ചൂട് പേടിച്ച് ഉരുകിത്തീരേണ്ടതില്ല കരുതൽ മതി 

ഇന്ന് ഏപ്രിൽ (16) പാലക്കാട് ജില്ലയിലെ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന്  ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.  കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ 37 ഡിഗ്രിയായിരിക്കും ചൂട്.  സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ കൂടുതലാണിതെന്ന്    കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിക്കുന്നു. 
എക്കാലത്തെയും കഠിനമായ താപ നിലയാണിപ്പോൾ  കേരളത്തെ  ഇരുമ്പു പാത്രം കണക്കെ തിളപ്പിച്ചു നിർത്തുന്നത്. മനുഷ്യരും മറ്റ് ജീവികളും സസ്യജാലങ്ങളും  ഉരുകിത്തീരുകയാണ്. മഴക്കാലം ഇങ്ങെത്തുന്നതു വരെ 
തപിച്ച ഭൂമിയുടെ കഠിനതരമായ കാത്തിരിപ്പ് തുടരുകയല്ലാതെ വഴിയില്ല.  ഈ കാലയളവിനിടക്ക് കേരളത്തിന് അത്ര പരിചിതമല്ലാത്ത കാലാവസ്ഥ മാറ്റം മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആരോഗ്യ രംഗത്തുള്ളവരും  ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെയല്ല കേരളത്തിന്റെ സ്ഥിതി. കേരളത്തിൽ ഹ്യുമിഡിറ്റി കൂടുതലാണ്. ചൂട് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കേരളത്തിലായിരിക്കും കൂടുതൽ. കഠിന ചൂട് ശരീരത്തിൽ എന്ത് മാറ്റമാണ് വരുത്തിവെക്കുന്നതെന്ന് മുൻകൂട്ടി കാണാനാവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികളുടെ കാര്യമാണ് ഏറെ സങ്കീർണം-  അവർ, ജല ഉപയോഗ കാര്യത്തിലും മറ്റ് ആരോഗ്യ പരിരക്ഷയിലും ശ്രദ്ധിക്കണമെന്നില്ല. അങ്ങനെയുള്ളവരിലും രോഗികളിലുമാണ് റിസ്‌ക് കൂടുതൽ. ആന്തരിക അവയവങ്ങളിൽ കഠിന ചൂട് എന്ത് മാറ്റം വരുത്തി വെക്കുന്നുവെന്ന് കണ്ടറിയാനാകില്ല. വൃക്കകളെയാണ് നിർജലീകരണം അപകടം വരുത്തിവെക്കുന്നത്.
 പകൽ 11 മണി  മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണമെന്നതാണ് ആരോഗ്യ മുന്നറിയിപ്പിൽ പ്രധാനം.  കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതണമെന്നാണ് മറ്റൊരു പ്രധാന നിർദ്ദേശം. 
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന  കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക എന്നതാണ് സ്ഥിരമായി നൽകുന്ന പൊതു നിർദേശം. റമദാൻ നോമ്പെടുക്കുന്ന ജനതയെ സംബന്ധിച്ച് ഇത്തരം നിർദേശങ്ങൾ ഏത് തരത്തിൽ പ്രയോഗികമാക്കാമെന്ന് ശരീര ശാസ്ത്രമറിയുന്നവരോട് ചോദിക്കാവുന്നതാണ്. നോമ്പു തുറക്കുന്ന സമയത്തും സുബഹ് ബാങ്കിന് മുമ്പും അനുയോജ്യമായ ആഹാര പാനീയങ്ങളാണ് അഭികാമ്യം. നോമ്പു തുറക്കുന്ന സമയത്ത് ഉയർന്ന ജലാംശമുള്ള വെള്ളരിക്ക ഇനങ്ങൾ, തണ്ണിമത്തൻ എന്നിവ കൂടുതലായി കഴിക്കണം.
 അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ ഉറപ്പായും  പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക 
 പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 മുതൽ  3വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 മണിമുതൽ  3 മണി വരെ) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.   

 ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കേണ്ടതാണ്. 
 കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്. കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ജനങ്ങൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം. മിക്ക ദിവസങ്ങളിലും മുന്നറിയിപ്പ് മാധ്യമങ്ങളിൽ വരുന്നുണ്ട്. 
അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യവും ചൂടുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്. ചൂട് കൂടുന്നതിനെക്കുറിച്ചുള്ള ആശങ്ക മാനസിക ആരോഗ്യത്തെ ബാധിക്കും എന്നതാണത്.  കലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതിന്റെ സ്വാഭാവിക ഗതിക്ക് വിടുന്നതാണ് നല്ലതെന്നാണ് മാനസിക ആരോഗ്യ രംഗത്തുളളവർ പറയുന്നത്. വെറുതെ ഭയന്ന് ഇല്ലാത്ത പ്രശ്‌നങ്ങൾ വിളിച്ചു വരുത്തരുത്. ചൂട് കാലത്ത് അത് സഹിക്കാൻ പറ്റാത്തവരിൽ അകാരണമായ ദേഷ്യം ഉൾപ്പെടെയുള്ള മാനസിക പ്രശ്‌നങ്ങൾ ഉയർന്ന് വരാൻ സാധ്യതയുണ്ട്. ഇവിടെയാണ് കൂൾ കൂളായി ഇതെല്ലാം കൈകാര്യം ചെയ്യണമെന്ന ഉപദേശത്തിന് പ്രസക്തി വർധിക്കുന്നത്. കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന അന്തരീക്ഷ സ്ഥിതി പോലും മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇതോടൊപ്പം കഠിന ചൂടിനെ കുറിച്ചുള്ള പേടിപ്പിക്കുന്ന മുന്നറിയിപ്പിന്റെ പേരിലുള്ള  അമിത ഉത്കണഠ കൂടി വന്നാൽ 65 വയസ്സ് കഴിഞ്ഞവരെ അത് ഏറെ പ്രതികൂലമായി ബാധിക്കും.
കേരളത്തിന് ഉരുകുന്ന കാലത്തെ അതിജീവിക്കാൻ പുതിയ പാഠങ്ങളും ആവശ്യമായി വരികയാണ്. 
 
'കാലമിനിയുമുരുളും വിഷു വരും,

വർഷം വരും, തിരുവോണം വരും

പിന്നെയോരോ തളിരിനും പൂ വരും കായ് വരും

അപ്പോളാരെന്നുമെന്തെന്നും ആർക്കറിയാം....

(സഫലമീയാത്ര എൻ.എൻ. കക്കാട്) ''എന്നതാകണം മഴയെക്കുറിച്ചും  വെയിലിനെ കുറിച്ചുമെല്ലാമുള്ള  കാഴ്ചപ്പാടെന്നതാണ് മാനസികാരോഗ്യ വിഭാഗത്തിന്റെ പാഠം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനസികാരോഗ്യവിഭാഗം റിട്ട. പ്രൊഫസർ ഡോ. അനിൽ പ്രഭാകരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ഇക്കാര്യം അടിവരയിട്ടിട്ടുണ്ട്.  എന്നുവെച്ച് ദുരന്ത നിവാരണ അതോറിറ്റിക്കാർ അവരുടെ മുന്നറിയിപ്പുകൾ നിർത്തുകയൊന്നുമില്ല. ഓരോ ദിവസവും തീയതിയും സമയവും വെച്ച് അവർ  ചട്ടപ്രകാരം മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരിക്കും. സൂക്ഷ്മത നല്ലതാണെന്നേ അതിനർഥമുള്ളൂ. അല്ലാതെ ചൂട് പേടിച്ച് ഉരുകിത്തീരണമെന്നല്ല. 

   

Latest News