Sorry, you need to enable JavaScript to visit this website.

വന്ദേഭാരത് കുതിച്ചത് 110 കിലോമീറ്റർ വേഗത്തിൽ, പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ സൗകര്യം

കണ്ണൂർ-ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി ആദ്യമായി കണ്ണൂരിലെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ്  കുതിച്ചെത്തിയത് 110 കിലോമീറ്റർ വേഗത്തിൽ. വന്ദേഭാരത് എക്‌സ്പ്രസ്  ട്രയൽ റണ്ണിൽ ഷൊർണൂർ മുതൽ സഞ്ചരിച്ചത് 110 കിലോമീറ്റർ വേഗത്തിലാണെന്ന്  ട്രെയിൻ നിയന്ത്രിച്ച ലോക്കോ പൈലറ്റ് എ.ഐ. കുര്യാക്കോസ് പറഞ്ഞു. ഷൊർണൂർ മംഗലാപുരം റൂട്ടിൽ സെക്ഷണൽ സ്പീഡ് 110 കിലോമീറ്റർ ആണ്.  കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സെക്ഷനുകളിൽ 80, 90, 100 കിലോമീറ്റർ എന്നിങ്ങനെ വേഗതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മണിക്കൂറും എട്ട് മിനിറ്റും മാത്രമെടുത്താണ് ട്രെയിൻ ട്രയൽ റൺ പൂർത്തിയാക്കിയത്. വന്ദേഭാരത് ട്രെയിനുകളുടെ ആക്‌സിലറേഷൻ വളരെ പെട്ടന്ന് ആണ്. ബ്രേക്കിങ് ദൂരം കുറച്ച് മതി. വളരെ പെട്ടന്ന് ആക്‌സിലറേറ്റ് ചെയ്ത് വേഗം കൈവരിക്കാനാകുമെന്നതിനാൽ താമസം ഒഴിവാകും.
വന്ദേഭാരത് ട്രെയിൻ റെയിൽവേയുടെ മികച്ച കാൽവെപ്പാണ്. കംപ്യൂട്ടർ നിയന്ത്രണത്തിലായതിനാൽ എന്ത് തകരാർ എവിടെയുണ്ടെങ്കിലും ഡിസ്‌പ്ലേയിൽ കണ്ടുപിടിക്കാനാകും. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് യൂസർ ഫ്രണ്ട്‌ലിയാണെന്നും നിയന്ത്രിക്കാൻ എളുപ്പമാണെന്നും കുര്യാക്കോസ് പറഞ്ഞു. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ് ആണ് കുര്യാക്കോസ്. കണ്ണൂരിൽ വലിയ സ്വീകരണമാണ് ലോക്കോ പൈലറ്റുമാർക്ക് നൽകിയത്. ജനം ഏറ്റെടുത്തത് കൊണ്ടാകും ഇതുപോലെ ഒരു സ്വീകരണമെന്നും തന്റെ സർവ്വീസ് കാലയളവിൽ ഇതുവരെ ഇതുപോലെ സ്വീകരണം ലഭിച്ചിട്ടില്ലെന്നും കുര്യാക്കോസ് പറഞ്ഞു.
ട്രെയിനിന് ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ സ്വീകരണം നൽകി. നൂറു കണക്കിനാളുകളാണ് വന്ദേ ഭാരതിന്റെ വരവേൽപ്പിനായി കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ കാത്തുനിന്നത്.  ഏഴ് മണിക്കൂറും എട്ട് മിനുട്ടുമെടുത്താണ് വന്ദേ ഭാരത് തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലെത്തുന്ന ഏറ്റവും വേഗതയുള്ള രാജധാനി എക്‌സ്പ്രസിനെ അപേക്ഷിച്ച് ഒരു മണിക്കൂർ നേരത്തെയാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര പൂർത്തിയാക്കിയത്. തിരുവനന്തപുരത്ത്‌നിന്ന് കണ്ണൂരിലേക്ക് നിലവിൽ ഏറ്റവും വേഗതയിലെത്തുന്നത് രാജധാനി എക്‌സ്പ്രസാണ്. ഏഴ് മണിക്കൂർ 57 മിനിട്ട് എടുത്താണ് രാജധാനി കണ്ണൂരിലെത്തുന്നത്. ട്രയൽ റണിൽ വേണ്ടി വന്നതിനെക്കാൾ കുറഞ്ഞ സമയത്തിനുള്ളിലാകും വന്ദേഭാരത് സർവീസ് നടത്തുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ ജനശതാബ്ദിയെക്കാൾ രണ്ട് മണിക്കൂർ 25 മിനിട്ട് മുമ്പേ വന്ദേഭാരത് എത്തും.
 

Latest News