VIDEO നറുക്കെടുപ്പില്‍ ജീവനക്കാരന് ലഭിച്ച സമ്മാനം 365 ദിവസത്തെ പെയ്ഡ് ലീവ്

ബെയ്ജിംഗ്- കമ്പനിയുടെ വാര്‍ഷിക പാര്‍ട്ടിയില്‍ ജീവനക്കാരന് ലഭിച്ചത് കണ്ണുതള്ളിക്കുന്ന സമ്മാനം. മിക്ക കമ്പനികളുടേയും സ്ഥാപനങ്ങളുടേയും വര്‍ഷിക പരിപാടികളില്‍ ജീവനക്കാര്‍ക്കുവേണ്ടി നറുക്കെടുപ്പും സമ്മാനങ്ങളും ഏര്‍പ്പെടുത്താറുണ്ട്.
ചൈനയിലെ ഒരു കമ്പനി നറുക്കെടുപ്പിലൂടെ ജീവനക്കാരന് നല്‍കിയ ചെക്കാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചെക്കില്‍ പണമല്ല എഴുതിയിരുന്നത്. പകരം 365 ദിവസവും പെയ്ഡ് ലീവ്. കോവിഡ് മഹാമാരി കാരണം മൂന്ന് വര്‍ഷമായി മുടങ്ങിയ വാര്‍ഷിക പാര്‍ട്ടി ഇക്കുറി നടത്തിയപ്പോഴാണ് വലിയ ജോക്‌പോട്ട് ഏര്‍പ്പെടുത്തിയത്.
ഈ വര്‍ഷം ഒറ്റ ദിവസം പോലും ജോലിക്കുവരേണ്ടെന്നും എന്നാല്‍ ശമ്പളം കൃത്യമായി തരുമെന്നും പറഞ്ഞാല്‍ അത് അമ്പരപ്പിക്കുന്ന സമ്മാനം തന്നെയാണെന്നാണ് പ്രചരിക്കുന്ന വീഡിയോക്ക് താഴെ ആളുകള്‍ കമന്റ് ചെയ്യുന്നത്. പെയ്ഡ് ലീവ് ലഭിച്ചാല്‍ സന്തോഷിക്കാത്ത ജോലിക്കാരുണ്ടാകില്ലല്ലോ. 365 ദിവസവും പെയ്ഡ് ലീവെന്ന് എഴുതിയ ചെക്ക് പിടിച്ചുനില്‍ക്കുന്ന ജീവനക്കാരന്റെ വീഡിയോ ആണ് വൈറലായത്.
പലപ്പോഴും കമ്പനിക്കുവേണ്ടി യാത്ര ചെയ്യാറുള്ള മാനേജര്‍ക്കാണ് ഇപ്പോള്‍ സമ്മാനമടിച്ചതെങ്കില്‍ ഇതുപോലുള്ള സമ്മാനം നേരത്തെയും ചൈനീസ് കമ്പനി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെന്‍ഷനിലെ മറ്റൊരു സ്ഥാപനമാണ് കഴിഞ്ഞ വര്‍ഷം ജാക്‌പോട്ട് നടത്തി ഒരു സെയില്‍സ് ജീവനക്കാരന് ഒരു വര്‍ഷത്തെ പെയ്ഡ് ലീവ് നല്‍കിയത്. ജീവനക്കാരന്‍ അതിന്റെ ഒരു ഭാഗം പണമാക്കി മാറ്റി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു.

 

Latest News