ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വര്‍ണം; വേദാന്തിന്റെ സ്വര്‍ണ നേട്ടം ലോകത്തെ അറിയിച്ച് മാധവന്‍

ചെന്നൈ- ചലച്ചിത്ര താരം മാധവന്റെ മകന്‍ വേദാന്ത് ഇന്ത്യക്കു വേണ്ടി നീന്തലില്‍ മലേഷ്യയില്‍ നേടിയത് അഞ്ച് സ്വര്‍ണം. അച്ഛന്‍ മാധവന്‍ തന്നെയാണ് മകന്റെ നേട്ടം ലോകത്തെ അറിയിച്ചത്. 

ഏറ്റവും മികച്ച നീന്തല്‍ താരം എന്ന തലക്കെട്ടോടെയാണ് നടന്‍ മാധവന്‍ മകന്റെ നേട്ടം കുറിച്ചത്. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നീന്തലില്‍ വേദാന്ത് മാധവന്‍ അഞ്ച് സ്വര്‍ണമാണ് നേടിയത്. ദൈവകൃപയോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തില്‍ ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വര്‍ണം (50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍) നേടാനായി. ഞാന്‍ ആഹ്ലാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു- എന്നാണ് മാധവന്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ കുറിച്ചത്.

ദ്രോണാചാര്യാ അവാര്‍ഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് നീന്തല്‍ പരിശീലനം നടത്തുന്നത്. വേദാന്തിന്റെ പരിശീലനവുമായി ബന്ധപ്പെട്ട് മാധവനും കുടുംബവും ദുബായിലാണ് ഏറെനാള്‍ താമസിച്ചിരുന്നത്. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ അടുത്ത ലക്ഷ്യം.

Latest News