Sorry, you need to enable JavaScript to visit this website.

ഗ്യാൻവ്യാപിയിൽ അംഗശുദ്ധിക്ക് കൂടുതൽ സൗകര്യം; നാളെ യോഗം വിളിക്കാൻ കലക്ടർക്ക് നിർദ്ദേശം

ന്യൂദൽഹി- വാരാണസിയിലെ ഗ്യാൻവ്യാപി മോസ്‌കിനുള്ളിൽ നോമ്പുകാലത്ത് നമസ്‌കാരത്തിന് മുമ്പായി അംഗശുദ്ധി വരുത്താൻ കൂടുതൽ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കലക്ടറോട് നാളെ പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. 
മോസ്‌കിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലത്തോട് ചേർന്നാണ് മുൻപ് ശുചീകരണത്തിന് കൂടുതൽ സൗകര്യങ്ങളുണ്ടായിരുന്നത്. എന്നാൽ, സർവേ നടന്നതിന് ശേഷം കോടതി നിർദേശ പ്രകാരം ഈ ഭാഗം പ്രത്യേകം സംരക്ഷിച്ചു മാറ്റി നിർത്തിയിരിക്കുകയാണ്. അതിനാൽ അംഗശുദ്ധി വരുത്താൻ കൂടുതൽ സൗകര്യം അനുവദിക്കണമെന്ന് അധികൃതർക്ക് നൽകണമെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ ഹുഫേസ് അഹമ്മദി ആവശ്യപ്പെട്ടു. 
അതേസമയം, അംഗശുദ്ധിക്ക് ഇപ്പോൾ തന്നെ സൗകര്യങ്ങളുണ്ടെന്നാണ് യു.പി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്. ടോയ്ലറ്റ് സ്ഥാപിക്കണമെന്നത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. ഒരു വിഭാഗം ഫൗണ്ടൻ ആയിരുന്നെന്നും മറ്റൊരു വിഭാഗം ശിവലിംഗമാണെന്നുമാണ് വാദിക്കുന്നത്. അതിനാൽ സ്ഥലത്തിന്റെ പവിത്രതയെ ബാധിക്കുമെന്നും തുഷാർ മേത്ത വാദിച്ചു. മൊബൈൽ ടോയ്ലറ്റുകളുടെ കാര്യം അഹമ്മദി ചൂണ്ടിക്കാട്ടിയപ്പോഴും സ്ഥലത്തിന്റെ പവിത്രതയെ ബാധിക്കുമെന്നായിരുന്നു മറുപടി.
 

Latest News