Sorry, you need to enable JavaScript to visit this website.

പുല്‍വാമയില്‍ ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ  ഉത്തരവാദിത്വം സര്‍ക്കാരിന്-മുന്‍ കരസേന മേധാവി

ന്യൂദല്‍ഹി-പുല്‍വാമ ഭീകരാക്രമണത്തില്‍ ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റേതെന്ന് മുന്‍ കരസേന മേധാവി ശങ്കര്‍ റോയ് ചൗധരി. ദേശീയ സുരക്ഷാ ഏജന്‍സിക്കും ഇന്റലിജന്‍സ് വീഴ്ചയില്‍ ഉത്തരവാദിത്വമുണ്ട്. സൈനിക കോണ്‍വോയ് പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാര്‍ഗ്ഗം സഞ്ചരിച്ചിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ജനറല്‍ റോയ് ചൗധരി ദി ടെലഗ്രാഫ് പ്രേത്താട് പ്രതികരിച്ചു. 1994 മുതല്‍ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കര്‍ റോയ് ചൗധരി.
സിആര്‍പിഎഫ് ജവാന്മാരെ വ്യോമ മാര്‍ഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പുല്‍വാമ ആക്രമത്തിലേക്ക് നയിച്ചതെന്ന് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്ക് വെളിപ്പെടുത്തിയിരുന്നു. സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാര്‍ഗ്ഗം കൊണ്ടു പോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. സാധാരണ സൈനികരെ റോഡുമാര്‍ഗ്ഗം കൊണ്ടു പോകാറുണ്ട്. എന്നാല്‍ 78 വാഹനങ്ങളടങ്ങുന്ന കോണ്‍വോയി പോകാന്‍ തീരുമാനിച്ചത് അസാധരണമെന്നാണ് സിആര്‍പിഎഫും വിലയിരുത്തിയത്.
ഇത് വിവരം ചോരാനും വാഹന വ്യൂഹത്തിന് ശ്രദ്ധ കിട്ടാനും ഇടയാക്കി. സ്ഫോടനമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളില്‍ എവിടെയും സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് ഭീഷണിയുള്ളതായി വിവരം കിട്ടിയിരുന്നില്ല. വാഹനവ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനരികിലേക്ക് കാര്‍ ഓടിച്ചു കയറ്റിയാണ് സ്ഫോടനം നടത്തിയത്. മഞ്ഞു മൂടി ശ്രീനഗറിലെ വഴികള്‍ അടഞ്ഞത് കാരണമാണ് നിരവധി സൈനികര്‍ക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്. രഹസ്യാന്വേഷണ വീഴ്ച ഉള്‍പ്പടെ മിണ്ടരുതെന്ന് തന്നോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായി സത്യമാല്‍ മല്ലിക്ക് പറഞ്ഞിരുന്നു. വിശദീകരണം വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുമ്പോഴും പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Latest News