Sorry, you need to enable JavaScript to visit this website.

പ്രവാസി യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘം അമ്മയേയും തല്ലി

തിരുവനന്തപുരം- പോത്തന്‍കോട് ചാത്തന്‍പാട് മീനാറ പുത്തന്‍വീട്ടില്‍ ഷഹനാസിനെ (30) ആക്രമിച്ച അഞ്ചംഗ ഗുണ്ടാസംഘം അമ്മയേയും ആക്രമിച്ചതായി പരാതി. വിദേശത്തുനിന്ന് 4 മാസം മുന്‍പാണ് ഷഹനാസ് നാട്ടിലെത്തിയത്.
സംഭവത്തിന്റെ തലേദിവസം രാത്രി 11 മണിയോടെ 3 പേര്‍ ഷഹനാസിനെ തിരക്കി വീട്ടില്‍ വന്നിരുന്നു. വീസയുടെ കാര്യം ചോദിച്ചറിയാനെന്നാണ് പറഞ്ഞത്. ഈ സമയത്ത് ഷഹനാസ് വീട്ടിലുണ്ടായിരുന്നില്ല. അപ്പോഴേ അസ്വാഭാവികത തോന്നിയിരുന്നെന്നു ഷഹ്ബാനത്ത് പറഞ്ഞു. അടുത്ത ദിവസം  സുഹൃത്തിന്റെ കാറില്‍ സഹോദരി ഷിഫാനയെയും കൊണ്ട് ഷഹനാസ് ബാങ്കില്‍ പോയി മടങ്ങിയെത്തി. സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കാര്‍ കൊണ്ടിട്ട്  അവിടെ നില്‍ക്കുമ്പോള്‍ സമീപത്തെ കടയിലുണ്ടായിരുന്നു സംഘം.  തലേദിവസം വന്നവരെ സഹോദരി ഷിഫാന തിരിച്ചറിഞ്ഞു. ഇക്കാര്യം മാതാവിനോടു പറഞ്ഞു.
സംശയം തോന്നിയ ഷഹ്ബാനത്ത് മകന്‍ നില്‍ക്കുന്നിടത്തേക്കു ചെന്നു. ഈ സമയം സംഘത്തില്‍ ഒരാളെത്തി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ ഷഹനാസിനെ ഇടറോഡിലേക്ക് വിളിച്ചു കൊണ്ടുപോയി. അസഭ്യം പറഞ്ഞുകൊണ്ട് സംഘത്തിലെ ഒരാള്‍ പിറകില്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഇരുമ്പു പാര വലിച്ചെടുത്ത് അടിക്കാന്‍ തുടങ്ങി. 'നീ പടക്കം പൊട്ടിക്കുമോടാ' എന്നു ചോദിച്ചു കൊണ്ട് അടുത്തയാള്‍ കമ്പിവടി കൊണ്ടും അടിക്കാന്‍ തുടങ്ങി.  സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ഷഹനാസിനെ അവിടെ വന്നും മര്‍ദിച്ചു. ആള്‍ക്കാര്‍ വരുന്നതു കണ്ട് അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
'അവര്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. കയ്യില്‍ ഇരുമ്പു പാരയും കമ്പി വടിയും. എന്തിനാണ് മകനെ അടിക്കുന്നതെന്ന് തൊഴുതു കൊണ്ടു ചോദിച്ചു. കാരണം പറയാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ അവര്‍ തലങ്ങും വിലങ്ങും അടിച്ചു. തടയുന്നതിനിടെ ഒരടി എനിക്കും കിട്ടി.' ഷഹനാസിന്റെ മാതാവ് ഷഹ്ബാനത്ത് പറയുന്നു.
ഷഹനാസ് നല്‍കിയ പരാതിയില്‍  കേസെടുത്ത പോത്തന്‍കോട് പൊലീസ്  മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളില്‍ രണ്ടു പേരെ പിടികൂടി. ഒന്നാം പ്രതി വെള്ളാഞ്ചിറ അംനാ മന്‍സിലില്‍  സജാദ് (44) , മൂന്നാനക്കുഴി ചുമടുതാങ്ങി പാലുവള്ളി തടത്തരികത്തുവീട്ടില്‍ രഞ്ജിത്ത് (3 ) എന്നിവരാണ് പിടിയിലായത്. ഇനി 3 പേരെക്കൂടി കിട്ടാനുണ്ട്.  

 

Latest News