ഖാര്‍തൂം- സുഡാനില്‍ സൈനിക അട്ടിമറിശ്രമം. അര്‍ധ സൈനിക വിഭാഗം പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക മേധാവിയുടെ വസതിയും ഖാര്‍തൂം രാജ്യാന്തര വിമാനത്താവളവും പിടിച്ചെടുത്തു. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സൗദിയ വിമാനത്തിന് കേടുപാടുകള്‍ പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. നഗരത്തില്‍ പല സ്ഥലങ്ങളിലും ആക്രമണം നടക്കുന്നു.
ആക്രമണങ്ങളില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ആണ് കലാപവുമായി രംഗത്തെത്തിയത്. സൈന്യമാണ് തങ്ങളെ ആദ്യം ആക്രമിച്ചതെന്ന് ആര്‍.എസ്.എഫ് പറഞ്ഞു. വടക്കന്‍ സുഡാന്‍ നഗരങ്ങളായ മോറോവെ, അല്‍ ഉബൈദ് എന്നിവടങ്ങളിലെ വിമാനത്താവളങ്ങളും പിടിച്ചെടുത്തു.
ആര്‍.എസ്.എഫിനെ ശക്തമായി നേരിടുകയാണെന്ന് ആര്‍മി കേന്ദ്രങ്ങള്‍ പറഞ്ഞു. ഖാര്‍തൂം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങള്‍ക്ക് ഇവര്‍ തീക്കൊളുത്തിയതായാണ് റിപ്പോര്‍ട്ട്. സൗദിയ വിമാനവും ഉക്രൈന്‍ വിമാനവും കത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.