കശ്മീരില്‍ ഗവര്‍ണറുടെ ആദ്യ നടപടി എന്തായിരിക്കും?

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത ഗവര്‍ണര്‍ എന്‍.എന്‍. വോറയുടെ ആദ്യ നടപടി എന്തായിരിക്കും. പി.ഡി.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച പശ്ചാത്തലത്തില്‍ പരമാവധി മുതലെടുക്കാനും ജമ്മുവില്‍ അതു നേട്ടമാക്കി മാറ്റാനും ബി.ജെ.പി ശ്രമങ്ങള്‍ തുടങ്ങി.
നൂറു കണക്കിനു കശ്മീരി യുവാക്കള്‍ പ്രതികളായ കല്ലേറു കേസുകള്‍ ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ റദ്ദാക്കണമെന്ന് ബി.ജെ.പി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍ ആവശ്യപ്പെട്ടു.
കല്ലേറുകള്‍ക്ക് ഇരയായ സൈനികരുടെ വ്യക്തിപരമായ അനുമതിയില്ലാതെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നതെന്ന് ഗവര്‍ണര്‍ എന്‍.എന്‍ വോറക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി റദ്ദാക്കണമെന്നാണ് ആവശ്യം.
ആദ്യമായി കല്ലേറു കേസില്‍ കുടുങ്ങിയവരുടെ വിചാരണ ഒഴിവാക്കാനുള്ള തീരുമാനം കഴഞ്ഞ ഫെബ്രുവരിയിലാണ് മെഹബൂബ മുഫ്തി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നത്. 2008 നും 2017നുമിടയിലുള്ള കല്ലേറ് കേസുകള്‍ പിന്‍വലിക്കാനാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

Latest News