പ്രതീക്ഷിച്ച പരാജയം; കശ്മീരില്‍ ആരും കരയുന്നില്ല

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാരിന്റെ തകര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മേഡിക്കേറ്റ വ്യക്തിപരമായ തിരിച്ചടി കൂടിയാണ്. പാര്‍ട്ടിയിലേയും സംഘ്പരിവാര്‍ സംഘടനകളിലേയും  തീവ്രനിലപാടുകാരെ തള്ളിയാണ് അദ്ദേഹം കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യത്തിനു നിലകൊണ്ടത്. പ്രത്യക്ഷത്തില്‍, സംസ്ഥാനത്ത് ജനാധിപത്യ സര്‍ക്കാര്‍ നിലവിലുണ്ടായിരുന്നെങ്കിലും പേശീബലം തന്നെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വാധീനം നേടിയിരുന്നത്. സൈന്യത്തിന്റെ ഭാഗത്തും സിവിലിയന്മാരുടെ ഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി.
ജമ്മു കശ്മീര്‍ ഒരു ശത്രുരാജ്യമല്ലെന്നും ഇവിടെ പേശീബലം വിലപ്പോവില്ലെന്നും മനസ്സിലാക്കിയാണ് രാജ്യം ഭരിക്കുന്ന കക്ഷിയുമായി സഖ്യമുണ്ടാക്കിയതെന്നും സമന്വയ പാത തേടിയിരുന്നതെന്നും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തി പറയുന്നു.
രണ്ടുവര്‍ഷമായി സഖ്യത്തില്‍ തുടരുന്ന അസ്വാരസ്യങ്ങള്‍ ആരായിരിക്കും ആദ്യം മുന്നണിയില്‍നിന്ന് പിന്മാറുകയെന്ന ചോദ്യം ഉയര്‍ത്തിയിരുന്നു. മെഹ്ബൂബ മുഫ്തി സഖ്യം വിടാനൊരുങ്ങുന്നുവെന്നതായിരുന്നു ശ്രീനഗറില്‍നിന്നുള്ള സൂചനകള്‍. റമദാന്‍ കണക്കിലെടുത്ത് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിക്കാനും ഭീകരവിരുദ്ധ നടപടികള്‍ പുനരാരംഭിക്കാനും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം വഷളായിക്കൊണ്ടിരുന്ന സഖ്യത്തില്‍ വീണ്ടും ആഘാതമേല്‍പിച്ചിരുന്നു.
വാരാന്ത്യത്തില്‍ മെഹ്ബൂബ മുഫ്തി ദല്‍ഹിയില്‍ എത്താനിരിക്കെയാണ് അവരുടെ നീക്കം പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി ആദ്യം തന്നെ പിന്മാറ്റം പ്രഖ്യാപിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാവുകയും അന്താരാഷ്ട്ര ശ്രദ്ധ തിരിയുകയും ചെയ്തിരിക്കെയാണ് താഴ്‌വരയിലെ രാഷ്ട്രീയ ചലനങ്ങള്‍.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണത്തിന് നിര്‍ദേശിക്കുമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഹൈക്കമ്മീഷണര്‍ സെയദ് അല്‍ റാഅദ് ഹുസൈന്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. പൗരാവകാശ ലംഘനങ്ങളെ കുറിച്ചുള്ള യു.എന്നിന്റെ ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട് അദ്ദേഹം പുറത്തിറക്കുകയും ചെയ്തു. താഴ്‌വരയില്‍ ഭീകര വിരുദ്ധ നടപടികള്‍ ശക്തമാക്കുകയും ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുകയും ചെയ്ത 1990 കളില്‍ പോലും യു.എന്‍ ഏജന്‍സി ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല.
സൈനിക അതിക്രമങ്ങള്‍ക്കെതിരെ കശ്മീരില്‍ ബഹുജന പ്രതിഷേധം ശക്തമായ സന്ദര്‍ഭങ്ങളിലെല്ലാം തന്ത്രപരമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മെഹ്്ബൂബ മുഫ്തി ബി.ജെ.പിയുമായുള്ള സഖ്യം നിലനിര്‍ത്തിപ്പോന്നത്. എന്നാല്‍ സഖ്യഭരണത്തില്‍ താഴ്‌വരയില്‍ ശാന്തി അകലെയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മെഹ്്ബൂബ മുഫ്തി രാജിവെച്ച അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സംഘര്‍ഷം അവസാനിക്കാത്തതുതന്നെയാണ് കാരണം. ശ്രീനഗറില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ പോളിംഗ് ശതമാനം വെറും ഏഴ് മാത്രമായിരുന്നു. താഴ്‌വരയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു അത്. കശ്മീരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അന്താരാഷ്ട്ര തലത്തില്‍ അത് വലിയ തിരിച്ചടിയാണ്.
താഴ്‌വരയില്‍ സൈനിക നടപടി കൂടുതല്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് ബി.ജെ.പിയിലേയും സംഘ്് പരിവാര്‍ സംഘടനകളിലേയും തീവ്രനിലപാടുകാര്‍. ഏറ്റുമുട്ടല്‍ നിലപാട് തങ്ങളുടെ രാഷ്ട്രീയ നയങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടുന്ന മെഹബൂബ മുഫ്തിക്കും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലക്കും പുതിയ സംഭവവികാസങ്ങള്‍ ഒരുപോലെ തിരിച്ചടിയാണ്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സ്ഥിതിഗതികള്‍ ഇതുപോലെ പോകുകയാണെങ്കില്‍ കശ്മീരിലെ ബാരാമുല്ല, ശ്രീനഗര്‍, അനന്ത്‌നാഗ് സീറ്റുകളില്‍ സമാധാനപരമായ വോട്ടെടുപ്പ് നടത്താനാകില്ലെന്ന കാര്യം ഉറപ്പാണ്.
കായികമായും പേശീബലം കൊണ്ടും സമാധാനം നേടാനാകുമെന്ന സുരക്ഷാ നയമാണ് ബി.ജെ.പി പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ അത് താഴ്‌വരയെ കൂടുതല്‍ അശാന്തമാക്കുമെന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കിടയില്‍ രണ്ടഭിപ്രായമില്ല. കശ്മീരിലേത് മതപരമായ ഏറ്റുമുട്ടലാണെന്ന് വരുത്തി തീര്‍ക്കാനുള്ള അമിത്ഷായുടേയും ബി.ജെ.പിയുടേയും ശ്രമങ്ങള്‍ വിജയിക്കാനും പോകുന്നില്ല.

 

Latest News