സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പലിശ, മദ്യം, മയക്കുമരുന്ന് പോലെയുള്ള മനുഷ്യനെ കാർന്നു തിന്നുന്ന, പടുകുഴിയിൽ പെടുത്തുന്ന, ദൈവത്തിന്റെ ശാപം കിട്ടിയ പ്രവൃത്തികൾ ചെയ്യാതിരിക്കുക. ഇവിടുത്തെ പലിശ സംഘങ്ങളിൽ വലിയ ശതമാനം മലയാളികളുടെ കൈ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇവിടെയുള്ള പല മാന്യ സാമൂഹ്യ പ്രവർത്തകർക്കും അറിയാം. എങ്കിലും അവരുടെ ചെയ്തികളെ പുറംലോകത്തെ അറിയിക്കാതെ വാമൂടി നടക്കുകയാണ്. കാരണം അവരുടെ കാലിലും ഇവരുടെ കുരുക്ക് വീണിട്ടുണ്ട്. കരുതലെടുക്കുക പ്രവാസ ലോകമേ.
പണം വേണോ എന്തിനായാലും
ഏതിനായാലും ഞങ്ങൾ തരും,
അല്ല, ഞങ്ങളുടെ കഫീൽ തരും.
ഇതാണ് മുദ്രാവാക്യം!
ഇത്തരം പ്രലോഭനങ്ങളിൽ കുടുങ്ങി ജീവിതം വഴിമുട്ടിയ ഒട്ടനവധി പേർ ഇന്ന് സൗദി തലസ്ഥാനമായ റിയാദിൽ അലയുന്നുണ്ട്. പലിശക്കെടുത്തു കൊടുത്ത് കുരുക്കിൽ പെട്ടുപോയ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ചില പ്രവാസികൾ ഇന്ന് ജീവിക്കാനും മരിക്കാനും ആവാതെ ഊരാക്കുടുക്കിൽ പെട്ടുപോയിരിക്കുകയാണ്.
സമൂഹത്തിന് മുന്നിൽ മാന്യന്മാരായി നടിച്ച് സ്വന്തം പണം മറ്റുള്ളവരെക്കൊണ്ട് തന്റെ സുഹൃത്തുക്കൾക്ക് കൊടുത്ത് പലിശ വാങ്ങുന്ന മാന്യമായ സമ്പ്രദായം നടത്തുന്നവർ. ഉടമയും അടിമയും ഒക്കെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ ജീവകാരുണ്യ പ്രവർത്തകരാണ്. ചില അറബി കമ്പനികളിൽനിന്ന് പലിശക്ക് പണം വാങ്ങിക്കൊടുക്കാൻ ഇടനിലക്കാരനായി നിന്ന് കുരുക്കിൽപെട്ട് നാട്ടിൽ പോകാൻ പറ്റാതെ കിടക്കുന്ന മറ്റു ചില സാമൂഹ്യ പ്രവർത്തകരും നമ്മുടെ ചുറ്റിലുമുണ്ട്. പലിശ കൊടുക്കലും വാങ്ങലും വലിയ കുറ്റമാണെന്നു പറഞ്ഞു നടക്കുന്നവരും ഈ കൂട്ടത്തിൽ ഉണ്ടെന്നുള്ളതാണ് മറ്റൊരു തമാശ.
പലിശ എന്ന ചങ്ങലക്കുള്ളിൽ കുരിങ്ങിക്കഴിഞ്ഞാൽ ഒരിക്കലും അഴിച്ചു മാറ്റാൻ പറ്റാത്ത രീതിയിലാണ് ഇവിടത്തെ ബ്ലേഡ് മാഫിയകൾ കുരുക്കിട്ടിരിക്കുന്നത്. നമ്മൾ പണം വാങ്ങുന്നവന്റെ കൈയിൽ നിന്ന് സാധനം വാങ്ങി എന്നും അതിന്റെ പണമാണ് കൊടുക്കാനുള്ളത് എന്ന തരത്തിൽ രേഖയുണ്ടാക്കുന്നതാണ് രീതി. ഏതെങ്കിലും അറബികളുടെ കമ്പനിയുടെ പേരിൽ നാം വാങ്ങിയ സാധനങ്ങളുടെ പൈസ കൊടുക്കാനുള്ളതായി രേഖയുണ്ടാക്കി പണം വാങ്ങുന്ന വ്യക്തികളെക്കൊണ്ട് ഒപ്പിടിപ്പിച്ചു വാങ്ങും. അതോടെ പണം വാങ്ങുന്ന വ്യക്തിക്ക് മേലുള്ള കെട്ടുകൾ മുറുകുകയും കൊടുത്താലും കൊടുത്താലും തീരാത്ത വമ്പൻ കെണിയിൽ അകപ്പെടുകയും ചെയ്യും.
ജീവിതം പച്ചപിടിപ്പിക്കാൻ എന്ന വ്യാജേന നമ്മെ സമീപിക്കുകയും ആ ജീവിതം തന്നെ കുട്ടിച്ചോറാക്കി കൈയിൽ തരികയും ചെയ്യുന്ന പണക്കൊതിയന്മാരെ സൂക്ഷിക്കുക. നമ്മുടെ ചുറ്റിലും വെള്ളക്കുപ്പായമിട്ട് ദുഷ്ടലാക്കോടെ കറങ്ങുന്ന ഇത്തരക്കാരുടെ കെണിയിൽ പെട്ട് ഇടനിലക്കാരായ സാമൂഹ്യ പ്രവർത്തകർ ഉൾപ്പെടെ നാട്ടിൽ പോകാൻ പറ്റാത്ത രീതിയിൽ ഇരു കാലിലും ചങ്ങല മുറുകി കേഴുന്നുണ്ട്.
ഇത്തരത്തിൽ കുരുക്കിൽ പെട്ട് വർഷങ്ങളായി നാട്ടിൽ പോകാൻ പറ്റാതെ വന്ന ഒരാൾക്ക് ഗുരുതര രോഗവും പിടിപെട്ടതിനെ തുടർന്ന് ഗൾഫ് മലയാളി ഫെഡറേഷൻ എന്ന സംഘടന വിഷയത്തിൽ ഇടപെട്ടു. അപ്പോഴാണ് മലയാളികളായ ബ്ലേഡ് മാഫിയ സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇവരുടെ ഇടനിലക്കാരായ ചിലർ ഇവിടത്തെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യങ്ങളാണെന്നുമുള്ള സത്യം മനസ്സിലാവുന്നത്.
തട്ടിപ്പിനിരയായ 63 കാരന്റെ അവസ്ഥ അതിദയനീയമായിരുന്നു. പ്രായമേറി അവശനായിട്ടും നാടണയാൻ പറ്റാത്ത അവസ്ഥയിൽ. കേസ് കൊടുത്തിരിക്കുന്ന അറബിയുടെ വീട്ട് പടിക്കൽ ഈ വ്യക്തിയെ കൊണ്ടുപോയി കിടത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചകളിൽ മനസ്സിലാക്കാൻ കഴിഞ്ഞത് ഒരു മലയാളിയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം അറബിയുടെ കൈയിൽ നിന്ന് വാങ്ങിയാണ് തരുന്നതെന്ന വ്യാജേന ഈ വ്യക്തിക്ക് പല തവണ പണം പലിശയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും. നിർഭാഗ്യവശാൽ പണം വാങ്ങിയയാളുടെ ബിസിനസ് നഷ്ടത്തിലാവുകയും പൈസ തിരിച്ചു കൊടുക്കുവാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതോടെ പണം കൊടുത്ത മലയാളി, അറബി പണം ചോദിക്കുന്നു എന്നു പറഞ്ഞ് ഭീഷണി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്റെ പേരിൽ കോടതി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ഫോണിൽ മെസ്സേജ് വന്നു. താൻ കൊടുക്കാനുള്ളതിന്റെ നാലിരട്ടിയാണ് കോടതിയിൽ നഷ്ടപരിഹാരത്തിനായി കൊടുത്തിരുന്നത്. ഇതൊക്കെ തന്ത്രപരമായി ചെയ്തതും മലയാളി, കുരുക്കിൽ പെട്ടതും മലയാളി. സംഘടനയുടെ ഇടപെടലിനെ തുടർന്ന് ആ പ്രായം ചെന്ന മനുഷ്യന് നാട്ടിൽ പോകാൻ കഴിഞ്ഞു. റാഫി പാങ്ങോടിന്റെ നേതൃത്വത്തിലുള്ള ഗൾഫ് മലയാളി ഫെഡറേഷനാണ് ഇതിന് മുൻകൈയെടുത്തത്.
സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പലിശ, മദ്യം, മയക്കുമരുന്ന് പോലെയുള്ള മനുഷ്യനെ കാർന്നു തിന്നുന്ന, പടുകുഴിയിൽ പെടുത്തുന്ന, ദൈവത്തിന്റെ ശാപം കിട്ടിയ പ്രവൃത്തികൾ ചെയ്യാതിരിക്കുക. ഇവിടുത്തെ പലിശ സംഘങ്ങളിൽ വലിയ ശതമാനം മലയാളികളുടെ കൈ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇവിടെയുള്ള പല മാന്യ സാമൂഹ്യ പ്രവർത്തകർക്കും അറിയാം. എങ്കിലും അവരുടെ ചെയ്തികളെ പുറംലോകത്തെ അറിയിക്കാതെ വാമൂടി നടക്കുകയാണ്. കാരണം അവരുടെ കാലിലും ഇവരുടെ കുരുക്ക് വീണിട്ടുണ്ട്. കരുതലെടുക്കുക പ്രവാസ ലോകമേ.






