രാഹുല്‍ ഇന്ന് വീണ്ടും അതേ വേദിയിലേക്കെത്തുന്നു, തന്റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയ കോലാറിലേക്ക്

ബെംഗളുരു - രാഹുല്‍ ഗാന്ധി വീണ്ടും അവിടേക്ക് എത്തുകയാണ്, തന്റെ എം.പി സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയ അതേ കോലാറിലേക്ക്. കര്‍ണ്ണാടകയിലെ കോലാറില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രസംഗമാണ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യതക്ക് കാരണമായത്. എന്തുകൊണ്ടാണ് എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോഡി എന്നു വന്നതെന്നായിരുന്നു 2019 ല്‍ രാഹുല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം. ഇതാണ് രാഹുലിനെതിരെയുള്ള അപകീര്‍ത്തിക്കേസിനും ഒടുവില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്കും വഴിയൊരുക്കിയത്. ഇതേ തുടര്‍ന്നാണ് ആദ്ദേഹത്തിന് എം.പി സ്ഥാനം നഷ്ടപ്പെട്ടത്. 
കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും കോലാറില്‍ എത്തുന്നത്. ഏപ്രില്‍ അഞ്ചിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോലാറിലെ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും പല കാരണങ്ങള്‍ കൊണ്ട് മൂന്ന് തവണയായി നീട്ടിവെയ്ക്കുകയായിരുന്നു. ജയ്ഭാരത് റാലി എന്ന പേരിലാണ് കോണ്‍ഗ്രസ് നേതൃത്വം കോലാറില്‍ രാഹുലിനായി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ബെംഗളൂരുവിലെത്തുന്ന രാഹുല്‍ ഉച്ചയോടെ കോലാറിലേക്ക് പേകും.

 

Latest News