Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആതിഖ്, അഷ്‌റഫ് വധം സ്വതന്ത്ര സമിതി അന്വേഷിക്കണം; സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- മുന്‍ എം.പി ആതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് സാന്നിധ്യത്തില്‍ വെടിയേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ ഹരജി.
മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹരജി സമര്‍പ്പിച്ചത്.
2017 മുതല്‍ ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടലുകളിലും അന്വേഷണം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.

ശനിയാഴ്ച രാത്രി പ്രയാഗ്‌രാജില്‍  മെഡിക്കല്‍ കോളേജിലേക്ക് ചെക്കപ്പിനായി പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോകുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെ കൈവിലങ്ങണിഞ്ഞിരുന്ന ആതിഖ് അഹമ്മദിനെയും (60) സഹോദരന്‍ അഷ്‌റഫിനെയും മൂന്ന് പേര്‍  വെടിവെച്ച് കൊലപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരായാണ് അക്രമികള്‍ എത്തിയിരുന്നത്.
ഏപ്രില്‍ 13 ന് മധ്യപ്രദേശിലെ ഝാന്‍സിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ അഹമ്മദിന്റെ മകന്‍ അസദ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആറുവര്‍ഷത്തിനിടെ ഏറ്റുമുട്ടലുകളില്‍ കുറ്റാരോപിതരായ 183 പേരെ വധിച്ചതായും ഇതില്‍ അസദും ഉള്‍പ്പെടുന്നുവെന്നും ഉത്തര്‍പ്രദേശ് പോലീസ് വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
2017 മുതല്‍ നടന്ന 183 ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച് നിയമവാഴ്ച സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും  ആതിഖിന്റെയും അഷ്‌റഫിന്റെയും പോലീസ് കസ്റ്റഡി കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പോലീസിന്റെ ഇത്തരം നടപടികള്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും കടുത്ത ഭീഷണിയാണ്.  ജനാധിപത്യ സമൂഹത്തില്‍ പോലീസിനെ അന്തിമ നീതി നടപ്പാക്കുന്നതിന് അനുവദിക്കാന്‍ പാടില്ല. പോലീസ് ശിക്ഷ വിധിക്കുന്ന കേന്ദ്രമായി മാറുകയാണ്.  ശിക്ഷയുടെ അധികാരം ജുഡീഷ്യറിയില്‍ മാത്രമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ക്കും വ്യാജ പോലീസ് ഏറ്റുമുട്ടലുകള്‍ക്കും നിയമവ്യവസ്ഥയില്‍ അംഗീകരാം ലഭിക്കാന്‍ പാടില്ല.  പോലീസ് നടപടികള്‍ നിയമവാഴ്ച മുഴുവന്‍ തകരാനും പോലീസിനെതിരെ ജനങ്ങളുടെ മനസ്സില്‍ ഭീതി വളരാനും കാരണമാകുന്നു. ഇത് ജനാധിപത്യത്തിന് വളരെ അപകടകരമാണെന്നും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ കലാശിക്കുമെന്നും ഹരജയില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News