ധാക്ക- ബംഗ്ലാദേശില്‍ മയക്കുമരുന്ന് വേട്ട മറയാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ കൊലപ്പെടുത്തുകയാണെന്ന് ആക്ഷേപം. വ്യാജ ഏറ്റമുമുട്ടല്‍ കൊലകളാണ് ദേശവ്യാപകമായി ആരംഭിച്ച മയക്കുമരുന്നു വേട്ടയുടെ മറവില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രധാനമന്ത്രി ശൈഖ് ഹസീനയും അവരുടെ അവാമി ലീഗ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുമാണ് മയക്കുമരുന്നിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഹസീന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിയാലോചിച്ച ശേഷമാണ് മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്‍ ആരംഭിച്ചത്. ബംഗ്ലാദേശിലെ റാപ്പിഡ് ആക്്ഷന്‍ ബറ്റാലിയന്‍, ഭീകര വിരുദ്ധ പാരാമിലിറ്ററി സേന, സായുധ സേനയുടെ ഇന്റലിജന്‍സ് വിഭാഗം എന്നിവ ചേര്‍ന്നാണ് മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്‍ നടപ്പിലാക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണഘടന അവഗണിച്ചുകൊണ്ടുള്ള നടപടികളാണ് മയക്കുമരുന്ന് വേട്ടയുടെ പേരില്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച ശേഷം ഈ മാസം ആറ് വരെ ബംഗ്ലാദേശ് സുരക്ഷാ സേന 130 പേരെ വെടിവെച്ചു കൊന്നുവെന്നും 13,000 പേരെ ജയിലിലടച്ചുവെന്നുമാണ് കണക്ക്. യു.എന്‍ മനുഷ്യാവകാശ മേധാവി വെളിപ്പെടുത്തിയതാണ് ഈ കണക്ക്.
വിചാരണയില്ലാതെ പ്രതിദിനം ഒരു ഡസനോളം പേരെയാണ് കൊലപ്പെടുത്തുന്നതെന്ന് ബംഗ്ലാദേശി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യയുടെ മൗനത്തിനു പുറമെ, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
അന്വേഷണത്തില്‍ നിരപരാധിത്വം തെളിയുന്നതുവരെ പൗരന്മാര്‍ കുറ്റക്കാരായിരിക്കുമെന്നാണ് ഭരണകക്ഷിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍ ഈയിടെ പ്രഖ്യാപിച്ചത്. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ കൊല്ലപ്പെടുന്നവരും അറസ്റ്റിലാകുന്നവരും പാവങ്ങളും ഇടത്തരക്കാരുമായതിനാല്‍ നീതിക്കു വേണ്ടിയുള്ള ശബ്ദം ഉയരുന്നുമില്ല. മയക്കുമരുന്നിന്റെ പേരില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളേയും രാജ്യത്ത് സൈന്യം പീഡിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.