ഹിന്ദുക്കളെ മാത്രം കരണ്ട് കള്ളന്മാരാക്കുന്നു; ഭീഷണിയുമായി എം.എല്‍.എ

ലഖ്‌നൗ- വൈദ്യുതി മോഷണത്തിന് ഹിന്ദുക്കളെ മാത്രം പിടികൂടുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ വൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി. ബി.ജെ.പി ചായില്‍ എം.എല്‍.എ സഞ്ജയ് കുമാറാണ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍  അവിനാശ് സിംഗിനെ ഫോണില്‍ വിളിച്ച് ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് എന്‍ജിനീയര്‍ പുറത്തുവിടുകയായിരുന്നു.
വൈദ്യുതി മോഷ്ടിക്കുന്നവരില്‍ 90 ശതമാനവും മുസ്്‌ലിംകളാണെന്നും എം.എല്‍.എ ആരോപിക്കുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ മുസ്്‌ലിം വീടുകളില്‍ നടത്തിയ റെയ്ഡിന്റെ കണക്ക് നല്‍കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും എന്‍ജിനീയര്‍ക്കെതിരെ കേസെടുക്കുമെന്നുമാണ് ഭീഷണി.
നിങ്ങള്‍ക്കൊക്കെ ഹിന്ദുക്കളെ പീഡിപ്പിക്കാന്‍ മാത്രമാണ് താല്‍പര്യം. മറ്റു സമുദായക്കാരോട് മൃദുസമീപനമാണ്. മുസ്്‌ലിം പ്രദേശങ്ങളില്‍ പോയി റെയ്ഡ് നടത്തണം- എം.എല്‍.എ പറയുന്നു.
ഏതാനും ദിവസം മുമ്പ് നടത്തിയ സംഭാഷണമാണെന്നും ഒരു സമുദായത്തിന് അനുകൂലമായി വൈദ്യുതി വകുപ്പ് സ്വീകരിക്കുന്ന നടപടിക്കെതിരെ ശബ്ദിച്ചില്ലെങ്കില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നെ വെറുതെ വിടില്ലെന്നും എം.എല്‍.എ സഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

 

Latest News