സുരക്ഷയില്‍ ആശങ്ക: ആതിഖ് അഹമ്മദിന്റെ  കൊലയാളികളെ പ്രയാഗ്‌രാജ് ജയിലില്‍ നിന്ന് മാറ്റി

ലഖ്‌നൗ- ഗുണ്ടാത്തലവനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന ആതിഖ് അഹമ്മദിനേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ പ്രതികളെ സുരക്ഷാകാരണങ്ങളാല്‍ ജയില്‍ മാറ്റി. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജിലെ നൈനി ജയിലില്‍ നിന്ന് പ്രതാപ്ഗര്‍ ജയിലിലേക്കാണ് സണ്ണി സിങ്, അരുണ്‍ മൗര്യ, ലവ്‌ലേഷ് തൊവാരി എന്നീ പ്രതികളെ വന്‍ പോലീസ് സുരക്ഷയോടെ മാറ്റിയത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം നൈനി ജയിലില്‍ മൂന്ന് പ്രതികള്‍ക്ക് നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ജയില്‍ മാറ്റാനുള്ള നടപടികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കിയത്. ആതിഖ് അഹമ്മദിന്റെ സംഘത്തെ ഇല്ലായ്മ ചെയ്ത് കുപ്രസിദ്ധി നേടാനുള്ള ശ്രമമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം. പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
രണ്ട് മാസത്തിനുള്ളില്‍ കൊലപാതകങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് പ്രത്യേക അന്വേഷണസംഘങ്ങളെ (എസ്‌ഐടി) ചുമതലപ്പെടുത്തുമെന്ന് പോലീസ് വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.മാധ്യമപ്രവര്‍ത്തകരാണെന്ന വ്യാജേനയെത്തിയാണ് പ്രതികള്‍ നിറയൊഴിച്ചത്. ഇവരുടെ പക്കല്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ രേഖകള്‍, മൈക്രോഫോണ്‍, ക്യാമറ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു.

Latest News