ബംഗളൂരു- ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന് സ്വന്തം നിയമസഭ മണ്ഡലത്തിൽ വൈകാരിക സ്വീകരണം. കോൺഗ്രസിൽ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം സ്വന്തം മണ്ഡലത്തിലെത്തിയ ഷെട്ടാറിന് വൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്.
ഒരു വീഡിയോയിൽ, ജഗദീഷ് ഷെട്ടാറിന്റെ ഭാര്യ ശിൽപ അദ്ദേഹത്തിന് സമീപത്തിരുന്ന് കരയുന്നത് കാണാം. മേയ് 10ന് നടക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ ഷെട്ടാറിന് ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല. തുടർന്നാണ് ഇദ്ദേഹം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
ബി.ജെ.പി.യിലെ ഉന്നത നേതാക്കളുമായി ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ലിംഗായത്ത് നേതാവ് കൂടിയായ ഷെട്ടാർ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത്. തന്റെ മണ്ഡലമായ ഹുബ്ബാലിധാർവാഡിൽ നിന്ന് മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക നൽകുകയും ചെയ്തു.
ഹുബ്ബാലിയിലെ വീട്ടിൽ എത്തിയപ്പോൾ ഷെട്ടറുടെ ഭാര്യ പൊട്ടിക്കരഞ്ഞു. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിനു നേരെ റോസാപ്പൂക്കൾ ചൊരിഞ്ഞു. ഇന്നലെ രാത്രി ഒരു പ്രത്യേക ഹെലികോപ്റ്ററിൽ ഷെട്ടർ ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നു. മുതിർന്ന നേതാവെന്ന നിലയിൽ ബി.ജെ.പി ടിക്കറ്റ് നൽകുമെന്ന് ഞാൻ കരുതി, പക്ഷേ എനിക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആരും എന്നോട് സംസാരിക്കുകയോ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്തില്ല- 'ഷെട്ടാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ കെട്ടിപ്പടുത്ത പാർട്ടിയിൽ നിന്ന് തന്നോട് മോശമായി പെരുമാറുകയും ബലമായി പുറത്താക്കുകയും ചെയ്തു. കോൺഗ്രസിന്റെ ആശയങ്ങളും തത്വങ്ങളും അംഗീകരിച്ചാണ് ഞാൻ കോൺഗ്രസിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജഗദീഷ് ഷെട്ടാർ പാർട്ടിയിൽ ചേർന്നത് കർണ്ണാടക രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ നേട്ടമാകും. പ്രബലരായ ലിംഗായത്ത് വോട്ട് ബാങ്കിനെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കുന്നതിൽ വ്യക്തമായി ശ്രദ്ധ പതിപ്പിക്കാൻ ജഗദീഷ് ഷെട്ടാറിന്റെ വരവ് കോൺഗ്രസിനെ സഹായിക്കും.
ഷെട്ടാറിന്റെ മാറ്റം കർണാടകയിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. ലിംഗായത്ത് വോട്ട് ബാങ്ക് ഇതുവരെ ബി.ജെ.പിക്കൊപ്പമായിരുന്നു.എന്നാൽ ഇനി ഷെട്ടാറുടെ ഒപ്പം നിൽക്കുന്ന കുറെയേറെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേരുന്നതോടെ പ്രബല സമുദായത്തിൽ വ്യക്തമായ മുന്നേറ്റം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിക്കും. ബി.ജെ.പി വിട്ട മുതിർന്ന ലിംഗായത്ത് നേതാക്കളായ ലക്ഷ്മൺ സാവദിയും ഷെട്ടാറും അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഷെട്ടാർ പുറത്തായത് സമുദായത്തിന് തിരിച്ചടിയാണെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. ബി.ജെ.പിക്കുള്ളിൽ ലിംഗായത്ത് നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷെട്ടാർ പറഞ്ഞിരുന്നു. ഷെട്ടാറിനെയും ലക്ഷ്മൺ സാവദിയെയും പാർട്ടിയുടെ ലിംഗായത്ത് മുഖങ്ങളായി പാർട്ടി ഉയർത്തിക്കാട്ടി തുടങ്ങിയതായി കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തി. നാളിതുവരെ, ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള സമാന ബഹുജന നേതാക്കൾ കോൺഗ്രസിൽ ഉണ്ടായിരുന്നില്ല. 1990-ൽ അന്തരിച്ച മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിന്റെ അപ്രതീക്ഷിത വിജയത്തിന് ശേഷം ലിംഗായത്ത് വോട്ട് ബാങ്ക് കോൺഗ്രസിനെ കൈവിട്ടു. ലിംഗായത്ത് ശക്തനായ പാട്ടീലിന്റെ നേതൃത്വത്തിൽ 1989-ൽ 224 എം.എൽ.എ സീറ്റുകളിൽ 178 സീറ്റും കോൺഗ്രസ് നേടിയിരുന്നു. ഇത് ഇതുവരെയുള്ള ഏറ്റവും വലിയ വിജയമാണ്. ലിംഗായത്ത് വോട്ട് ബാങ്കിനെ തങ്ങളുടെ ഭാഗത്തേക്ക് ആകർഷിക്കാനുള്ള സുവർണാവസരമായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെ പാർട്ടി കാണുന്നത്. യെദ്യൂരപ്പ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതോടെ, ലിംഗായത്ത് വോട്ട് ബാങ്ക് നിലനിർത്തുക ബി.ജെ.പിക്ക് പ്രയാസകരമാകും.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. ഷെട്ടാർ ചേർന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള അദ്ദേഹത്തിന്റെ അനുയായികളും നേതാക്കളും പാർട്ടിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതാത് സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ചേരുന്നതിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കാൻ ഡി.സി.സി ഭാരവാഹികളെ അധികാരപ്പെടുത്തിയെന്നും ശിവകുമാർ പറഞ്ഞു. ബി.ജെ.പിയിൽ യെദ്യൂരപ്പയാണ് മുൻനിര നേതാവ്, രണ്ടാമത് ഷെട്ടാർ. യെദ്യൂരപ്പയെ ബി.ജെ.പി അപമാനിച്ചു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കി. രാജിസമയത്ത് അദ്ദേഹം (യെദ്യൂരപ്പ) കരഞ്ഞു. യെദ്യൂരപ്പ കഴിഞ്ഞാൽ ലിംഗായത്ത് സമുദായ നേതാവാണ് ഷെട്ടാർ. ഷെട്ടാറിന് ടിക്കറ്റ് നിഷേധിച്ചത് ദുരൂഹമാണ്. അത് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തിനും സമൂഹത്തിനും അനുയായികൾക്കും ഭീഷണിയായി. 'ജഗദീഷ് ഷെട്ടാർ വടക്കൻ കർണാടക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആളല്ല. സംസ്ഥാനമൊട്ടാകെയുള്ള നേതാവാണ് അദ്ദേഹം. ആരോപണങ്ങളൊന്നുമില്ലാത്ത അദ്ദേഹത്തെപ്പോലുള്ള ഒരാൾക്ക് ടിക്കറ്റ് നിഷേധിച്ചത് ബി.ജെ.പി ചെയ്യുന്ന വലിയ കുറ്റമാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു.






