ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഏറെയുള്ളത് കേരളത്തില്‍,  ഇവിടെ ഓടുന്നത് പഴയ ട്രെയിനുകള്‍ -മന്ത്രി റിയാസ് 

ധര്‍മടം, കണ്ണൂര്‍- വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ ലൈനിന് ബദലാവില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും മലയാളികളുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി. ധര്‍മ്മടം മണ്ഡലത്തിലെ കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഏറ്റവുമധികം ഉള്ള കേരളമാണ് റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനം. എന്നാല്‍ ഇവിടെയുള്ള ട്രെയിനുകള്‍ മിക്കതും പഴയതാണ്. സംസ്ഥാനത്തിന് ആധുനിക ട്രെയിനുകള്‍ അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. ആധുനിക ബോഗികളുള്ള ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. എത്രയോ കാലത്തിന് ശേഷം ഇത്തരം ഒരു ട്രെയിന്‍ കേരളത്തിന് അനുവദിച്ചത് സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ വന്ദേഭാരത് സില്‍വര്‍ ലൈനിന് പകരമാണോ,? അല്ല,? ചിലര്‍ എല്ലാ പ്രശ്‌നവും ഇതോടെ അവസാനിച്ചു എന്നതരത്തില്‍ കൃത്രിമമായി സന്തോഷം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ജനശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തില്‍ മാത്രമേ വന്ദേഭാരതിന് ഇപ്പോള്‍ സഞ്ചരിക്കാനാകൂ.
ഉദ്ദേശിച്ചത്ര വേഗം കൈവരിക്കണമെങ്കില്‍ നിലവിലെ പാതയിലെ 626 വളവുകള്‍ നിവര്‍ത്തണം. ട്രെയിന്‍ ഗതാഗതം തടസപ്പെടാതെ പരിഹരിക്കന്‍ ശ്രമിച്ചാല്‍ 10-20 വര്‍ഷത്തിനുള്ളിലേ ഇത് സാദ്ധ്യമാകൂ. ചെലവ് അതിഭീകരമായി മാറും. ഇരുപത് മിനിട്ട് ഇടവിട്ട് സര്‍വീസ് നടത്താനാണ് സില്‍വര്‍ ലൈനില്‍ ഉദ്ദേശിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് സില്‍വര്‍ ലൈനില്‍ കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്ത് എത്താം. അതുകൊണ്ട് വന്ദേഭാരത് പോലുള്ള ട്രെയിനുകള്‍ സില്‍വര്‍ലൈനിന് ഒരിക്കലും പകരമാവില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും റിയാസ് വ്യക്തമാക്കി.

Latest News