ഷഹീന്‍ബാഗിനെതിരെ വിവാദ പരാമര്‍ശവുമായി എ.ഡി.ജി.പി

കോഴിക്കോട് - ദല്‍ഹിയിലെ ഷഹീന്‍ബാഗിനെ തീവ്ര ആശയഗതിക്കാരായ മൗലികവാദികളുടെ കേന്ദ്രമെന്ന  പരാമര്‍ശവുമായി എ.ഡി.ജി.പി എം.ആര്‍ അജിത്ത്കുമാര്‍. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന്റെ അന്വേഷണ പുരോഗതി മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഷഹീന്‍ബാഗിനെതിരേ  മോശം പരാമര്‍ശം നടത്തിയത്.
ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി വന്ന ഏരിയയെ കുറിച്ച്  നിങ്ങള്‍ക്ക് അറിയാമല്ലോ, ആ സ്ഥലത്തിന്റെ പ്രത്യേകതയും അറിയാമല്ലോ എന്നായിരുന്നു കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പിയുടെ പരാമര്‍ശം. സ്ഥലപ്പേര് പരാമര്‍ശിച്ചില്ലെങ്കിലും ഷാരൂഖ് സെയ്ഫി വന്ന സ്ഥലം എന്ന് പറഞ്ഞതിലൂടെ ഷഹീന്‍ ബാഗിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യം കണ്ട ഏറ്റവും ശക്തമായ സമരത്തിലൂടെ പ്രശസ്തി നേടിയ സ്ഥലത്തെ കുറിച്ചാണ് എ.ഡി.ജി.പി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോസ്ഥന്‍ മുന്‍വിധിയോടെ സംസാരിച്ചത്. എ.ഡി.ജി.പി എം.ആര്‍ അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള ട്രെയിന്‍ തീവെപ്പ്  കേസന്വേഷണത്തെ കുറിച്ച് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. മാധ്യമങ്ങളില്‍നിന്ന് അന്വേഷണ വിവരങ്ങള്‍ മറച്ചുവെക്കുന്നതായും ആരോപണമുണ്ട്. ഇതിനിടെയാണ് അദ്ദേഹം ഇന്നലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി വിശദീകരിച്ചപ്പോള്‍ വിവാദ പരാമര്‍ശം നടത്തിയതും.
അന്വേഷണോദ്യോഗസ്ഥര്‍ തന്നെ  മുന്‍ വിധിയോട് കൂടി കാര്യങ്ങളെ സമീപിക്കുന്നുവെന്നും സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും സി.പി.എം, സി.പി.ഐ. കക്ഷികള്‍ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു.

 

 

Latest News