തിരുവനന്തപുരം- കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ വന്നത് സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാതെ. പൂര്‍ണമായും രാഷ്ട്രീയ നീക്കമായി മാറിയ വന്ദേഭാരത് സംസ്ഥാനത്തെ വകുപ്പ് മന്ത്രിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തി. ട്രെയിനെ സ്വീകരിക്കുന്നതിന് ബി.ജെ.പിക്കാര്‍ മാത്രം മതിയെന്ന് തീരുമാനിച്ചതുപോലെയായിരുന്നു സംഭവങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമുണ്ടായേക്കും. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിനു ലഭിക്കില്ലെന്ന പ്രചാരണത്തിനിയാണ് അപ്രതീക്ഷിതമായി ട്രെയിന്‍ ലഭിച്ചത്.
റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫിസില്‍ ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത അറിഞ്ഞതെന്നും ഔദ്യോഗിക അറിയിപ്പ് റെയില്‍വേയില്‍നിന്നും ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റെയില്‍വേ ജനറല്‍ മാനേജര്‍ കേരളത്തിലെത്തിയതിന്റെ അറിയിപ്പും മന്ത്രിയുടെ ഓഫിസില്‍ ലഭിച്ചില്ല.
കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു ശ്രമം നടക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണമില്ല. പ്രധാനമന്ത്രി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ പങ്കെടുത്തിരുന്നു. റെയില്‍വേയുടെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് മൂന്നു ദിവസം മുന്‍പാണ് വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടക്കം ബി.ജെ.പിയുടെ ചുരുക്കം ചില നേതാക്കള്‍ക്കേ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുള്ളൂ.