താനൂരില്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന് തീപ്പിടിച്ച് യുവാവ് വെന്തുമരിച്ചു

മലപ്പുറം - താനൂരില്‍ ലോറി ബൈക്കിലും ഇലക്ട്രിക്ക് പോസ്റ്റിലും ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കിന് തീപ്പിടിച്ച് യാത്രക്കാരന്‍ വെന്ത് മരിച്ചു. താനൂര്‍ സ്‌കൂള്‍ പടിയിലാണ് നാടിനെ നടുക്കിയ ദാരുണ അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ കൊണ്ടോട്ടി വലിയ പറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ ഇന്ധന ടാങ്കിനടിയില്‍ പെട്ടു. നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചതോടെ ബൈക്കിന് പെട്ടെന്ന് തീപ്പിടിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ ബൈക്ക് യാത്രക്കാരനായ നവാസിന് ശരീരമാകെ പൊള്ളലേല്‍ക്കുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ വെന്ത് മരിക്കുകയുമായിരുന്നു. താനൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി പെട്ടെന്ന് തീ അണച്ചതിനാല്‍ ലോറിയുടെ ഇന്ധന ടാങ്കിലേക്ക് തീപടര്‍ന്നില്ല. നവാസിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

Latest News