Sorry, you need to enable JavaScript to visit this website.

ഹജ് സർവ്വീസ്; കരിപ്പൂർ,കണ്ണൂർ വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങളില്ല

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴിൽ ഈ വർഷം ഹജ് സർവ്വീസ് നടത്താൻ കരിപ്പൂരിലും കണ്ണൂരിലും ഇത്തവണ വലിയ വിമാനങ്ങളില്ല. കൊച്ചിയിൽ നിന്ന് മാത്രം  സൗദിയയുടെ വലിയ വിമാനം ഹജ് സർവ്വീസ് നടത്തും. കരിപ്പൂർ,കണ്ണൂർ എന്നിവടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് 200 തീർഥാടകരുമായി ഹജ് സർവ്വീസ് നടത്തും. വലിയ വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതാണ് കരിപ്പൂരിന് തിരിച്ചടിയായത്. എങ്കിലും ഹജ് എംപാർക്കേഷൻ പോയിന്റ് പുനസ്ഥാപിക്കപ്പെട്ടതിൽ തീർഥാടകരും ഹജ് കമ്മറ്റിയും ആശ്വാസത്തിലാണ്.
കരിപ്പൂരിൽ നിന്ന് 6363 പേരാണ് ഈവർഷം ഹജിന് പോകുന്നത്. കണ്ണൂരിൽ നിന്ന് 1873 തീർഥാടകരും കൊച്ചിയിൽ നിന്ന് 2448 പേരും ഹജിന് പുറപ്പെടും. സൗദിയ എയർലെൻസിന് ഇത്തവണ കൊച്ചിക്ക് പുറമെ മുംബൈ, ദൽഹി,ലക്‌നൗ എന്നിവടങ്ങളിൽ നിന്നാണ് ഹജ് സർവ്വീസ് നടത്തുന്നത്. എയർഇന്ത്യ ജയ്പൂർ,ചെന്നൈ എന്നിവടങ്ങളിൽ നിന്നും സർവീസ് നടത്തും. ഹൈദരാബാദ്, ബെംഗളൂരു എന്നിവടങ്ങളിൽ നിന്ന് ഹജ് സർവ്വീസ് വിസ്താര എയർലൈനാണ് നടത്തുക. ജൂൺ ഏഴ് മുതലാണ് കേരളത്തിൽ നിന്നുള്ള ഹജ് സർവ്വീസുകൾ ആരംഭിക്കുന്നത്. 22നുള്ളിൽ സർവ്വീസുകൾ പൂർത്തിയാക്കും. തീർഥാടകരുമായി വിമാനങ്ങൾ ജിദ്ദയിലേക്കായിരിക്കും പുറപ്പെടുക. ഇവരുടെ മടക്കം മദീന വഴി ജൂലൈ 13 മുതൽ ആരംഭിക്കും.
  

ഹജ് 2023, ബാലൻസ് തുക 24നകം അടക്കണം

കൊണ്ടോട്ടി- ഹജിന് തെരഞ്ഞടുക്കപ്പെട്ടവരുടെ ബാലൻസ് തുകയുടെ ആദ്യ ഗഡുവായി 1,70,000രൂപ ഈ മാസം 24നകം അടക്കണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു.ഹജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും  ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേ ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചുകളിലാണ് പണമടക്കേണ്ടത്. പണമടച്ച ശേഷം രശീതിയുടെ ഹജ് കമ്മിറ്റിയുടെ കോപ്പി തപാൽ മാർഗം എക്‌സിക്യൂട്ടീവ് ഓഫിസർ, കേരള സംസ്ഥാന ഹജ് കമ്മിറ്റി, ഹജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് പി.ഒ., മലപ്പുറം ജില്ല, പിൻ: 673 674 എന്ന വിലാസത്തിൽ അയക്കണം.ഹജ്ജിന് അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ് കമ്മിറ്റി പിന്നീട് അറിയിക്കും.
 

Latest News