ബെംഗളൂരു- ഹുബ്ബള്ളി ധാർവാഡ് സീറ്റിൽനിന്ന് ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എൽ.എയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ പാർട്ടി വിടാൻ സന്നദ്ധത അറിയിച്ച് എം.എൽ.എ സ്ഥാനം രാജിവെക്കാൻ സ്പീക്കറോട് സമയം തേടി. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർണാടക ബി.ജെ.പി രണ്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. എന്നാൽ 224 അംഗ നിയമസഭയിലേക്ക് 12 സ്ഥാനാർത്ഥികളെ കൂടി ഇനിയും പ്രഖ്യാപിക്കാനുണ്ട്. ഹുബ്ബള്ളി ധാർവാഡ് സീറ്റിലേക്കുള്ള സ്ഥാനാർത്ഥികൾ ഉൾപ്പെടെയാണിത്.
'ഞാൻ പിടിവാശിയും അഹങ്കാരവുമുള്ള ആളല്ല, എന്നാൽ പാർട്ടി എന്നെ അപമാനിച്ചതിനാൽ ഇത്തവണ ഞാൻ പിടിവാശി കാണിക്കുകയാണ്. ഞാൻ അവരോട് പറയാൻ ശ്രമിക്കുന്നത് അവർക്ക് മനസ്സിലായില്ല- ഷെട്ടാർ ശനിയാഴ്ച വൈകിട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിഷയത്തിൽ ചർച്ചകൾക്കായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും ധർമേന്ദ്ര പ്രധാനും ഷെട്ടറെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ചർച്ച വിജയിച്ചില്ല.
ഞാൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എപ്പോഴും പറയാറുണ്ട്. പാർട്ടി തീരുമാനം വേദന ഉണ്ടാക്കിയതിനാൽ ഞാൻ എം.എൽ.എ സ്ഥാനം രാജിവക്കുന്നു. നാളെ സ്പീക്കറെ കാണും. കർണാടകയിൽ കെട്ടിപ്പടുത്ത പാർട്ടിയിൽ നിന്ന് ഞാൻ പുറത്തുപോകും-ഷെട്ടാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അവർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ ബഹുമാനിക്കുന്നുവെന്നും ഷെട്ടാർ പറഞ്ഞു. ഈയാഴ്ച ആദ്യം ദൽഹിയിൽ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയെ കണ്ട് ടിക്കറ്റ് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അവരുടെ ശ്രദ്ധയില്ലാതെ കാര്യങ്ങൾ നടക്കുന്നതായി തോന്നുന്നു. തന്റെ അനുയായികൾ താൻ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും അവരെ ഒറ്റിക്കൊടുക്കില്ലെന്നും ഷെട്ടാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുൻ ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സവാദിയും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് സവാദിക്ക് ടിക്കറ്റ് നൽകി. കോൺഗ്രസ് മൂന്നാം പട്ടിക ഇന്ന് പുറത്തിറക്കി, എന്നാൽ ഹുബ്ബള്ളിധാർവാഡ് ഉൾപ്പെടുന്ന 15 പേരെ കൂടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഷെട്ടാർ മുമ്പ് ആറ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. 2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടുകൾക്കാണ് കോൺഗ്രസിലെ മഹേഷ് നൽവാദിനെ പരാജയപ്പെടുത്തിയത്. കർണാടകയിൽ മെയ് പത്തിനാണ് വോട്ടെടുപ്പ്. മൂന്നു ദിവസത്തിന് ശേഷം വോട്ടെണ്ണൽ നടക്കും.






