്‍ അറിഞ്ഞ അര്‍ത്ഥതലത്തെ നിങ്ങളുമായി പങ്കു വയ്ക്കുവാനോ സാധിക്കുമായിരുന്നില്ല എന്ന് ഓര്‍ക്കുമ്പോഴാണ് ഈ ഒരു സക്കാത്തിന്റെ പ്രാധാന്യം മനസ്സിലാവൂ..
എന്തായാലും വൃദ്ധനായ ആ മനുഷ്യ സ്‌നേഹി ആശുപത്രിയില്‍ വന്നു ടോക്കണ്‍ എടുത്തത് തീര്‍ച്ചയായും അദ്ദേഹത്തിന് ശാരീരിക വൈഷമ്യം ഉള്ളതിനാല്‍ ആയിരിക്കുമല്ലോ. അപ്പോള്‍ തന്റെ വൈഷമ്യങ്ങളെ മറന്ന് മറ്റുള്ളവരുടെ വിഷമത്തെക്കുറിച്ചു ചിന്തിക്കുവാനും, ഒപ്പം മറ്റുള്ളവരെ പരിഗണിക്കുവാനും ഉള്ള മഹാമനസ്‌കത അദ്ദേഹത്തിന് ലഭിച്ചത് റമദാനിലെ അദ്ദേഹത്തിന്റെ നോമ്പില്‍ നിന്നാണെന്ന് 'സക്കാത്ത് ഹബീബി, ഇത് ദൈവത്തിനു മുന്‍പില്‍ ഉള്ള എന്റെ ഇന്നത്തെ സക്കാത്താണ്. ദയവായി സ്വീകരിക്കുക' എന്ന വാക്കുകളില്‍ നിന്നും  വ്യക്തം.

എന്തായാലും പരിശുദ്ധ റമദാനില്‍ ഇത് അല്ലാഹുവിനുള്ള എന്റെ സക്കാത്താണ് എന്ന് പറഞ്ഞു തനിക്കു കിട്ടിയ സമയത്തിന്റെ ആനുകൂല്യം  എനിക്ക് വച്ച് നീട്ടിയ അജ്ഞാതനായ, സഹോദരാ അങ്ങ് അറിയുന്നുണ്ടോ അങ്ങ് എനിക്ക് വച്ച് നീട്ടിയത് ഒരു ജീവന്‍ തന്നെ ആയിരുന്നു എന്ന് ??.

റമദാന്‍ നോമ്പിനും സക്കാത്തിനും ഞാന്‍ കൊടുത്തിരുന്ന എല്ലാവിധ അര്‍ത്ഥതലങ്ങളെയും മാറ്റിമറിച്ചു കൊണ്ട് അപരിചിതനായ ആ മനുഷ്യന്‍ സക്കാത്തിന് ഒരു പുതിയ അര്‍ത്ഥം എനിക്ക് പകര്‍ന്നു തന്നു. അതെ പണമോ ആഹാരമോ മാത്രമല്ല ദാനധര്‍മ്മമെന്നും നമുക്കുള്ളത് എന്തും മറ്റുള്ളവനുമായി പങ്കു വയ്ക്കുന്നതാണ് ദാനധര്‍മ്മമെന്നുള്ള ആ അറിവ് എന്റെ ജീവിതത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ്.
അങ്ങനെ തനിക്കുള്ളതെന്തും മറ്റുള്ളവര്‍ക്ക് പങ്കു വയ്ക്കുന്നതാണ് ശരിയായ സക്കാത്ത് എന്ന അറിവാണ് ഞാനറിഞ്ഞ റമദാന്‍. ശരിയായ റമദാന്‍ നോമ്പ് എങ്ങിനെ ഒരു വ്യക്തിയെ ഒരു മഹത് വ്യക്തിത്വമാക്കി മാറ്റുമെന്ന് ഇതില്‍പ്പരംതെളിവ്വേണോ?

 

Latest News