കുറ്റിപ്പുറം-രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു മനുഷ്യരെ ഒന്നിപ്പിക്കാനായാല്‍ അതാണ് ഏറ്റവും മികച്ച സാമൂഹ്യപ്രവര്‍ത്തനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മലബാറിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന നാരായണന്‍ മാസ്റ്റര്‍ സ്മാരക പ്രഥമ നൈതികതാ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ത്തമാനകാലത്ത് ഏറ്റവും ശക്തമായി നടക്കുകയാണ്. കുറ്റിപ്പുറത്തെ നാരായണന്‍ മാസ്റ്ററെ പോലുള്ള പാര്‍ട്ടി നേതാക്കള്‍ മുറുകെ പിടിച്ച സ്നേഹത്തിന്റെയും സഹനത്തിന്റെയും രാഷ്ട്രീയപ്രവര്‍ത്തനം ഇന്നിന്റെ കലുഷിതമായ സാഹചര്യങ്ങളെ മറികടക്കാന്‍ ഏറെ പ്രചോദനം നല്‍കുന്നതാണ്. ചുറ്റുമുള്ള സമൂഹത്തിന്റെ വേദനക്കും കണ്ണീരിനും പരിഹാരം കണ്ടെത്താനായിരുന്നു പഴയകാല നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങിയത്. അവരുടെ ജീവിതത്തെ ആവേശവും മാതൃകയുമാക്കിയാണ് പതിനായിരങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും ആകര്‍ഷിക്കപ്പെട്ടതും മുന്നണിപോരാളികളായതും. മതനിരപേക്ഷതക്കും തുല്യനീതക്കും വേണ്ടി നിലകൊണ്ട മുന്‍കാല നേതാക്കളുമായുള്ള സഹവാസമാണ് തന്നിലെ പൊതുപ്രവര്‍ത്തകനെ രൂപപ്പെടുത്തിയത്. ജനപക്ഷ സമീപനവുമായി മുന്നോട്ട് പോകാന്‍ എന്നും കരുത്താകുന്ന നാരായണന്‍ മാസ്റ്ററെ പോലുള്ള നിസ്വാര്‍ഥരായ നേതാക്കളുടെ ജീവതമാണ്- കാനം വ്യക്തമാക്കി. നാരായണന്‍ മാസ്റ്ററുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച രാഷ്ട്രീയ നൈതികതാ സമ്മേളനത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷണ്ന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എം.പി നിര്‍വഹിച്ചു. സിപിഐ സംസ്ഥാന
അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീര്‍ അധ്യക്ഷത വഹിച്ചു. കെ.ടി ജലീല്‍ എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍
എം.എല്‍.എ, സത്യന്‍ മൊകേരി, സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, അജിത് കൊളാടി, പി. തുളസീദാസ് മേനോന്‍, പി. സുബ്രഹ്മണ്യന്‍, അഡ്വ. ദീപനാരായണന്‍, എം. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു. കുറ്റിപ്പുറം സബ്ജില്ലയിലെ മികച്ച ലൈബ്രറികള്‍ക്ക് കെ. നാരായണന്‍ മാസ്റ്റര്‍ എന്‍ഡോവ്മെന്റ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സമ്മാനിച്ചു. രാഷ്ട്രീയ നൈതികതാ സമ്മേളനത്തിന്റെ ഭാഗമായി ഇഫ്താര്‍ വിരുന്നും ഒരുക്കിയിരുന്നു.