Sorry, you need to enable JavaScript to visit this website.

വിവാദ 'മോഡി' പ്രസംഗം നടത്തിയ കോലാറില്‍ രാഹുല്‍ ഞായറാഴ്ചയെത്തും

ന്യൂദല്‍ഹി- പലതവണ മാറ്റിവെച്ച രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശനം ഞായറാഴ്ച. ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെടാന്‍ കാരണമായ പ്രസഗം നടത്തിയ കോലാറിലേക്ക് രാഹുല്‍ വീണ്ടുമെത്തുകയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ കോലാറിലെ വിവാദ 'മോഡി' പ്രസംഗം. വീണ്ടുമൊരു തിരഞ്ഞെടുപ്പ് റാലിക്കാണ് രാഹുല്‍ ഞായറാഴ്ച കോലാറിലെത്തുന്നത്.

ഏപ്രില്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കോലാര്‍ റാലി മൂന്ന് തവണയാണ് മാറ്റിവെച്ചത്. ഏപ്രില്‍ അഞ്ചില്‍ നിന്ന് മാറ്റിവെച്ച റാലി ഒമ്പതിനും പിന്നീട് പത്തിലേക്കും പുതുക്കി നിശ്ചയിച്ചു. എന്നാല്‍ കോലാറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം റാലി മാറ്റിവെക്കാനിടയാക്കി. അനിശ്ചിതത്വം നീക്കി ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ശേഷമാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച തിരികൊളുത്താനിറങ്ങുന്നത്.

വരുണയില്‍ നിന്ന് മത്സരിക്കുന്ന സിദ്ധരാമയ്യയുടെ രണ്ടാം സീറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു കോലാര്‍. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയുടെ ആഗ്രഹം നിരസിച്ച് കോതൂര്‍ ജി.മഞ്ജുനാഥിനെയാണ് ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ ബംഗളൂരുവിലെത്തുന്ന രാഹുല്‍ അവിടെ നിന്നാകും കോലാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജയ് ഭാരത് റാലിയില്‍ പങ്കെടുക്കാന്‍ പോകുക. വൈകീട്ട് ബെംഗളൂരുവിലെ കര്‍ണാടക പിസിസി ഓഫീസിന് സമീപം പുതുതായി നിര്‍മ്മിച്ച ഓഫീസും 750 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഉള്‍ക്കൊള്ളുന്ന 'ഇന്ദിരാഗാന്ധി ഭവന്‍' രാഹുല്‍ ഉദ്ഘാടനം ചെയ്യും.

 

 

Latest News