തിരുവനന്തപുരം- കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ദിവസം ഒരു സര്‍വീസാണ് നടത്തുക. രാവിലെ ജനശതാബ്ദിയുടെ സമയമാണ് ഇതിനായി പരിഗണിക്കുന്നതെന്ന് അറിയുന്നു. കണ്ണൂര്‍ വരെ അഞ്ചോ, ആറോ സ്‌റ്റോപ്പുകളാണ് ഉണ്ടാകുക. ഇരട്ടപ്പാതയുള്ളതിനാല്‍ കോട്ടയം വഴിയാകും സര്‍വീസ്. കൊച്ചുവേളിയില്‍ ഇതിനായി രണ്ട് പിറ്റ് ലൈനുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയായി.
ഉയര്‍ന്ന വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗമായ മണിക്കൂറില്‍ 110 കിലോമീറ്ററില്‍ സര്‍വീസ് നടത്താന്‍ ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുകയാണ്. വന്ദേ ഭാരതിന് വഴിയൊരുക്കാന്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്‌സ്പ്രസ്, കണ്ണൂര്‍ ഭാഗത്തേക്കുള്ള ജനശതാബ്ദി എന്നിവയുടെ റൂട്ട് പരിമിതപ്പെടുത്തി. മാവേലി കൊച്ചുവേളി വരെയും ജനശതാബ്ദി ഷൊര്‍ണ്ണൂര്‍ വരെയും സര്‍വീസ് നടത്തും. നാല് വന്ദേഭാരത് ട്രെയിനുകളാണ് പുതുതായി തുടങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തിലാണ്.