'എടുത്തോണ്ട് പോടാ'; ധർമ്മടം സ്‌റ്റേഷനിൽ വയോധികയായ അമ്മയോട് ആക്രോശിച്ച എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ

കണ്ണൂർ - മകനെ ജാമ്യത്തിൽ ഇറക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയായ അമ്മയെ ആക്രോശിച്ച പോലീസുകാരന് സസ്‌പെൻഷൻ. ധർമ്മടം എസ്.എച്ച്.ഒ കെ വി സ്മിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. 
 വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മർദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. എസ്.എച്ച്.ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ പറഞ്ഞു.
 ഇന്നലെ രാത്രിയാണ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലെടുക്കാനായാണ് അമ്മ സഹോദരനൊപ്പം ധർമ്മടം പോലീസ് സ്റ്റേഷനിൽ എത്തിയത്. 
 അപ്പോൾ ടീ ഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിൽ എത്തിയ എസ്.എച്ച്.ഒ 'എടുത്തോണ്ട് പോടാ'യെന്ന് പറഞ്ഞ് ആക്രോശിച്ച് സീനുണ്ടാക്കുകയായിരുന്നു. മദ്യലഹരിയിൽ നിലവിട്ടായിരുന്നു പോലീസുകാരന്റെ പെരുമാറ്റം. എന്നാൽ, സ്‌റ്റേഷനിലെ മറ്റു പോലീസുകാരെല്ലാം മാന്യമായാണ് ഇടപെട്ടത്. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പോലീസുകാരുടെ ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ പറയുന്നുണ്ട്. വീണ്ടും വീണ്ടും എസ്.എച്ച്.ഒ ആക്രോശിച്ചപ്പോൾ, 'വയ്യാത്ത സ്ത്രീയാണെന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും' എസ്.എച്ച്.ഓയോട് സ്റ്റേഷനിലെ വനിതാ പോലീസുകാർ പറയുന്നതും വീഡിയോയിലുണ്ട്.
 

Latest News