നാഗ്പൂര്‍- ബി.ജെ.പിയുടെ അധികാരത്തോടുള്ള ആസക്തി രാജ്യത്തെ നശിപ്പിക്കുകയാണെന്ന് മഹരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന യു.ബി.ടി നേതാവുമായ ഉദ്ധവ് താക്കറെ. നാഗ്പൂരില്‍ മഹാ വികാസ് അഘാഡിയുടെ (എംവിഎ) സംയുക്ത റാലിയിലാണ് ഉദ്ധവ് താക്കറെ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. ബി.ജെ.പി ചെയ്യുന്നതെല്ലാം ആര്‍.എസ്.എസ് അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മഹാ വികാസ് അഘാഡിയുടെ രണ്ടാമത്തെ ശക്തിപ്രകടനത്തില്‍ താക്കറെ ആവശ്യപ്പെട്ടു.
ആര്‍എസ്എസിനോടാണ് ചോദിക്കാനുള്ളത്. ബിജെപി ചെയ്യുന്നതല്ലാം ശരിയാണോ. നിര്‍ണായക വിഷയങ്ങളില്‍ രാജ്യത്തിന് ഉത്തരങ്ങള്‍ ലഭിക്കണം. ബി.ജെ.പി പിന്തുടരുന്നത് ഗോമൂത്രധാരിഹിന്ദുത്വമാണ്. ഞാന്‍ അവരെ അങ്ങനെയാണ് വിളിക്കുക. ഛത്രപതി സംഭാജിനഗറിലെ എംവി.എയുടെ റാലിക്ക് ശേഷം ചില ബിജെപി പ്രവര്‍ത്തകര്‍ അവിടെ പോയി വേദി ശുദ്ധീകരിക്കാന്‍ ഗോമൂത്രം തളിച്ചു. ഇത് ശരിയാണോ? അവിടെ പങ്കെടുത്തവര്‍ മനുഷ്യരല്ലേ. ആ റാലിയില്‍ പങ്കെടുത്തവരില്‍ പലരും മുസ്ലിംകളായിരുന്നു. ഈ റാലിയിലും നിരവധി മുസ്ലിംകള്‍ പങ്കെടുക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ശക്തികേന്ദ്രമായും അവരുടെ സൈദ്ധാന്തിക രക്ഷിതാവായ ആര്‍എസ്എസിന്റെ ആസ്ഥാനമായും കണക്കാക്കുന്ന നാഗ്പൂരിലാണ് എം.വി.എ രണ്ടാമത്തെ ശക്തിപ്രകടനം കാഴ്ചവെച്ചത്.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉപയോഗശൂന്യമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തിനാണ് മൗനം പാലിക്കുന്നതെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങളില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. പുല്‍വാമ സംഭവത്തിലും അഴിമതി ആരോപണങ്ങളിലും രാഷ്ട്രം ഉത്തരം അര്‍ഹിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗില്‍ എന്തിനാണിത്ര ആശങ്ക. അതിനു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി എന്ന നിലയില്‍ അയോഗ്യനാക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതുമായി ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേനക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ കാബിനറ്റ് മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനെയും താക്കറെ രൂക്ഷമായി വിമര്‍ശിച്ചു.
ഇത്തരം പ്രസ്താവനകളിലൂടെ നിങ്ങള്‍ ബാലാസാഹെബിനെ അപമാനിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത ശിവസൈനികരില്‍ അഭിമാനിക്കുന്നുവെന്ന് ബാലാസാഹെബ് പറഞ്ഞത് ഓര്‍ക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)