മ്യാന്‍മറില്‍ ബുദ്ധിസ്റ്റ് പുതുവത്സര ദിനത്തോടനുബന്ധിച്ച് മൂവായിരത്തിലേറെ തടവുകാരെ മോചിപ്പിക്കുന്നു

നാപിഡേ- മ്യാന്‍മറില്‍ ബുദ്ധിസ്റ്റ് പുതുവത്സരത്തോടനുബന്ധിച്ച് സൈനിക ഭരണകൂടം മൂവായിരത്തിലേറെ തടവുകാരെ മോചിപ്പിക്കുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നവരില്‍ 98 വിദേശികളുമുണ്ട്. എന്നാല്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. 

മ്യാന്‍മര്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ചാനലായ എം. ആര്‍. ടി. വി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3113 പേരെയാണ് ഭരണകൂടം മോചിപ്പിക്കുന്നത്. സൈന്യം അധികാരമേറ്റതുമുതല്‍ തടവിലാക്കിയവരാണ് മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും എന്നാല്‍ രാജ്യത്തിന്റെ നിയമത്തിനെതിരായി വീണ്ടും കുറ്റം ചെയ്യുന്നവരെ തുടര്‍ന്നും അറസ്റ്റു ചെയ്യുമെന്നും അവര്‍ അധിക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സൈനിക വക്താവായ ലെഫ്റ്റനന്റ് ജനറല്‍ ആങ് ലിന്‍ ദിവെ അറിയിച്ചു. 

2021 ഫെബ്രുവരിയില്‍ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണം നിയന്ത്രിക്കുന്ന മ്യാന്‍മറില്‍ മുന്‍ പ്രധാനമന്ത്രിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി ഉള്‍പ്പെടെ 17460 രാഷ്ട്രീയ തടവുകാരുണ്ട്.

Latest News