Sorry, you need to enable JavaScript to visit this website.

യുപിയില്‍ ആള്‍ക്കൂട്ടം മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; പശുക്കൊലയെന്ന് ബന്ധുക്കള്‍, അല്ലെന്ന് പോലീസ്

ഹാപൂര്‍- ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ ഗോവധ അഭ്യൂഹത്തെ തുടര്‍ന്ന് ഗോരക്ഷാ ഗുണ്ടകള്‍ രണ്ടു മുസ്ലിംകളെ വഴിയില്‍ തടഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചു. ഇവരിലൊരാള്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് മരിച്ചു. 45-കാരനായ ഖാസിം ആണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന 65-കാരന്‍ സാമിയുദ്ദീനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ പോലീസ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാസിമിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

അതേസമയം ഈ ആള്‍കൂട്ട കൊലപാതകം പശുവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും റോഡപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതാണെന്നുമാണ് പോലീസ് പക്ഷം. പ്രതികളായ യുധിഷ്ഠിര്‍ സിങ്, രാകേഷ് സിസോദിയ എന്നിവരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരിച്ചറിയാത്ത മറ്റുള്ളവര്‍ക്കെതിരേയും കേസുണ്ട്. എന്നാല്‍ പോലീസ് വാദം ആക്രമത്തിനിരയായവരുടെ കുടുംബം തള്ളി. പശുവിന്റെ പേരിലായിരുന്നു ഈ ആള്‍ക്കൂട്ട മര്‍ദനമെന്ന് ആക്രമിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സാമിയുദ്ദീന്റെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്.

ഹര്‍പൂര്‍ ജില്ലയിലെ പിലഖുവയിലെ മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ മദാപൂരിനേയും ഠാക്കൂര്‍ ഭൂരിപക്ഷ ഗ്രാമമായ ബഗേര ഖുര്‍ദ് ഗ്രാമത്തേയും വേര്‍ത്തിരിക്കുന്ന കരിമ്പു പാടത്തു വച്ചാണ് ഖാസിമും സാമിയുദ്ദീനും ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായത്. 'ഖാസിമും സാമിയുദ്ദീനും മദാപൂരില്‍ നിന്ന് ബഗേര ഖുര്‍ദിലേക്ക് നടന്നു പോകുന്നതിനിടെ ഒരു ബൈക്ക് വന്നിടിച്ചു. തുടര്‍ന്ന് പ്രദേശവാസികളുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനു കാരണമായത്. ആക്രമികള്‍ ബഗേര ഖുര്‍ദ് ഗ്രാമത്തില്‍ നിന്നും കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി മര്‍ദിക്കുകയായിരുന്നു എന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവം അന്വേഷിച്ചു വരികയാണ്. പശുവിനെ അറുക്കാന്‍ ഇവര്‍ ശ്രമിച്ചതിന് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇവരുടെ പക്കലില്‍ നിന്ന് ആയുധങ്ങളും ലഭിച്ചിട്ടില്ല- ഹര്‍പൂര്‍ ജില്ലാ പോലീ്‌സ് മേധാവി സങ്കല്‍പ് ശര്‍മ പറഞ്ഞു. 

ഈ ആള്‍കൂട്ട കൊലപാതകം പശുവിന്റെ പേരിലല്ലെന്ന പോലീസ് വാദത്തിന് എതിരാണ് ഖാസിമിനെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും കുടുംബത്തിന്റെ വിശദീകരണവും. ഖാസിം പശുവില്‍പ്പനക്കാരനാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. ഒരു ഫോണ്‍വിളി വന്നതിനെ തുടര്‍ന്നാണ് അദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയത്. 70,000 രൂപയോളം കൈവശം വച്ചിരുന്നു. വൈകുന്നേരത്തോടെ തിരിച്ചെത്താമെന്നും പറഞ്ഞു. പശുക്കളെ വാങ്ങി വില്‍പ്പന നടത്താന്‍ സാധാരണ സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാറുള്ള ആളാണ് ഖാസിം. ഈ യാത്രയും ഇതുമായി ബന്ധപ്പെട്ടാകുമെന്നാണ് കരുതിയത്-ഖാസിമിന്റെ മരുമകള്‍ അര്‍ശി പറയുന്നു. ഖാസിം വീട്ടില്‍ നിന്നിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തു വച്ച് മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിച്ച വിവരം ചിലര്‍ വീട്ടില്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോ ദൃശ്യത്തിലും ആക്രമികള്‍ ഗോരക്ഷാ ഗുണ്ടകാളെന്നു വ്യക്തമാണ്. 'രണ്ടു മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ഇവിടെ എത്തിയിരുന്നില്ലെങ്കില്‍ ഇവര്‍ പശുക്കളെ അറുക്കുമായിരുന്നു,' എന്ന് ആക്രമി സംഘത്തില്‍പ്പെട്ടയാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇയാല്‍ ഒരു അറവുകാരനാണെന്ന് മറ്റൊരാള്‍ ആക്രോശിക്കുന്നതും കേള്‍ക്കാം. അതിനിടെ മര്‍ദ്ദനം നിര്‍ത്തണമെന്നും പ്രത്യാഘാതമുണ്ടാകുമെന്നു മറ്റൊരാള്‍ ആക്രമികള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതും കേള്‍ക്കാം. മര്‍ദ്ദനമേറ്റ് അവശനായി നിലത്തു വീണു കിടക്കുന്ന ഖാസിം വെള്ളം ചോദിക്കുന്നുണ്ടെങ്കിലും ആരും നല്‍കുന്നില്ല. ഒടുവില്‍ കുഴഞ്ഞു വീഴുന്നതും വിഡിയോയിലുണ്ട്. 


 

Latest News