Sorry, you need to enable JavaScript to visit this website.

വികസനത്തിനും പരിവര്‍ത്തനത്തിനും ഗതിവേഗം പകര്‍ന്ന നേതാവ്; സൗദി ജനത ആഘോഷത്തില്‍

റിയാദ്- ചരിത്രത്തില്‍ മുമ്പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത നിലക്ക് ആധുനിക സൗദി അറേബ്യയില്‍ വികസനത്തിനും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശി പദവിയില്‍ അവരോധിതനായതിന്റെ ആറാം വാര്‍ഷികം റമദാന്‍ 26 ന് സ്വദേശികളും വിദേശികളും ആഘോഷിക്കുകയാണ്. തന്റെ വിവേകവും ദീര്‍ഘവീക്ഷണവും, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും ബുദ്ധിമുട്ടുള്ളതും ശരിയായതുമായ തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവും കൊണ്ട് ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൊന്നിന് പരിഹാരം കാണുന്നതില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിജയിച്ച ദിവസങ്ങളിലാണ് ഇത്തവണ കിരീടാവകാശി പദവി ഏറ്റെടുത്തതിന്റെ ആറാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്.
ഭീഷണികളും കുതന്ത്രങ്ങളും പ്രസ്താവനകളും എമ്പാടും കണ്ട, ഏഴു വര്‍ഷത്തോളം നീണ്ട പിരിമുറുക്കത്തിനും അകല്‍ച്ചക്കും വിരാമമിട്ട് സൗദി, ഇറാന്‍ ബന്ധത്തിന്റെ തിരിച്ചുവരവില്‍ ലോകം മുഴുവന്‍ അമ്പരന്നു. സിറിയയെയും അതിനു മുമ്പ് ഇറാഖിനെയും അറബ് മടിത്തട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ കിരീടാവകാശി നടത്തിയ വലിയ ശ്രമങ്ങള്‍ക്കൊപ്പമാണ് സൗദി, ഇറാന്‍ ബന്ധവും സാധാരണ നിലയിലാകുന്നത്.
സൗദി രാഷ്ട്രീയ തീരുമാനത്തിന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെടുത്തി. ഇതുമൂലം പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ശത്രുതാപരമായ നിലപാടുകള്‍ അദ്ദേഹം നേരിട്ടു. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തോടെയും സ്ഥിരോത്സാഹത്തോടെയും ഈ ലക്ഷ്യം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മഹത്തായ സൗദി അറേബ്യ എന്ന മുദ്രാവാക്യവും ഈ സമീപനത്തിന്റെ മുന്‍ഗണനകളിലുള്ള താല്‍പര്യവും ഉള്‍ക്കൊള്ളുന്ന പ്രധാന അന്താരാഷ്ട്ര സഖ്യങ്ങളുടെയും കരാറുകളുടെയും പരമ്പര മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സാധ്യമാക്കി.
ലോക വേദിയില്‍ പ്രധാനവും സ്വാധീനമുള്ളതുമായ പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആഭ്യന്തര വിജയവും ദേശീയ സ്ഥിരതയും ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളില്‍ ഫലങ്ങള്‍ നല്‍കുമെന്നതിന്റെ അടിസ്ഥാനത്തില്‍, ആഭ്യന്തര തലത്തില്‍ വികസനം കൈവരിക്കാനുള്ള എല്ലാ ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്ന, മുഴുവന്‍ മേഖലകളെയും സ്വാധീനിക്കുന്ന ഒരു കാഴ്ചപ്പാട് കിരീടാവകാശി തയാറാക്കുകയും അംഗീകരിക്കുകയും ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതിനിടെ ആഗോള സമ്പദ്‌വ്യവസ്ഥക്കും മേഖലാ സമ്പദ്‌വ്യവസ്ഥക്കും സൗദി അറേബ്യ പ്രശോഭിതമായ കേന്ദ്രമായി മാറിയതായി കഴിഞ്ഞ ജനുവരിയില്‍ ദാവോസ് ലോക സാമ്പത്തിക ഫോറത്തില്‍ ഐ.എം.എഫ് ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റാലിനാ ജോര്‍ജിയേവ പറഞ്ഞിരുന്നു. വിഷന്‍ 2030 പദ്ധതി നടപ്പാക്കുന്നതില്‍ സൗദി അറേബ്യ കൈവരിച്ച പുരോഗതിയുടെ നിലവാരത്തില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്നും ഐ.എം.എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഇരുണ്ട ആഗോള സമ്പദ്‌വ്യവസ്ഥയുടെ പരിസരത്ത് സൗദി വികികരണം ഉണ്ടായത് ഭാഗ്യത്തിന്റെയോ യാദൃശ്ചികതയുടെയോ ഫലമല്ല, മറിച്ച്, ആറു വര്‍ഷം മുമ്പ് ആരംഭിച്ച തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ആറു വര്‍ഷം മുമ്പാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചത്. കഴിഞ്ഞ അര ദശകത്തില്‍ സൗദി സമ്പദ്‌വ്യവസ്ഥ ഗണ്യമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനും വൈവിധ്യമാര്‍ന്ന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും ഗവണ്‍മെന്റ് വലിയ ശ്രമങ്ങള്‍ നടത്തി.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും മാറ്റങ്ങളും നടപ്പാക്കി. ഇവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ചുക്കാന്‍ പിടിച്ചത് കിരീടാവകാശിയായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നവീകരിക്കാനും പരിവര്‍ത്തിപ്പിക്കാനും ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഗോഡ്ഫാദറാണ് കിരീടാവകാശി. കഴിഞ്ഞ ആറു വര്‍ഷമായി സൗദി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകങ്ങളിലൊന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും എണ്ണയിതര മേഖലകള്‍ വികസിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയതുമാണ്. ചെറുകിട, ഇടത്തരം കമ്പനികളെ പിന്തുണക്കാനും ടൂറിസം, പുനരുപയോഗ ഊര്‍ജം, ഖനനം, സൈനിക വ്യവസായം, വിനോദം, സംസ്‌കാരം അടക്കം നിരവധി മേഖലകളില്‍ വലിയ തോതില്‍ നിക്ഷേപങ്ങള്‍ നടത്താനും ഊന്നല്‍ നല്‍കി.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ജലം, കൃഷി, ഊര്‍ജം, ധനം, മാധ്യമം അടക്കമുള്ള മേഖലകളില്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത് സൗദി സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിച്ച പ്രധാന മാറ്റങ്ങളായിരുന്നു. ഇത് കമ്പനികള്‍ക്കും വ്യവസായികള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News