Sorry, you need to enable JavaScript to visit this website.

പെരുന്നാളും വിഷുവും ഒരുമിച്ചെത്തി, ബാങ്കുകളില്‍  ചില്ലറ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ആവശ്യക്കാരേറി 

കോഴിക്കോട്- ആഘോഷങ്ങള്‍ ഒരുമിച്ചെത്തിയതിന്റെ ത്രില്ലിലാണ് മലയാളി സമൂഹം. ഈസ്റ്ററും വിഷുവും ചെറിയ പെരുന്നാളും വരിവരിയായെത്തിയപ്പോള്‍ വ്യാപാര സമൂഹത്തിന്റെ മനം നിറഞ്ഞു. ബിസിനസ് തീരെ പോക്കാണെന്ന പഴയ പല്ലവി ആരും പറയില്ല. എല്ലായിടത്തും വന്‍ ജനത്തിരക്കാണ്. രാത്രി കടയടച്ച് കലക്ഷന്‍ എണ്ണി തിട്ടപ്പെടുത്താന്‍ പ്രയാസപ്പെടുകയാണ് പലരും. കോഴിക്കോട് ബീച്ചിലേയും ബൈപാസിലേയും ഹൈ എന്‍ഡ് ഭോജനശാലകളിലും പതിവില്ലാത്ത തിരക്കാണ്. കോര്‍പറേഷന്‍ ഓഫീസ് പരിസരം, സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരം, സൗത്ത് ബീച്ചില്‍ കോതിപ്പാലം മുതല്‍ കാമ്പുറം വരെ പ്രദേശങ്ങളിലെല്ലാം നോണ്‍ വെജ് ഹോട്ടലുകളുടെ ഘോഷയാത്രയാണ്. നോമ്പു തുറക്കുന്ന നേരമായാല്‍ ദൂരദിക്കുകളില്‍ നിന്ന് പോലും ജനം പ്രവഹിക്കുന്നു. റേറ്റൊന്നും ആര്‍ക്കും വിഷയമല്ല. വെറൈറ്റി രൂചിച്ചറിയാന്‍ സംഘങ്ങളാണെത്തുന്നത്. നഗരത്തിന്റെ പഴയ ഭാഗത്തെ ഒരു ഹോട്ടലുകാരന്‍ ഇഫ്താറിന് ആളൊന്നിന് 777 രൂപ ഈടാക്കുന്നു. മോഡി-പിണറായി നികുതികള്‍ കൂടിയാവുമ്പോള്‍ ഒരാളുടെ ഭക്ഷണത്തിന് ഒരു വലിയ നോട്ട് തന്നെ വേണ്ടി വരും. ജിദ്ദയിലെ ഹൈദരാബാദ് പ്രവാസി മുമ്പ് പറഞ്ഞത് പോലെ ഇത് റംസാനല്ലേ, ചെലവൊക്കെ എന്ത് നോക്കാന്‍ എന്ന മൂഡിലാണ് ജനം. വസ്ത്രാലയങ്ങളില്‍ പാതിരാ കഴിഞ്ഞും കച്ചവടം തുടരുന്നു. 
രസകരമായ മറ്റൊരു വസ്തുത മിക്ക ബാങ്കുകളുടേയും ശാഖകളില്‍ കുറച്ചു ദിവസമായി നല്ല തിരക്കാണ്. ഏപ്രില്‍ ആദ്യ വാരം തുടങ്ങിയ തിരക്ക് ഇപ്പോള്‍ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു. എടിഎമ്മുകള്‍ വ്യാപകമായ ശേഷം ഇത്രയും തിരക്ക് കാണുന്നത് ഇതാദ്യമായാണെന്ന് പ്രമുഖ ദേശസാല്‍കൃത ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടന്റ് പറഞ്ഞു. ബാങ്കിംഗ് ട്രാന്‍സാക്ഷനെന്നതിലുപരി ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് ജനം ബാങ്കുകളിലെത്തുന്നത്. പെരുന്നാളിന് സക്കാത്ത് കൊടുക്കാനും വിഷുക്കൈനീട്ടം വിതരണം ചെയ്യാനും പുതുമണം മാറാത്ത നോട്ടുകള്‍ എല്ലാവര്‍ക്കും വേണം. നഗരത്തിലെ ബാങ്കുകളുടെയെല്ലാം എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ചെന്നാല്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രമേ കിട്ടൂ. ഭാഗ്യമുണ്ടെങ്കില്‍ മാനാഞ്ചിറയില്‍ സ്‌റ്റേറ്റ് ബാങ്ക് മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്നുള്ള എടിഎമ്മില്‍ നിന്നോ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ റോബിന്‍സന്‍ റോഡ് എടിഎമ്മില്‍ നിന്നോ നൂറും ഇരുനൂറും ലഭിച്ചെന്ന് വരാം. സക്കാത്ത് കൊടുക്കാന്‍ ഇരുനൂറ്, നൂറ്, അമ്പത് ഡിനോമിനേഷനിലെ പുതിയ നോട്ടുകള്‍ തേടിയാണ് പലരുമെത്തുന്നത്. ശിവകാശിയില്‍ അച്ചടിച്ച പോസ്റ്റര്‍ പോലെ തോന്നിക്കുന്ന ഇരുനൂറും അമ്പതും നോട്ടുകള്‍ ബാങ്കുകളില്‍ പോലും മുഷിഞ്ഞതാണുള്ളത്. നൂറിന്റെ നാണയം തരട്ടെയെന്ന് ഇടപാടുകാരോട് കാഷ്യര്‍ ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു. വിഷു ക്കൈനീട്ടം കൊടുക്കാന്‍ പലര്‍ക്കും വേണ്ടത് നൂറിന്റെ നാണയവും ഒരു രൂപ നോട്ടുമായിരുന്നു. കോവിഡ് കാലത്ത് മങ്ങലേറ്റ ആഘോഷങ്ങള്‍ തിളക്കത്തോടെ തിരിച്ചെത്തിയ ആഹ്ലാദത്തിലാണ് എല്ലാവരും. 

Latest News