കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസംഗം, ബൃന്ദ കാരാട്ടിന്റെ ഹരജിയില്‍ ഇടപെട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി- വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഹരജയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്റെ മറുപടി തേടി.  കേന്ദ്ര മന്ത്രിക്കും ബി.ജെ.പി എം.പി പര്‍വേഷ് വര്‍മക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതിനു പിന്നാലെയാണ് ബൃന്ദ കാരാട്ട് സുപ്രീം കോടതിയെ സമീപിച്ചത്. സിഎഎ വിരുദ്ധ പ്രതിഷേധത്തെ കുറിച്ചാണ് ഇരുവരും വിദേഷ പ്രസംഗം നടത്തിയത്.
ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ദല്‍ഹി പോലീസിന് നോട്ടീസയച്ച് മൂന്നാഴ്ച്ചക്കകം വിശദീകരണം തേടിയത്.
രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി വേണമെന്ന മജിസ്‌ട്രേറ്റിന്റെ നിലപാട് ശരിയല്ലെന്ന് വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചു. സി.പി.എം നേതാക്കളായ ബൃന്ദ കാരാട്ടും കെ.എം.തിവാരിയും നല്‍കിയ ഹരജികള്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
നിലവിലെ വസ്തുതകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമാനുമതി ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചത്.അനുരാഗ് താക്കൂറും വര്‍മയും ആളുകളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിന്റെ ഫലമായി ദല്‍ഹിയിലെ രണ്ട് വ്യത്യസ്ത പ്രതിഷേധ സ്ഥലങ്ങളില്‍ മൂന്ന് വെടിവയ്പ്പ് നടന്നുവെന്നും ഹരജിക്കാര്‍ വിചാരണ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
2020 ജനുവരി 27 ന് ദേശീയ തലസ്ഥാനത്തെ റിത്താലയില്‍ നടന്ന റാലിയില്‍ , ഷഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ആഞ്ഞടിച്ച അനുരാഗ് താക്കൂര്‍  രാജ്യദ്രോഹികളെ വെടിവക്കൂ എന്ന് ആഹ്വാനം ചെയ്തിരുന്നു.  
2020 ജനുവരി 28 ന് ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ വര്‍മയും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News