തലശ്ശേരി- മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുവിനെയും മർദ്ദിച്ച സി.ഐക്കെതിരെ പോലീസ് ചാർജ് ചെയ്തത് ദുർബല വകുപ്പുകൾ. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് ധർമ്മടം പോലീസ് ആരോപണ വിധേയനായ മുൻ സി.ഐക്കെതിരെ ഇന്നലെ കേസെടുത്തിരിക്കുന്നത.് സ്റ്റേഷനിലെത്തിയവരെ അസഭ്യം പറഞ്ഞതിനോ സ്ത്രീത്വത്തെ അപമാനിച്ചതിനോ സി.ഐക്കെതിരെ കേസെടുത്തിട്ടില്ല . സംഭവത്തിൽ ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. തുടർന്ന് തിങ്കളാഴ്ചയാണ് പരാതി പ്രകാരം കേസെടുത്തത.്
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 340 (തടഞ്ഞുവയ്ക്കൽ), 323 (കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കൽ), 324 (വടി കൊണ്ടോ കമ്പി കൊണ്ടോ അടിച്ചു പരിക്കേൽപ്പിക്കൽ), 427(നാശനഷ്ടം ഉണ്ടാക്കൽ) എന്നീ വകുപ്പുകൾ മാത്രമാണ് പോലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ ആയിരുന്നുവെന്നും കർശന നടപടിയുണ്ടാകുമെന്നും കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഉറപ്പു നൽകിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചുവെന്നതും കമ്മീഷണർ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രകോപനമില്ലാതെയാണ് പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചതെന്നും തനിക്കെതിരെയുള്ള കേസിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും മർദനത്തിനിരയായ സുനിൽകുമാർ പറയുന്നു. സുനിൽകുമാർ എ.എസ്.പിക്ക് നൽകിയ പരാതിയിലാണ് ധർമ്മടം പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരെ സ്റ്റേഷനിലെ പോലീസുകാരൊന്നടങ്കം പ്രതികരിച്ചിരുന്നു. വാഹനം ഓടിക്കുമ്പോൾ മദ്യപിച്ചെന്ന് ആരോപിച്ചായിരുന്നു കീഴത്തൂർ ബിന്ദു നിവാസിൽ കെ. സുനിൽ കുമാറിനെ വിഷുദിനത്തിൽ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് മകനെ ജാമ്യത്തിലിറക്കാൻ മാതാവ് രോഹിണി, സഹോദരി ബിന്ദു, മരുമകൻ ദർശൻ എന്നിവർ ധർമ്മടം പോലീസ് സ്റ്റേഷനിൽ രാത്രി എത്തിയപ്പോഴായിരുന്നു സി.ഐയുടെ പരാക്രമം. ടീ ഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിലായിരുന്ന സ്മിതേഷ് വൃദ്ധയെ തള്ളിയിടുകയും എടുത്തോണ്ട് പോടായെന്ന് ആക്രോശിക്കുകയും ചെയ്യുകയായിരുന്നു. ലാത്തിയെടുത്ത് സുനിൽകുമാറിന്റെ ബന്ധുക്കളെ അക്രമിക്കുന്നതും ഇവർ പോലീസ് സ്‌റ്റേഷനിലെത്തിയ വാഹനത്തിന്റെ ഗ്ലാസ് സി.ഐ അടിച്ചു തകർക്കുന്നതും സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ തന്നെയുണ്ടായിരുന്നു. അകാരണമായി സി.ഐ ആക്രോശിക്കുന്നത് തടയാൻ ശ്രമിക്കുന്ന വനിതാ പോലീസുകാരടക്കമുള്ളവരെ സി.ഐ തെറിപറയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു.
സുനിൽകുമാറിന്റെ സഹോദരി ബിന്ദുവിന്റെ പേരിലുള്ള ബസ് ഒരു കാറിൽ തട്ടിയ പ്രശ്‌നവുമായി നേരത്തെ സുനിൽകുമാറും ധർമ്മടം സി.ഐ സ്മിതേഷും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രശ്‌നം ഒത്തുതീർക്കാൻ 20,000 രൂപ സുനിൽകുമാറിനോട് സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാറുടമക്ക് 3000 രൂപ മാത്രം നൽകി സുനിൽകുമാർ ഇടപെട്ട് പ്രശ്‌നം തീർക്കുകയായിരുന്നു. ആ സമയം തന്നെ നിനക്ക് കാണിച്ച് തരാമെന്ന് സി.ഐ സ്മിതേഷ് സുനിൽകുമാറിനോട് പറഞ്ഞതായും ഈ വൈരാഗ്യമാണ് കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾക്ക് പിന്നിലെന്നും സഹോദരി ബിന്ദു പറഞ്ഞു. കാറുകാരനുമായുള്ള പ്രശ്‌നം ബസുടമ തീർത്ത് കഴിഞ്ഞിട്ടും ഇവരുടെ ബസ് സി.ഐ സുനിൽകുമാർ പിടിച്ച് കൊണ്ട് പോയതായും ആരോപിച്ചു. ഇത്രയൊക്കെ പ്രശ്‌നമുണ്ടായിട്ടും തന്നെ തള്ളിയിട്ടിട്ടും സി.ഐക്കെതിരെ നിസ്സാര വകുപ്പുകൾ പ്രകാരം കേസെടുത്തതിൽ തൃപ്തിയില്ലെന്നും പോലീസിൽ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും സുനിൽകുമാറിന്റെ അമ്മ രോഹിണിയും പരാതിപ്പെട്ടു.